ലാഹോർ: സമാധാനത്തിനുളള നൊബേല്‍ പുരസ്കാരത്തിന് താന്‍ അര്‍ഹനല്ലെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇമ്രാൻ ഖാന്​ സമാധാനത്തിനുള്ള ​നൊബേൽ സമ്മാനം നൽകണമെന്ന്​ ആവശ്യപ്പെട്ട് പാക് അസംബ്ലിയില്‍ കഴിഞ്ഞ ദിവസം പ്രമേയം അവതരിപ്പിച്ചിരുന്നു. ഇന്ത്യൻ വ്യോമസേന വിങ്​ കമാൻഡർ അഭിനന്ദൻ വർധമാനെ വിട്ടയക്കാനുള്ള തീരുമാനമെടുത്തത്​ പരിഗണിച്ചായിരുന്നു​ പുരസ്​കാരം നൽകണമെന്ന​ ആവശ്യം ഉയര്‍ന്നത്.

പാക്​ മന്ത്രിയായ ഫവാദ്​ ചൗധരി ദേശീയ അസംബ്ലയിൽ ഇതുമായി ബന്ധപ്പെട്ട പ്രമേയം അവതരിപ്പിച്ചു. ഇതിന്​ പുറമേ ഇമ്രാന്‍ ഖാന്​ പുരസ്​കാരം നൽകണമെന്ന്​ ആവശ്യപ്പെട്ട്​ വ്യാപകമായ കാമ്പയിനും സോഷ്യല്‍മീഡിയയില്‍ നടന്നു. ഇമ്രാന്​ ​നൊബേൽ നൽകണമെന്ന്​ ആവശ്യപ്പെട്ട്​ 2,00,000 പേർ ഒപ്പിട്ട കത്തും തയ്യാറാക്കിയിട്ടുണ്ട്​.

എന്നാല്‍ സമാധാനത്തിനുളള നൊബേല്‍ തനിക്കല്ല ലഭിക്കേണ്ടതെന്ന് ഇമ്രാന് ട്വീറ്റ് ചെയ്തു. കശ്മീരിലെ പ്രശ്നം പരിഹരിക്കാന്‍ കഴിയുന്നവര്‍ക്കാണ് സമാധാനത്തിനുളള നൊബേല്‍ നല്‍കേണ്ടതെന്നും അദ്ദേഹം അറിയിച്ചു. ‘സമാധാനത്തിനുളള നൊബേല്‍ പുരസ്കാരത്തിന് ഞാന്‍ അര്‍ഹനല്ല. കശ്മീരിലെ ജനങ്ങളുടെ ഹിതം പോലെ കശ്മീര്‍ തര്‍ക്കം തീര്‍പ്പാക്കുന്നവര്‍ക്കാണ് അതിനുളള അര്‍ഹത. അവിടെ സമാധാനത്തിനും ജനങ്ങളുടെ വികസനത്തിനും വേണ്ടി വഴി ഒരുക്കുന്നവര്‍ക്കാണ് അതിനുളള അര്‍ഹത,’ ഇമ്രാന്‍ ഖാന്‍ ട്വീറ്റ് ചെയ്തു.

ഇന്ത്യ-പാക് ബന്ധം വഷളായിരുന്ന സാഹചര്യത്തില്‍ സമാധാനം തിരികെ സ്ഥാപിക്കുന്ന നടപടിയാണ് ഇമ്രാന്‍ ചെയ്തതെന്ന് വാദിച്ചായിരുന്നു അദ്ദേഹത്തിന് പുരസ്കാരം നല്‍കണമെന്ന ആവശ്യം ഉയര്‍ന്നത്. സൈനിക ദൗത്ത്യത്തിനിടെയാണ് പാക്കിസ്ഥാനില്‍ വെച്ച് അഭിനന്ദന്‍ പിടിയിലായത്. തുടര്‍ന്ന് അദ്ദേഹത്തെ ഇന്ത്യയ്ക്ക് കൈമാറുമെന്ന് ഇമ്രാന്‍ പ്രഖ്യാപിക്കുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook