ബംഗളൂരു: തമിഴ്നാട് മുഖ്യമന്ത്രി പദത്തില്‍ കണ്ണുംനട്ടിരുന്ന വികെ ശശികലയെ സുപ്രിംകോടതി അയച്ചത് ബംഗളൂരു പരപ്പന അഗ്രഹാര ജയിലിലേക്കാണ്. ബുധനാഴ്ച്ച ജയിലിലെത്തിയ ശശികല വരാന്‍ പോകുന്ന നാല് വര്‍ഷക്കാലത്തെ ജയില്‍ജീവിതമെന്ന യാഥര്‍ത്ഥ്യം ഇതുവരെയും സ്വീകരിക്കാന്‍ തയ്യാറായിട്ടില്ല.

ആവശ്യപ്പെട്ട എ ക്ലാസ് സൗകര്യങ്ങളും വീട്ടിൽ നിന്നുള്ള ഭക്ഷണവുമൊക്ക ശശികലയ്ക്ക് ജയില്‍ അധികൃതര്‍ നിഷേധിച്ചിരുന്നു. ആഢംഭര ജീവിതം നയിച്ചിരുന്ന ശശികല താൻ ഒരു സാദാ തടവുകാരിയല്ലെന്ന മട്ടിലാണ് ജയിലില്‍ പെരുമാറുന്നതെന്നാണ് റിപ്പോര്‍ട്ട്.
ജയിൽ വളപ്പിലെ യാത്രയ്ക്ക് പൊലീസ് ജീപ്പിൽ കയറാൻ പോലും ശശികല തയ്യാറാകുന്നില്ലെന്ന് എക്കണോമിക്സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു സാദാ തടവുകാരിയെപോലെ പൊലീസ് ജീപ്പിൽ കയറി സഞ്ചരിക്കാൻ തയാറല്ലെന്ന് അവർ ജയിൽ ഉദ്യോഗസ്ഥരോട് പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.

ജീപ്പിൽ കയറുന്നതിനുപകരം എത്രദൂരം വേണമെങ്കിലും നടക്കാമെന്ന നിലപാടിലാണ് ശശികലയെന്നാണ് വിവരം. ഞാൻ സെല്ലിൽ ഇരുന്നുകൊള്ളാം, അല്ലാതെ ഒരു സാധാാരണ ക്രിമിനലിനെപ്പോലെ ജയിലിലെ തുറന്ന വാഹനത്തിൽ ഇരിക്കാന്‍ കഴിയില്ലെന്നും ശശികല പറഞ്ഞു. തനിക്ക് വിഐപി പരിഗണന കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു ശശികല.

ഇത് നിഷേധിക്കപ്പെട്ടതോടെ അവര്‍ നിരാശരായെന്നും ജയില്‍ ഉദ്യോഗസ്ഥര്‍ പറയുന്നു. 2015ല്‍ ജയലളിതയ്ക്കൊപ്പം ജയിലില്‍ കഴിഞ്ഞപ്പോള്‍ ശശികലയ്ക്കും പ്രത്യേക പരിഗണന ലഭിച്ചിരുന്നു. എന്നാല്‍ വിഐപി പരിഗണന നല്‍കേണ്ടെന്ന് കോടതി വ്യക്തമാക്കിയ സാഹചര്യത്തില്‍ തങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ലെന്ന് ജയില്‍ അധികൃതര്‍ പറയുന്നു.

ജയിലിലുള്ള മറ്റ് മറ്റ് അന്തേവാസികളോടും മിണ്ടാൻ ശശികലയും ഒപ്പം താമസിക്കുന്ന സഹോദര ഭാര്യയായ ഇളവരശിയും തയ്യാറാകുന്നുമില്ല. തമഴ്നാട്ടിലെ രാഷ്ട്രീയ സാഹചര്യങ്ങളെ കുറിച്ച് പോലും ഇരുവരും ആരോടും തിരക്കിയിട്ടില്ല.
ശശികലയ്ക്ക് മൂന്ന് വെള്ള സാരികള്‍ നല്‍കിയിട്ടുണ്ടെങ്കിലും സാരിക്ക് ചേരുന്ന വെളുത്ത ബ്ലൗസ് ഇല്ലാത്തത് കാരണം അവര്‍ അത് ധരിച്ചിട്ടില്ല. ചെന്നൈയില്‍ നിന്നും ബംഗളൂരുവില്‍ നിന്നും നിരവധി പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും അവരെ സന്ദര്‍ശിക്കാന്‍ വന്നെങ്കിലും കാണാന്‍ ശശികല അനുമതി നല്‍കിയിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ