തമിഴ് സിനിമാ നിര്‍മാതാവ് ബി അശോക് കുമാറിന്റെ ആത്മഹത്യ കുറിപ്പ് പുറത്ത്. നടനും സംവിധായകനുമായ ശശികുമാറിന്റെ ബന്ധുവും സഹനിര്‍മ്മാതാവുമാണ് ബി അശോക് കുമാര്‍. ശശികുമാര്‍ സംവിധാനം ചെയ്ത ചില സിനിമകള്‍ നിര്‍മിച്ചിരിക്കുന്നത് അശോക് ആണ്.

പലിശക്കാരുടെ ശല്യത്തെ തുടര്‍ന്നാണ് താന്‍ ജീവനൊടുക്കുന്നതെന്ന് ബി അശോക് കുമാര്‍ ആത്മഹത്യ കുറിപ്പില്‍ വ്യക്തമാക്കുന്നു. ശശികുമാര്‍ ക്ഷമിക്കണമെന്നും തനിക്ക് ഇതല്ലാതെ മറ്റൊരു മാര്‍ഗമില്ലെന്നും അശോക് പറയുന്നു.

ആത്മഹത്യാ കുറിപ്പ്:

‘ഒരു മേധാവി എന്ന നിലയില്‍ ശശികുമാര്‍ എനിക്ക് ദൈവത്തെക്കാള്‍ വലിയവനാണ്. അദ്ദേഹം എനിക്ക് എല്ലാവിധ സ്വാതന്ത്ര്യവും അധികാരവും തന്നു. പക്ഷെ ഞാനീ സ്ഥാപനത്തെ കടക്കെണിയിലേക്ക് തള്ളിവിട്ടു. ശശികുമാര്‍ എല്ലാവര്‍ക്കും നല്ലതുമാത്രമേ ചെയ്തിട്ടുള്ളൂ. പക്ഷെ ആരും അദ്ദേഹത്തിനായി തിരിച്ചൊന്നും ചെയ്തില്ല. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഞങ്ങളുടെ പ്രൊഡക്ഷന്‍ കമ്പനി നിര്‍മ്മിച്ച ഒരു സിനിമ പോലും പുറത്തിറങ്ങാതിരുന്നിട്ടില്ല. ഞാന്‍ വലിയ ഒരു തെറ്റ് ചെയ്തു. പലിശക്കാരനായ അന്‍പ് ചെഴിയാന്റെ കയ്യില്‍ നിന്ന് ഏഴ് കൊല്ലങ്ങള്‍ക്ക് മുന്‍പ് പണം കടം വാങ്ങി. പക്ഷെ, കഴിഞ്ഞ ആറുമാസമായി വളരെ മോശംരീതിയിലാണ് അയാള്‍ ഞങ്ങളോട് പെരുമാറുന്നത്. എന്റെ കുടംബത്തിലെ സ്ത്രീകളെ തട്ടിക്കൊണ്ടുപോകുമെന്ന് അയാള്‍ ഭീഷണിപ്പെടുത്തി. ആരോട് ഞാന്‍ സഹായം ചോദിക്കും? അധികാരികളും സിനിമാ സംഘടനകളുടെ തലപ്പത്തുള്ളവരുമെല്ലാം അയാള്‍ക്കൊപ്പമാണ്. അയാളെ ഒന്നു തൊടാന്‍ പോലുമാകില്ല. അയാളെ ശിക്ഷിക്കുക എന്നത് ദൈവത്തിന്റെ ജോലിയല്ലേ?

എന്റെ ജീവനെക്കാള്‍ എനിക്ക് വലുതാണ് ശശി, നീ. നിന്നെ അയാള്‍ ഉപദ്രവിക്കുന്നത് കാണാനുള്ള ശക്തി എനിക്കില്ല. നിന്നെ രക്ഷിക്കാന്‍ കഴിയില്ല, അതുകൊണ്ട് ഞാന്‍ സ്വയം ഇല്ലാതാവുകയാണ്. എന്നെപ്പോലെ ഒരു ഭീരുവാകരുത് നീ. ശശി എന്നോട് ക്ഷമിക്കണം, കള്ളന്‍മാരുടെ ഇടയില്‍ നിന്നെ തനിച്ചാക്കി ഞാന്‍ പോകുന്നതിന്. എന്നെക്കുറിച്ച് ചിന്തിക്കരുത്. നീ നന്നായി കഷ്ടപ്പെട്ടിട്ടുണ്ട്. എന്നെ രക്ഷിക്കാത്ത ദൈവം നിന്നെയും നിന്റെ കുടുംബത്തെയും കാക്കട്ടെ.

ആരെങ്കിലും അന്‍പ് ചെഴിയാനോട് പറയണം, അയാള്‍ക്ക് അധികാരികളെയും സര്‍ക്കാരിനെയും അയാള്‍ക്ക് ബോധ്യപ്പെടുത്താന്‍ സാധിച്ചേക്കും, എന്നാല്‍ തനിച്ചിരിക്കുമ്പോള്‍ സ്വന്തം മനസ്സാക്ഷിയോടൊന്നു ചോദിക്കണം. ഈ കത്ത് പുറംലോകം കാണാതിരിക്കാന്‍ എന്തുചെയ്യണമെന്നും അയാള്‍ക്ക് നല്ല ധാരണയുണ്ടാകും. അയാള്‍ ജീവിക്കട്ടെ ഒരുപാട് കാലം, അയാള്‍ മാത്രം നന്നായി ജീവിക്കട്ടെ.’ അശോക് കുമാര്‍ എഴുതി.

ആദ്യമായല്ല സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണം ഒരു നിര്‍മ്മാതാവ് ആത്മഹത്യ ചെയ്യുന്നത്. സംവിധായകന്‍ മണിരത്‌നത്തിന്റെ സഹോദരനും നായകന്‍, ദളപതി എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാവുമായ ജി.വി എന്നു വിളിക്കുന്ന ജി. വെങ്കടേശ്വരനും 2003ല്‍ ആത്മഹത്യ ചെയ്തിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ