scorecardresearch

ഭീഷണി വേണ്ട, ഞാൻ ഇന്ദിര ഗാന്ധിയുടെ കൊച്ചുമകളാണ്: പ്രിയങ്ക ഗാന്ധി

ഒരു പൊതുപ്രവർത്തക നിലയിൽ, എന്റെ കടമ ഉത്തർപ്രദേശിലെ ജനങ്ങളോടാണ്. അവർക്കുവേണ്ടി പ്രവര്‍ത്തിക്കുകയും സത്യം അവര്‍ക്കുമുന്നില്‍ തുറന്നുകാട്ടുകയുമാണ് എന്റെ കര്‍ത്തവ്യം

priyanka gandhi, congress, ie malayalam

ന്യൂഡൽഹി: സത്യം വിളിച്ചു പറയുന്നതിന്റെ പേരിൽ ഉത്തർപ്രദേശ് സർക്കാർ തന്നെ വിവിധ വകുപ്പുകളിലൂടെ ഭീഷണിപ്പെടുത്തുന്നുവെന്ന് കോൺഗ്രസ് നേതാവും എഐസിസി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി. താൻ ഇന്ദിര ഗാന്ധിയുടെ കൊച്ചുമകൾ ആണെന്നും ചില നേതാക്കളെ പോലെ അപ്രഖ്യാപിത ബിജെപി വക്താവല്ലെന്നും പ്രിയങ്ക പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു പ്രിയങ്കയുടെ പ്രതികരണം.

Read More: കോവിഡ് രൂക്ഷമായ സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര സംഘം

പകർച്ചവ്യാധിയെ നേരിടുന്നതിനുപകരം യോഗി ആദിത്യനാഥ് സർക്കാർ പ്രചാരണത്തിൽ ഏർപ്പെടുന്നുവെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞിരുന്നു. ജില്ലയിൽ മരണസംഖ്യ കൂടുന്നുവെന്ന് പറഞ്ഞതിന് പിന്നാലെ പ്രസ്താവന പിൻവലിക്കണമെന്ന് ആഗ്ര ജില്ല ഭരണകൂടം പ്രിയങ്ക ഗാന്ധിയോട് ആവശ്യപ്പെട്ടു. ഇതേ തുടർന്നാണ് പ്രിയങ്കയുടെ ട്വീറ്റ്.

“ഒരു പൊതുപ്രവർത്തകയെന്ന നിലയിൽ, എന്റെ കടമ ഉത്തർപ്രദേശിലെ ജനങ്ങളോടാണ്. അവർക്കുവേണ്ടി പ്രവര്‍ത്തിക്കുകയും സത്യം അവര്‍ക്കുമുന്നില്‍ തുറന്നുകാട്ടുകയുമാണ് എന്റെ കര്‍ത്തവ്യം. അല്ലാതെ സര്‍ക്കാരിനുവേണ്ടി പ്രചാരണം നടത്തുകയല്ല. യുപി സർക്കാർ വിവിധ വകുപ്പുകളിലൂടെ എന്നെ ഭീഷണിപ്പെടുത്തി സമയം പാഴാക്കുകയാണ്,” പ്രിയങ്ക ഗാന്ധി ഹിന്ദിയിൽ ട്വീറ്റ് ചെയ്തു.

“അവർക്ക് എന്ത് നടപടിയും സ്വീകരിക്കാം, ഞാൻ സത്യം മുന്നോട്ടു വയ്ക്കുക തന്നെ ചെയ്യും. ഞാൻ ഇന്ദിര ഗാന്ധിയുടെ ചെറുമകളാണ്, ചില പ്രതിപക്ഷ നേതാക്കളെപ്പോലെ അപ്രഖ്യാപിത ബിജെപി വക്താവല്ല,” പ്രിയങ്ക ഗാന്ധി പറഞ്ഞു.

ആഗ്രയിലെ “ഉയർന്ന” കോവിഡ് -19 മരണ നിരക്കിനെക്കുറിച്ചും സംസ്ഥാന സർക്കാർ മഹാമാരി കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങളെക്കുറിച്ചും പറഞ്ഞുകൊണ്ട് ഈ ആഴ്ച പ്രിയങ്ക ഗാന്ധി ഉത്തർപ്രദേശ് സർക്കാരിനെതിരെ കടന്നാക്രമണം നടത്തിയിരുന്നു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: I am indira gandhis granddaughter priyanka gandhi dares up govt