ന്യൂഡല്‍ഹി: താന്‍ രാഷ്ട്രീയത്തിലെ മൗഗ്ലിയാണെന് കേന്ദ്ര മന്ത്രി ഉമാ ഭാരതി. ഇന്ത്യന്‍ എക്‌സ്പ്രസ്സിന് നല്‍കിയ അഭിമുഖത്തിലാണ് കുടിവെള്ളത്തിന്‍റെയും ജനാരോഗ്യ സംരക്ഷണത്തിന്‍റെയും ചുമതല വഹിക്കുന്ന ഉമാ ഭാരതിയുടെ താരതമ്യം.
“എന്നെ ആരുമായാണ് താരതമ്യം ചെയ്യാന്‍ പറ്റുക എന്ന് ഞാന്‍ ആലോചിക്കുകയായിരുന്നു. അപ്പോഴാണ് എനിക്ക് മൗഗ്ലിയെ ഓര്‍മ വന്നത്. മൗഗ്ലി കാട്ടിലാണ് ജീവിച്ചത്. നല്ലവനായ അവന് വേണ്ടത്ര സാമര്‍ത്ഥ്യവുമുണ്ടായിരുന്നു. പരിതസ്ഥിതിയുമായി നല്ല സൗഹൃദമുണ്ടായിരുന്ന അവന്‍ ആരെയും ശത്രുവായി കാണുകയും ചെയ്തില്ല. അത്തരമൊരു സാഹചര്യത്തിലാണ് അവന് മനുഷ്യരുടെ ലോകത്തേക്ക് വരേണ്ടി വന്നത്. മനുഷ്യരുടെ ലോകത്തെത്തിയപ്പോഴേക്കും ചുറ്റുമുള്ളവര്‍ക്കൊന്നും അവനെ ഉള്‍ക്കൊള്ളാന്‍ സാധിച്ചില്ല. മുന്‍പ് ഞാന്‍ മൗഗ്ലിയുമായി സ്വയം താരതമ്യപ്പെടുത്തിയപ്പോള്‍ പലരും അതിനെ മനസ്സിലാക്കിയത് ” ബിജെപി എന്ന കാടിനുള്ളിലെ മൗഗ്ലിയാണ് ഞാന്‍” എന്ന അര്‍ത്ഥത്തിലാണ്. ഞാനതല്ല ഉദ്ദേശിച്ചത്. കാട്ടില്‍ നിന്നും വന്നിട്ട് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച ആളാണ് എന്നാണ് ഞാന്‍ അര്‍ത്ഥമാക്കുന്നത്. മൗഗ്ലിയെ നോക്കൂ, അവന്‍ പ്രകൃതിയുമായി അടുത്തുനില്‍ക്കുന്നവാനാണ്, ഉന്മേഷവാനാണ്, നിഷ്കളങ്കനാണ്, അനുഭവക്കുറവുമുണ്ട്. അവന് കച്ചവടത്തിന്‍റെ തന്ത്രങ്ങള്‍ ഒന്നും അറിയില്ല. ഞാനും മൗഗ്ലിയും തമ്മിൽ ഒരുപാട് സാമ്യമുണ്ട്. മൗഗ്ലി രാഷ്ട്രീയത്തില്‍ പ്രവേശിച്ചെങ്കില്‍ എന്താണോ ചെയ്യുക അത് തന്നെയാണ് ഞാനും ചെയ്തുകൊണ്ടിരിക്കുന്നത് എന്നാണ് ഞാന്‍ പറഞ്ഞത്.” കേന്ദ്രമന്ത്രി വിശദീകരിച്ചു.
താന്‍ രാഷ്ട്രീയത്തില്‍ പൂര്‍ണ തൃപ്തയല്ലെന്ന് പറഞ്ഞ മുതിര്‍ന്ന ബിജെപി നേതാവ് അയോധ്യയിലെ തര്‍ക്കഭൂമിയെ കുറിച്ചും സംസാരിച്ചു.
“അയോധ്യ കേസില്‍ എനിക്ക് തെറ്റുപറ്റിയതായി ഇതുവരെ തോന്നിയിട്ടില്ല. കോടതിയിലുള്ള കാര്യമാണ് എന്നതിനാല്‍ ഞാന്‍ അതിനെകുറിച്ച് അധികം സംസാരിക്കുന്നില്ല. അയോധ്യയെകുറിച്ച് രണ്ട് തര്‍ക്കങ്ങളാണുള്ളത്. ഒന്ന് അത് ശ്രീരാമന്‍റെ ജന്മസ്ഥലം ആണോ അല്ലയോ എന്നാണ്. അതിപ്പോള്‍ തെളിഞ്ഞു കഴിഞ്ഞു. അതാരുടെ ഭൂമിയാണെന്നതാണ് അടുത്ത ചോദ്യം. ഞങ്ങള്‍ രാമന്‍റെ ജന്മസ്ഥലത്തിന് വേണ്ടിയാണ് പോരാടിയത്… കോടതി ഞങ്ങള്‍ തെറ്റുകാര്‍ ആണെന്ന് കണ്ടെത്തിയാല്‍ ഞങ്ങളത് അംഗീകരിക്കും. പക്ഷെ എല്ലാം തീര്‍ന്നോ എന്ന് ചോദിച്ചാല്‍ ഇല്ല. ഇത്തരം കേസുകളില്‍ കോടതിക്ക് പുറത്ത് പ്രശ്നപരിഹാരം കാണുവാനും കോടതി അനുവദിക്കും. എന്തെങ്കിലും ഉരുത്തിരിഞ്ഞു വരുമെന്നത് തീര്‍ച്ചയാണ്. ” എല്‍.കെ.അഡ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി എന്നിവരടങ്ങുന്ന ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ക്കുമേല്‍ ചാര്‍ത്തിയ ഗൂഢാലോചന കേസിനെകുറിച്ച് ആരാഞ്ഞപ്പോള്‍ കേന്ദ്രമന്ത്രി പറഞ്ഞു.