ന്യൂഡല്‍ഹി: ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിനെതിരെ താന്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ ആവര്‍ത്തിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍. ഇലക്ട്രോണിക് യന്ത്രങ്ങളില്‍ കൃത്രിമം കാണിക്കാന്‍ കഴിയുമെന്ന ആരോപണം ആര്‍ക്കും നിഷേധിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.

താനൊരു ഐഐടി എഞ്ചിനീയറാണെന്നും ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തില്‍ ഇടപെടല്‍ നടത്താനുള്ള 10 വഴികള്‍ പറഞ്ഞു തരാമെന്നും കേജ്രിവാള്‍ എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. “പൂനെയില്‍ നിന്നും ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഒരു വോട്ട് പോലും കിട്ടാതെ പരാജയപ്പെട്ടു. എവിടെയാണ് തന്റെ വോട്ടുകള്‍ പോയതെന്ന് അദ്ദേഹം ചോദിച്ചപ്പോള്‍ എന്തുകൊണ്ട് ആരും വോട്ടിംങ് യന്ത്രത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്തില്ല. ഇതിന് മുമ്പില്‍ നമുക്ക് കണ്ണടച്ച് വെറുതെ ഇരിക്കാന്‍ കഴിയില്ലെന്നും” കേജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു.

രാജൗരിയിലെ ദയനീയ പരാജയത്തിന് കാരണം ബിജെപി തങ്ങളെ മാത്രം ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിന്റെ ഫലമാണെന്നും കേജ്രിവാള്‍ പറഞ്ഞു. “എഎപി പ്രവര്‍ത്തിക്കുന്നത് ജനങ്ങള്‍ക്ക് വേണ്ടിയാണ്. നഗരത്തിലെ അഴിമതി തുടച്ചുനീക്കാന്‍ മുന്നിട്ട് ഇറങ്ങിയത് കൊണ്ടാണ് എഎപിയുടെ എംഎല്‍എമാരേയും മന്ത്രിമാരേയും ബിജെപി ലക്ഷ്യം വെക്കുന്നതെന്നും” അദ്ദേഹം വ്യക്തമാക്കി.

ഇ​ല​ക്ട്രോ​ണി​ക് വോട്ടിങ് യന്ത്രങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്ത് രംഗത്തെത്തിയ രാഷ്ട്രീയ പാര്‍ട്ടികളുടെ വെല്ലുവിളി തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിച്ചിട്ടുണ്ട്. വോട്ടിങ് യന്ത്രങ്ങള്‍ പരിശോധിച്ച് ഹാക്ക് ചെയ്യാനോ കൃത്രിമത്വം കാണിക്കുവാനോ പറ്റുമെന്ന് തെളിയിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടു. മെയ് ആദ്യവാരം മുതല്‍ വിദഗ്ദരായ ആര്‍ക്ക് വേണമെങ്കിലും ഒരാഴ്ച്ചക്കാലമോ 10 ദിവസമോ പരിശോധന നടത്താമെന്ന് കമ്മീഷന്‍ അറിയിച്ചു.

ഡൽഹിയിലെ തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തായിരിക്കും വോട്ടിങ് യന്ത്രങ്ങൾ പരിശോധിക്കാൻ അവസരം നൽകുക. വോട്ടിങ് യന്ത്രങ്ങള്‍ മാറ്റി ബാലറ്റ് തിരിച്ചു കൊണ്ടു വരണമെന്ന വാദം ഉയരുന്നതിനിടെയാണ് കമ്മീഷന്റെ നടപടി.

പഞ്ചാബ് അസംബ്ലി തെരഞ്ഞെടുപ്പിലെ ഫലം വന്നതിന് പിന്നാലെ കേജ്രിവാളും വോട്ടിങ് യന്ത്രത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്തു. അടിസ്ഥാനരഹിതമായ ആരോപണമാണെന്നാണ് വിവാദങ്ങളോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതികരിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ