ഹൈദരാബാദ്: കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം രാഹുൽ ഗാന്ധി ഏറ്റെടുക്കുമോയെന്ന വർഷങ്ങൾ നീണ്ട ചോദ്യങ്ങൾക്കാണ് ഒടുവിൽ ഉത്തരമായത്. 132 വർഷം പിന്നിടുന്ന കോൺഗ്രസ് പാർട്ടിയുടെ അമരത്തെത്തുന്ന ഗാന്ധി കുടുംബത്തിലെ അഞ്ചാംതലമുറ നേതാവാണ് രാഹുൽ. എന്നാൽ, രാഹുലി​​​​​ന്റെ വ്യക്തി ജീവിതം പലപ്പോഴും ഒരു സമസ്യയാണ്. അതില്‍ അദ്ദേഹത്തിന്റെ വിവാഹത്തെ കുറിച്ചുളള ചോദ്യങ്ങള്‍ക്ക് അദ്ദേഹം ഒരിക്കലും വ്യക്തമായ ഒരു ഉത്തരവും നല്‍കിയിരുന്നില്ല. കോണ്‍ഗ്രസ് പിന്തുണക്കാര്‍ക്കും ആരാധകര്‍ക്കും എന്നും കൗതുകമായിരുന്നു അദ്ദേഹത്തിന്റെ വിവാഹത്തെ കുറിച്ചുളള വിവരങ്ങള്‍. പലപ്പോഴും അദ്ദേഹത്തിന്റെ വിവാഹത്തെ കുറിച്ച് പല പ്രചരണങ്ങളും നടന്നിരുന്നു.

എന്നാല്‍ എന്നാണ് വിവാഹമെന്ന ചോദ്യത്തിന് ഉത്തരം പറഞ്ഞിരിക്കുകയാണ് രാഹുല്‍ ഗാന്ധി. ഹൈദരാബാദില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു രാഹുല്‍ ഗാന്ധി. 2019ല്‍ ബിജെപിക്ക് 230 ലോക്സഭാ സീറ്റുകള്‍ പോലും ലഭിക്കില്ലെന്ന് രാഹുല്‍ പറഞ്ഞു. പ്രധാനമന്ത്രിയായി മോദി വീണ്ടും എത്തില്ലെന്നും അദ്ദേഹം പ്രവചിച്ചു. ബിജെപി എതിര്‍ചേരികളിലുളള പാര്‍ട്ടികളുമായി കൈകോര്‍ത്ത് തിരഞ്ഞെടുപ്പിനെ നേരിടുമെന്ന സൂചന അദ്ദേഹം നല്‍കി. തെലങ്കാനയില്‍ കോണ്‍ഗ്രസ് ഭരണത്തിലേറുമെന്നും രാഹുല്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

അതേസമയം 2014ലെ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയേറ്റ ആന്ധ്രയില്‍ പാര്‍ട്ടി നില മെച്ചപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. വിവാഹത്തെ കുറിച്ചുളള ചോദ്യത്തിന് താന്‍ നിലവില്‍ വിവാഹിതനാണ് എന്നാണ് രാഹുല്‍ പ്രതികരിച്ചത്. അതേസമയം താന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ ആണ് വിവാഹം ചെയ്തതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് അസഹിഷ്ണുത വര്‍ധിച്ചെന്നും ന്യൂനപക്ഷങ്ങളുടെ നില പരുങ്ങലിലാണെന്നും രാഹുല്‍ ആശങ്ക പ്രകടിപ്പിച്ചു.

‘രാജ്യത്തെ ന്യൂനപക്ഷങ്ങൾ സുരക്ഷിതരല്ലെന്ന ആശങ്കയുണ്ട്. കൂടാതെ കാര്‍ഷകരുടെ പ്രശ്നങ്ങളും അതേപടി തുടരുന്നുണ്ട്. പ്രതിവര്‍ഷം 2 കോടി തൊഴിലുകള്‍ നല്‍കുമെന്ന വാഗ്‌ദാനവും മോദി സര്‍ക്കാര്‍ നിറവേറ്റിയിട്ടില്ല. ചൈനയില്‍ 24 മണിക്കൂറിനുളളില്‍ 50,000 പേര്‍ക്കാണ് തൊഴില്‍ ഉറപ്പുവരുത്തുന്നത്. അതേസമയം ഇന്ത്യയില്‍ 458 പേര്‍ക്ക് മാത്രമാണ് ഈ സമയത്തിനുള്ളില്‍ തൊഴില്‍ ലഭിക്കുന്നത്’, രാഹുല്‍ കുറ്റപ്പെടുത്തി.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ