റൊമാനിയ: 20 വര്‍ഷക്കാലം തുര്‍ക്കിയില്‍ പാചകക്കാരനായി ജോലി ചെയ്ത കോണ്‍സ്റ്റാന്റിന്‍ റെല്യു എന്ന 63കാരന്‍ ഈ വര്‍ഷം ജനുവരിയിലാണ് സ്വന്തം നാടായ റൊമാനിയയിലേക്ക് തിരികെ എത്തിയത്. എന്നാല്‍ ഇദ്ദേഹം മരിച്ചതായാണ് ഔദ്യോഗിക രേഖകളില്‍ നിന്ന് മനസ്സിലാക്കാനാകുന്നതെന്ന് അധികൃതര്‍ ഇദ്ദേഹത്തെ അറിയിച്ചു. ഇദ്ദേഹത്തിന്റെ ഭാര്യ തന്നെയാണ് ഇപ്രകാരം റിപ്പോര്‍ട്ട് നല്‍കിയിരുന്നത്.
തുടര്‍ന്ന് താന്‍ മരിച്ചിട്ടില്ലെന്നും ജീവനോട് തന്നെ ഉണ്ടെന്നും തെളിയിക്കാനുളള പെടാപ്പാടിലാണ് അദ്ദേഹം. താന്‍ മരിച്ചിട്ടില്ലെന്ന് അറിയിച്ച് സത്യവാങ്മൂലം നല്‍കിയെങ്കിലും ‘ഏറെ വൈകിപ്പോയി’ എന്ന കാരണം പറഞ്ഞ് വാസ്ലൂയി കോടതി അദ്ദേഹത്തിന്റെ മരണ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാന്‍ കഴിയില്ലെന്ന് പ്രസ്താവിച്ചു. വിധി അന്തിമമാണെന്നും കോടതി അദ്ദേഹത്തെ അറിയിച്ചു. ‘ഞാന്‍ ഇപ്പോള്‍ ജീവിക്കുന്ന ഒരു പ്രേതമാണ്’ എന്നാണ് അദ്ദേഹം അസോസിയേറ്റഡ് പ്രസ്സിന് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കിയത്.
‘ഔദ്യോഗികമായി ഞാന്‍ മരിച്ചിട്ടാണുളളത്. എന്നാല്‍ ഞാന്‍ ജീവനോടെ തന്നെ ഇരിക്കുകയാണ്. മരിച്ചയാളാണ് എന്ന് പട്ടികയില്‍ ഉളളത് കൊണ്ട് തന്നെ എനിക്ക് ജോലി ലഭിക്കുന്നില്ല, വരുമാനം എങ്ങനെ ഉണ്ടാക്കുമെന്നും അറിയില്ല. ഞാന്‍ ഇപ്പോള്‍ പൊട്ടിക്കരഞ്ഞു പോകും’, അദ്ദേഹം പറഞ്ഞു. ഇദ്ദേഹത്തിന്റെ ഭാര്യ എന്തിനാണ് അദ്ദേഹത്തിനായി മരണ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയതെന്ന് വ്യക്തമല്ല. സംഭവത്തിന് ശേഷം ഇവര്‍ വിവാഹിതയായോ എന്നും സ്ഥിരീകരിച്ചിട്ടില്ല. ഇറ്റലിയിലാണ് അദ്ദേഹത്തിന്റെ ഭാര്യ ഇപ്പോള്‍ കഴിയുന്നത്.
1992ലാണ് അദ്ദേഹം തുര്‍ക്കിയിലേക്ക് ജോലിക്കായി പോയത്. 1995ല്‍ തിരികെ എത്തിയപ്പോള്‍ ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് അറിഞ്ഞു. തുടര്‍ന്ന് 1999ല്‍ അദ്ദേഹം തുര്‍ക്കിയിലേക്ക് തിരികെ പോയി. കഴിഞ്ഞ ഡിസംബറില്‍ രേഖകള്‍ ഇല്ലാത്തതിന്റെ പേരിലാണ് തുര്‍ക്കിഷ് അധികൃതര്‍ അദ്ദേഹത്തെ റൊമാനിയയിലേക്ക് നാടുകടത്തിയത്. എന്നാല്‍ റൊമാനിയയിലെ വിമാനത്താവളത്തില്‍ എത്തിയപ്പാഴാണ് താന്‍ മരിച്ചു പോയെന്ന സര്‍ട്ടിഫിക്കറ്റ് അദ്ദേഹം കാണുന്നത്.
തുടര്‍ന്ന് ഇദ്ദേഹത്തെ ചോദ്യം ചെയ്ത് പൊലീസിന് കൈമാറുകയായിരുന്നു. കേസില്‍ പുതിയ ഹര്‍ജി നല്‍കുമെന്നും എന്നാല്‍ പണം എങ്ങനെ കണ്ടെത്തുമെന്ന് അറിയില്ലെന്നും റെല്യു വ്യക്തമാക്കി.