scorecardresearch

Latest News

‘ഞാന്‍ ബ്ലാക്ക് ബെല്‍റ്റാണ്’; വെളിപ്പെടുത്തലുമായി രാഹുല്‍ ഗാന്ധി

കൂടാതെ ദിനവും മണിക്കൂറോളം വ്യായാമവും സൈക്ലിംഗ്, നീന്തല്‍ തുടങ്ങിയവയും ചെയ്യാറുണ്ടെന്നും രാഹുല്‍

ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ജാപ്പനീസ് ആയോധനകലയായ ‘ഐകിഡോ’യില്‍ ബ്ലാക്ക് ബെല്‍റ്റ് ആമ് താനെന്ന് വെളിപ്പെടുത്തി കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. എന്നാല്‍ താന്‍ ഇക്കാര്യം കൂടുതല്‍ പേരോട് പരസ്യമായി പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ന്യൂഡല്‍ഹിയില്‍ ഒരു ബിസിനസ് പുരസ്കാര ചടങ്ങില്‍ ഒളിമ്പിക് മെഡല്‍ ജേതാവ് വിജേന്ദര്‍ സിംഗിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മെയ്യ് നീക്കങ്ങളും കൈ-കാൽ പ്രയോഗങ്ങളും ആയുധപ്രയോഗങ്ങളും ചേർന്ന ഒരു അഭ്യാസ കലയാണ് ഇത്.

കൂടാതെ ദിനവും മണിക്കൂറോളം വ്യായാമവും സൈക്ലിംഗ്, നീന്തല്‍ തുടങ്ങിയവയും ചെയ്യാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇതിന്റെ വീഡിയോ അപ്ലോഡ് ചെയ്ത് എന്തുകൊണ്ട് മറ്റുളളവര്‍ക്ക് പ്രചോദനം നല്‍കിക്കൂടാ എന്ന് വിജേന്ദര്‍ ചോദിച്ചു. എങ്കില്‍ ഞാന്‍ അപ്ലോഡ് ചെയ്യാം എന്നായിരുന്നു ചിരിച്ചു കൊണ്ട് രാഹുലിന്റെ മറുപടി. വിവാഹത്തെ കുറിച്ചുളള വിജേന്ദര്‍ സിംഗിന്റെ ചോദ്യത്തിനും രാഹുലിന് ഉത്തരം പറയേണ്ടി വന്നു.

‘നടക്കുമ്പോള്‍ അത് നടക്കട്ടെ’ എന്നായിരുന്നു രാഹുലിന്റെ പ്രതികരണം. ‘ഞാന്‍ വിധിയില്‍ വിശ്വസിക്കുന്നു’ എന്നും രാഹുല്‍ പറഞ്ഞു. 47കാരനായ രാഹുല്‍ നിരവധി തവണ ഈ ചോദ്യത്തിന് പിടികൊടുക്കാതെ ഒഴിഞ്ഞുമാറിയിട്ടുണ്ട്. പിഎച്ച്ഡി ആനുവല്‍ അവാര്‍ഡ്സ് ഫോര്‍ എക്സെലന്‍സ് ചടങ്ങിനിടെ രണ്ട് ചോദ്യങ്ങളായിരുന്നു വിജേന്ദറിന് രാഹുലിനോട് ചോദിക്കാനുണ്ടായിരുന്നത്.

‘രാഹുല്‍ ജി എന്നാണ് വിവാഹം കഴിക്കുക എന്ന് ജനങ്ങള്‍ ചോദിക്കുന്നുണ്ട്,. എല്ലാവരും അതിന് വേണ്ടിയാണ് കാത്തിരിക്കുന്നത്. പ്രധാനമന്ത്രി ആയതിന് ശേഷമാണ് താങ്കള്‍ വിവാഹം കഴിക്കുന്നതെങ്കില്‍ അത് വ്യത്യസ്തവും ആയിരിക്കും’, ബോക്സറുടെ ഈ ചോദ്യത്തിന് രാഹുലിന്റെ ഉത്തരം ‘ഇതൊരു പഴയ ചോദ്യമാണ്’ എന്നായിരുന്നു. വിധി പോലെ നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: I am a black belt in aikido says rahul gandi