ആഗ്ര: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്ഥാപിച്ച തീവ്ര ഹിന്ദുത്വ സംഘടനയായ ഹിന്ദു യുവ വാഹിണി (എച്ച്‌വൈവി) നസറുദ്ദീന്‍ ഷായ്ക്ക് 50,000 രൂപയുടെ ചെക്ക് അയച്ചു നല്‍കി. ബുലന്ദ്ഷഹറില്‍ ആള്‍ക്കൂട്ടം നടത്തിയ അക്രമത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ട സംഭവത്തെ കുറിച്ച് സംസാരിച്ച ഷായ്ക്കെതിരെ ഹിന്ദു സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.

”ഷായ്ക്ക് പാക്കിസ്ഥാനിലേക്ക് പോവാനാണ് ഈ 50,000 രൂപ എന്നാണ് എച്ച്‌വൈവിയുടെ ലിഗഡ് യൂണിറ്റ് പ്രസിഡന്റ് ആദിത്യ പണ്ഡിറ്റ് പറഞ്ഞു. ‘പത്മശ്രീയും പദ്മഭൂഷണും നല്‍കി ആദരിക്കപ്പെട്ട രാജ്യത്ത് അദ്ദേഹത്തിന് അരക്ഷിതാവസ്ഥ തോന്നുന്നുണ്ടെങ്കില്‍ അത് നിര്‍ഭാഗ്യകരമാണ്. അത് കൊണ്ട് ഈ പണം ഉപയോഗിച്ച് ഷാ പാക്കിസ്ഥാനിലേക്ക് പോവട്ടെ,” ആദിത്യ പണ്ഡിറ്റ് പറഞ്ഞു.

കശ്മീരില്‍ നിരവധി ഹിന്ദുക്കള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും അന്നൊന്നും ഷാ പ്രതികരിച്ചിട്ടില്ലെന്നും ആദിത്യ പറഞ്ഞു. നസറുദ്ദീന്‍ ഷായുടെ പരാമര്‍ശത്തിനെതിരെ സംഘപരിവാര്‍ സംഘടനകളില്‍ നിന്നും നേതാക്കളില്‍ നിന്നും വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. നവനിര്‍മാണ്‍ സേന പ്രസിഡന്റ് അമിത് ജാനി ഷായെ വഞ്ചകനെന്നാണ് വിളിച്ചത്. കൂടാതെ അദ്ദേഹത്തിന് പാക്കിസ്ഥാനിലേക്കുള്ള ടിക്കറ്റും ബുക്ക് ചെയ്തിരുന്നു.

പാക്കിസ്ഥാന്റെ സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 14 ന് ഷായ്ക്ക് രാജ്യം വിട്ട് കറാച്ചിയിലേക്ക് പോകാനുള്ള ടിക്കറ്റാണ് നവനിര്‍മാണ്‍ സേന ബുക്ക് ചെയ്തിരിക്കുന്നത്. 14961 രൂപയുടെ ടിക്കറ്റാണ് ഷായ്ക്കായി ബുക്ക് ചെയ്തിരിക്കുന്നത്. ഇന്ത്യയില്‍ മനുഷ്യനേക്കാള്‍ വില പശുക്കള്‍ക്കാണെന്ന പരാമര്‍ശമായിരുന്നു ഷായെ വിവാദത്തില്‍ എത്തിച്ചത്.

‘നസറുദ്ദീന്‍ ഷായ്ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ പേടിയുണ്ടെങ്കില്‍ അദ്ദേഹത്തിന് പാക്കിസ്ഥാനില്‍ പോകാം. അതിനായി അദ്ദേഹത്തിന് വേണ്ടി ഓഗസ്റ്റ് 14 ന് കറാച്ചിയിലേക്കുള്ള ടിക്കറ്റ് ഉത്തര്‍പ്രദേശ് നവനിര്‍മാണ്‍ സേന ബുക്ക് ചെയ്തിട്ടുണ്ട്” അമിത് ജാനി പറഞ്ഞു. അദ്ദേഹത്തെ പോലെ, പേടിയുള്ളവര്‍ക്കെല്ലാം പോകാനുള്ള ടിക്കറ്റ് ഞങ്ങള്‍ ബുക്ക് ചെയ്തു തരും” എന്നും ജാനി പറഞ്ഞു.

അതേസമയം, രാജ്യത്ത് സംഭവിക്കുന്ന കാര്യങ്ങളില്‍ ആശങ്കയുള്ള ഒരു പൗരന്‍ എന്ന നിലയില്‍ മാത്രമായിരുന്നു തന്റെ പ്രതികരണമെന്നായിരുന്നു പരാമര്‍ശത്തെ കുറിച്ച്‌ കഴിഞ്ഞ ദിവസം ഷാ പറഞ്ഞത്. “ആശങ്കയുള്ള ഇന്ത്യനെന്ന നിലയിലാണ് ഞാനത് പറഞ്ഞത്. ഞാനത് മുൻപും പറഞ്ഞിട്ടുണ്ട്. വഞ്ചകനെന്ന് പറയാന്‍ മാത്രം ഞാനെന്താണ് പറഞ്ഞത്? വിചിത്രമായിരിക്കുന്നു ഇത്” എന്നായിരുന്നു ഷായുടെ പ്രതികരണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook