കാത്തിരിപ്പുകൾക്ക് വിരാമമിട്ട് ഹ്യുണ്ടായിയുടെ ആദ്യ ഇലക്ട്രിക് മോഡലായ കോന എസ്‌യുവി നാളെ ഔദ്യോഗികമായി ഇന്ത്യയിൽ പുറത്തിറക്കും. ഇതിന്റെ ഭാഗമായി കോനയുടെ ഇലക്ട്രിക് റേഞ്ച് വിവരങ്ങള്‍ ഹ്യുണ്ടായ് പുറത്തുവിട്ടു. വിദേശ രാജ്യങ്ങളില്‍ ഹ്യുണ്ടായിയുടെ പയറ്റിത്തെളിഞ്ഞ വൈദ്യുത എസ്‌യുവിയാണ് കോന. മഹീന്ദ്ര e2O, ഇവെരിറ്റൊ, ടാറ്റ ടിഗോര്‍ ഇവി കാറുകളെ മാത്രമേ രാജ്യം ഇതുവരെ കണ്ടിട്ടുള്ളൂ.
ARAI (ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ) സര്‍ട്ടിഫൈഡ് കണക്കുപ്രകാരം ഒറ്റചാര്‍ജില്‍ 452 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ കോനയ്ക്ക് കഴിയും. ചെറു വീഡിയോയിലൂടെയാണ് ഇന്ത്യന്‍ സ്‌പെക്ക് കോനയുടെ ഇലക്ട്രിക് റേഞ്ച് വിവരം ഹ്യുണ്ടായ് അറിയിച്ചത്.
Read More: ലോകത്ത് ആദ്യമായി കാറിന് പുറത്ത് എയര്‍ബാഗ്; പരീക്ഷണ കൂട്ടിയിടിയുടെ വീഡിയോ പുറത്ത്
വിദേശത്തു നിര്‍മ്മിച്ച ഘടകങ്ങള്‍ ചെന്നൈ ശാലയില്‍ വച്ച് സംയോജിപ്പിച്ചാണ് കോനയെ ഹ്യുണ്ടായ് വില്‍ക്കാന്‍ ഒരുങ്ങുന്നത്. ഇക്കാരണത്താല്‍തന്നെ കോനയ്ക്ക് ചെലവ് കുറയും. 39.2 kWh, 64 kWh എന്നീ രണ്ട് ലിഥിയം അയേണ്‍ ബാറ്ററി റേഞ്ചിലാണ് കോന ഇലക്ട്രിക് വിദേശ വിപണിയിലുള്ളത്. ഇതില്‍ 39.2 kWh കോനയില്‍ ഒറ്റചാര്‍ജില്‍ 312 കിലോമീറ്ററും 64 kWh കോനയില്‍ 482 കിലോമീറ്റര്‍ ദൂരവുമാണ് ഇലക്ട്രിക് മൈലേജ്. ബേസ് വേരിയന്റ് 9.2 സെക്കന്‍ഡില്‍ പൂജ്യത്തില്‍നിന്ന് നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കും. അതേസമയം, രണ്ടാമത്തെ മോഡല്‍ 7.6 സെക്കന്‍ഡിലാണ് നൂറ് കിലോമീറ്റര്‍ വേഗത്തിലെത്തുക.
സാധാരണ വൈദ്യുത കാറുകളില്‍ ഫ്യൂവല്‍ ലിഡിന്റെ സ്ഥാനത്താണ് ചാര്‍ജര്‍ കുത്താന്‍ ഇടം. പക്ഷെ കോനയില്‍ ഈ പതിവു തെറ്റും. വൈദ്യുത കാറായതുകൊണ്ട് റേഡിയേറ്റര്‍ ഗ്രില്ലിന്റെ ആവശ്യം കോനയ്ക്കില്ല. പകരം ഗ്രില്ലിന്റെ സ്ഥാനത്താണ് ചാര്‍ജിങ് പോര്‍ട്ട് ഉളളത്. മുന്‍ഭാഗത്ത് പ്രത്യേകം തയ്യാറാക്കിയ അറയ്ക്കുള്ളിലാണ് ചാര്‍ജിങ് പോര്‍ട്ട് ഒരുങ്ങുക. ഫാസ്റ്റ് ചാര്‍ജിങ് സംവിധാനമെങ്കില്‍ ഒരു മണിക്കൂറിനകംതന്നെ എണ്‍പതു ശതമാനം ചാര്‍ജ് വരിക്കാന്‍ ബാറ്ററി യൂണിറ്റ് പ്രാപ്തമാണ്.
ഒന്നിലധികം ഡ്രൈവിങ് മോഡുകള്‍ ഹ്യുണ്ടായ് കോനയിലുണ്ട്. ചാര്‍ജ് തീരെ കുറയുന്ന സാഹചര്യങ്ങള്‍ ലക്ഷ്യമിട്ടാണ് കോനയിലെ ഇക്കോ മോഡ്. ഊർജ വിതരണം പരിമിതപ്പെടുത്താന്‍ ഇക്കോ മോഡിന് കഴിയും. ഈ മോഡില്‍ എസ്‌യുവിയുടെ മികവ് ശരാശരിക്കും താഴെയൊയിരിക്കും. 25,30,000 രൂപ മുതലാണ് ഇന്ത്യയിലെ വില.