ഹൈദരാബാദ്: അന്ധവിശ്വാസത്തിന്റെ പേരിൽ മൂന്ന് മാസം പ്രായമുളള പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി ബലിയർപ്പിച്ച് ദമ്പതികൾ. ജനുവരി 31 ലെ സൂപ്പർ ബ്ലൂ ബ്ലഡ് മൂൺ ചാന്ദ്രഗ്രഹണ ദിനത്തിൽ മൂന്ന് മാസം പ്രായമുളള പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി നര ബലി നടത്തിയത്. താന്ത്രികന്റെ ഉപദേശപ്രകാരമാണ് കാർ ഡ്രൈവറായ കേരുകൊണ്ട രാജേശഖറും ഭാര്യ ശ്രീലതയും ഇത് ചെയ്തതെന്ന് പൊലീസ് പറയുന്നു. ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു.

ബോയഗുഡയിൽ യാചകരായ രക്ഷിതാക്കൾക്കൊപ്പം നടപ്പാതയിൽ ഉറങ്ങിക്കിടന്നിരുന്ന പെൺ കുഞ്ഞിനെ രാജേശഖർ തട്ടിക്കൊണ്ടുപോയതായണ് ആരോപണം. പ്രതാപസിംഗാരത്തിനടുത്തുളള മുസി നദിക്കരയിൽ കൊണ്ടുപോയാണ് തലയറുത്ത് കൊലപ്പെടുത്തയിതെന്നാണ് കേസ്. തലയില്ലാത്ത ഉടൽ നദിയിൽ ഉപേക്ഷിച്ചു. തല പോളിത്തീൻ ബാഗിലാക്കി വീട്ടിലേയ്ക്ക് കൊണ്ടുപോയി.

“ഭാര്യ സരിതയ്ക്കൊപ്പം രാജശേഖർ പുലർച്ചെ മുന്ന് മണിക്ക് “ക്ഷുദ്ര പൂജ” നടത്തി. ചില്ലുകങ്ങാറിലെ വീട്ടിലെ മുറിയിലാണ് ക്ഷുദ്രപൂജ നടത്തിയത്. അറുത്തെടുത്ത തല ബലിപീഠത്തിൽ വച്ചാണ് ഈ ക്ഷുദ്ര പൂജ അരങ്ങേറിയത്. ഈ ക്ഷുദ്രകർമ്മത്തിന് ശേഷം അറുത്തെടുത്ത തല വീടിന്റെ ടെറസിന്റെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് സൂക്ഷിച്ചു. ചന്ദ്രഗ്രഹണം കഴിഞ്ഞ് നാല് മണിയോടെ സൂര്യോദയ സമയത്താണ് ഇത് ചെയ്തത്. അതിന് ശേഷം സാധാരണ പോലെ രാജശേഖർ തന്റെ കാറുമായി മഥപൂരിലേയ്ക്ക് പോയി. എന്തെങ്കിലും തരത്തിലുളള സംശയം ഒഴിവാക്കാനായിരുന്നു ഇത്” പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

ഫെബ്രുവരി ഒന്നിന് രാജശേഖറിന്റെ ഭാര്യയുടെ അമ്മ തുണിയെടുക്കുന്നതിനായി ടെറസിന്റെ മുകളിൽ കയറിയപ്പോഴാണ് ഈ കൊലപാതക വിവരം പുറംലോകം അറിയുന്നത്. പൊലീസ് രാജശേഖറിനെ സംശയിച്ചുവെങ്കിലും ശത്രുക്കളുടെയോ അയൽവാസികളുടെ കൈകളാണ് ഇതിന് പിന്നിലെന്ന് രാജശേഖർ പൊലീസിനോട് പറഞ്ഞു.

പൊലീസ് ആ പ്രദേശവാസികളും അല്ലാത്തവരുമായ ഉപയോഗിച്ച 122 സിം കാർഡുകളിലെ കോൾ റെക്കോർഡ്സ് പൊലീസ് പരിശോധിച്ചു. ​ഈ സംഭവത്തിന് മുൻപും ശേഷവും ഉളള രേഖകളാണ് പരിശോധിച്ചത്. രാജശേഖർ പറഞ്ഞ പത്ത് പേരുടെ ഉൾപ്പടെ സംശയത്തിന്റെ നിഴലിലായ 45 പേരാണ് പൊലീസ് പരിശോധനയിൽ വന്നത്.

അന്വേഷണ സംഘം ഫെബ്രുവരി ഒമ്പതിന് രണ്ടാമതും രാജശേഖറിന്റെ ഒറ്റനില വീട് പരിശോധിച്ചപ്പോഴാണ് രണ്ടാമത്തെ സൂചന ലഭിച്ചത്. രാജശഖരിന്റെ കിടപ്പു മുറിയിലെ തറയിൽ രക്തകറയുടെ പാട് കണ്ടെത്തിയത്. ഫോറൻസിക് ലാബ് റിപ്പോർട്ട് പ്രകാരം ഈ കണ്ടെത്തിയ രക്തകറയും മുറിച്ച് മാറ്റപ്പെട്ട തലയിൽ രക്തവും തമ്മിലുളള സാമ്യം ഡി എൻ എ പരിശോധനയിൽ കണ്ടെത്തിയെന്ന് രചകൊണ്ട പൊലീസ് കമ്മീഷണർ എം എം ഭാഗവത് പറഞ്ഞു.

ഇതേ സമയം തന്നെ, പൊലീസ് രാജശേഖറിന്റെ കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തി. ആ മൊഴികളിൽ രാജശേഖർ അങ്ങേയറ്റം അന്ധവിശ്വാസിയാണെന്നും ദുർമന്ത്രവാദികളെയും ആഭിചാരക്രിയകൾ നടത്തുന്നവരെയും സന്ദർശിക്കാറുണ്ടെന്നും അവർ മൊഴി നൽകി. നാല് വർഷം മുമ്പ് ഭാര്യ ശ്രീലത രോഗബാധിതനായതിനെ തുടർന്ന് കടുത്ത സാമ്പത്തികഞെരുക്കത്തിലായതിനെ തുടർന്നാണ് ഇങ്ങനെ രാജശേഖർ പോയി തുടങ്ങിയതെന്നും മൊഴി ലഭിച്ചതായി പൊലീസ് പറയുന്നു.

രണ്ട് വർഷം മുമ്പ് ദന്പതികൾ മേഡാരത്തെ തദ്ദേശ ദൈവങ്ങളായ സാമ്മക്ക സരളാമ്മയുടെ ദർശനം തേടി പോയിരുന്നു. അവിടെ വച്ച് ദുർമന്ത്രവാദിയെ കണ്ടു. പ്രശ്നപരിഹാരത്തിനായി പെൺകുഞ്ഞിനെ നരബലി നൽകുകയെന്നത് ആ ദുർമന്ത്രവാദിയുടെ ഉപദേശമായിരുന്നു. വീണ്ടും മറ്റ് ചില ദുർമന്ത്രവാദികളെ കണ്ടിരുന്നുവെങ്ങ്കിലും അവരുടെ ഉപദേശങ്ങളും പരിഹാരമാർഗങ്ങളും രാജശേഖറിന് തൃപ്തി നൽകിയില്ല. അവസാനം രാജശേഖർ “നരബലി” അർപ്പിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഡി എൻ​ എ പരിശോധന ഫലവുമായി തെളിവുകളുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്തപ്പോൾ രാജശേഖർ കുറ്റസമ്മതം നടത്തി. താന്ത്രികന്റെ ഉപദേശപ്രകാരം ഭാര്യയുടെ ആരോഗ്യത്തിനായി ക്ഷുദ്രപൂജ നടത്തിയതായി സമ്മതിച്ചുവെന്ന് പൊലീസ് പറഞ്ഞു. ചന്ദ്ര, സൂര്യ പ്രകാശം 24 മണിക്കൂർ നേരം പെൺകുട്ടിയുടെ അറുത്തെടുത്ത തലയിൽ പതിക്കണമെന്ന മന്ത്രവാദിയുടെ ഉപദേശപ്രകാരമാണ് തല ടെറസിൽ സൂക്ഷിച്ചതെന്നും രാജശേഖർ വ്യക്തമാക്കിയതായി പൊലീസ് പറയുന്നു.

ചോദ്യം ചെയ്യലിനിടിയൽ രാജേശഖറിനെ കൃത്യം ചെയ്യാൻ​ താൻ പ്രോത്സാഹിപ്പിച്ചതായി ഭാര്യ ശ്രീലത മൊഴി നൽകിയെന്ന് പൊലീസ് പറഞ്ഞു. കുറ്റകൃത്യം നടത്താൻ ഉപയോഗിച്ച കത്തി, പാൽക്കുപ്പി, ദുർമന്ത്രവാദത്തിന് ഉപയോഗിക്കുന്ന വസ്തുക്കൾ എന്നിവ കാറിന്റെ സ്റ്റെപ്പിനിയിൽ നിന്നും കണ്ടെടുത്തു. ദമ്പതികളെ കോടതിയിൽ ഹാജരാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook