ഹൈദരാബാദ്: എംബിബിഎസ് പ്രവേശന പരീക്ഷയില്‍ തോറ്റ യുവതിയെ ഭര്‍ത്താവ് തീകൊളുത്തി കൊന്നുവെന്ന് ആരോപണം. ഹൈദരാബാദ് റോക്ക് ടൗൺ കോളനിയിലെ എല്‍ബി നഗറില്‍ ഞായറാഴ്ച രാത്രിയാണ് സംഭവമെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. നാഗോള്‍ സ്വദേശിയായ ഋഷി കുമാറിന്റെ ഭാര്യ ഹരികയാണ് (25) കൊല്ലപ്പെട്ടത്.

രണ്ട് വര്‍ഷത്തോളമായി റിഷി കുമാറിന്റെയും ഹരികയുടെയും വിവാഹം കഴിഞ്ഞിട്ട്. ഇതിനിടെ ഹരിക എംബിബിഎസ് പ്രവേശന പരീക്ഷ എഴുതിയെങ്കിലും സീറ്റ് ലഭിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്ന്‌ രണ്ട് പേരും തമ്മില്‍ മിക്ക ദിവസങ്ങളിലും വഴക്കുണ്ടാകുമായിരുന്നുവെന്ന് ഹരികയുടെ വീട്ടുകാർ പറഞ്ഞു. മാത്രമല്ല കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടും വഴക്കുണ്ടാക്കിയിരുന്നുവെന്ന് ഹരികയുടെ അമ്മയും പറയുന്നു. ഞായറാഴ്ച ഋഷി കുമാര്‍ തന്നെയാണ് ഹരിക ദേഹമാസകലം മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്‌തെന്ന് പെണ്‍കുട്ടിയുടെ അമ്മയെ അറിയിച്ചത്.

ഇത് ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്ന് തങ്ങള്‍ക്ക് ഉറപ്പുണ്ടെന്നുമാണ് ഇവര്‍ ആരോപിക്കുന്നത്. പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ ഋഷി കുമാറിനെയും മാതാപിതാക്കളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഹരികയെ കൊലപ്പെടുത്തിയതല്ലെന്നും സീറ്റ് ലഭിക്കാത്തതില്‍ മനം നൊന്ത് ആത്മഹത്യ ചെയ്തതാണെന്നുമാണ് ഋഷി കുമാറിന്റെ വിശദീകരണം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ