ഹൈദരാബാദ്: വിവാഹ അഭ്യർഥന നിരസിച്ച പെൺകുട്ടിയെ നടുറോഡിൽ യുവാവ് തീ കൊളുത്തി കൊന്നു. സെക്കന്തരാബാദിലാണ് സംഭവം. ഗുരുതരമായി പൊളളലേറ്റ പെൺകുട്ടി ആശുപത്രിയിൽവച്ചാണ് മരിച്ചത്.

സെക്കന്ദരാബാദിലെ ഒരു കമ്പനിയിൽ റിസപ്ഷനലിസ്റ്റ് ആയി ജോലി ചെയ്യുകയാണ് സന്ധ്യ റാണി. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെൺകുട്ടിയെ സായി കാർത്തിക് എന്ന യുവാവ് ബൈക്കിൽ പിന്തുടർന്നു. പെൺകുട്ടിയെ തടഞ്ഞുനിർത്തിയശേഷം തന്നെ വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ വക്കുതർക്കമുണ്ടായി. ഇതിനിടയിൽ ഷർട്ടിനുളളിൽ ഒളിപ്പിച്ചിരുന്ന പെട്രോൾ പെൺകുട്ടിക്കുനേരെ ഒഴിക്കുകയും തീ കൊളുത്തുകയും ചെയ്തു. അതിനുശേഷം യുവാവ് ബൈക്കിൽ കടന്നു കളയുകയും ചെയ്തതായി പൊലീസ് പറഞ്ഞു.

പെൺകുട്ടിയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് തീ അണച്ചത്. ശരീരത്തിൽ 60 ശതമാനത്തോളം പൊളളലേറ്റ പെൺകുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും ഇന്നു പുലർച്ചെ മരിച്ചു.

സന്ധ്യ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ കാർത്തിക് 2 വർഷത്തോളം ജോലി ചെയ്തിരുന്നു. ചില കാരണങ്ങളാൽ കാർത്തിക്കിന് ജോലി നഷ്ടപ്പെട്ടു. ഇതിനുശേഷം തന്നെ വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയെ കാർത്തിക് നിരന്തരം ശല്യം ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ