ഹൈദരാബാദ്: വിഡിയോ ഗെയിം വാങ്ങി നൽകാൻ പിതാവ് തയാറാകാത്തതിനാൽ എൻജിനീയറിങ് വിദ്യാർഥി ആത്മഹത്യ ചെയ്തു. വീടിന്റെ രണ്ടാംനിലയിൽനിന്നും ചാടിയാണ് എൻജിനീയറിങ് ഒന്നാം വർഷ വിദ്യാർഥിയായ ജി.അഭിനയ് (17) ആത്മഹത്യ ചെയ്തത്. ഹൈദരാബാദിൽ പണിത പുതിയ വീട്ടിലേക്ക് അടുത്തിടെയാണ് കുടുംബം താമസം മാറിയത്.

3000 രൂപ വില വരുന്ന വിഡിയോ ഗെയിം വാങ്ങി നൽകിയില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് പിതാവിനോട് അഭിനയ് ഭീഷണി മുഴക്കിയിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി വിഡിയോ ഗെയിം വാങ്ങിക്കാനായി പിതാവിനെ നിർബന്ധിക്കുന്നുണ്ടായിരുന്നെന്നും പൊലീസ് പറഞ്ഞു. വിഡിയോ ഗെയിം വാങ്ങിക്കൊടുത്താൽ അത് മകന്റെ പഠനത്തെ ബധിക്കുമെന്ന് ഭയന്നും ഗെയിമിന് മകൻ അടിമപ്പെടുമെന്നും കരുതി പിതാവ് അതിന് തയാറായില്ല. പുതിയ വീടിന്റെ നിർമാണത്തിനായി വൻ തുക ചെലവായെന്നും അതിനാൽ കുറച്ചുകൂടി കാത്തിരിക്കണമെന്ന് അമ്മയും അഭിനയ്‌യോട് പറഞ്ഞു. എന്നാൽ ഇന്നലെ ഇതിനെച്ചൊല്ലി അഭിനയ് മാതാപിതാക്കളുമായി വഴക്കിട്ടു. അതിനുശേഷം കൈ ഞരമ്പ് മുറിക്കാൻ ശ്രമിച്ചു. ഇതു പരാജയപ്പെട്ടതോടെ വീടിന്റെ രണ്ടാംനിലയിൽ ഓടിക്കയറിയതിനുശേഷം താഴേക്ക് ചാടുകയായിരുന്നു.

അതേസമയം, ആത്മഹത്യയ്ക്ക് മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോയെന്ന് അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ഒരു വിഡിയോ ഗെയിമിന്റെ പേരിൽ എൻജിനീയറിങ് വിദ്യാർഥി ആത്മഹത്യ ചെയ്യുമോ എന്ന സംശയമാണ് പൊലീസിനുളളതെന്നാണ് സൂചന.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ