ഹൈദരാബാദ്: തെലങ്കാനയില്‍ ‘ഏറ്റുമുട്ടല്‍ കൊല’ നടത്തിയ പൊലീസിന്റെ തലവന്‍ മുന്‍പും സമാനമായ രീതിയില്‍ പ്രതികളെ വധിച്ചതിനു നേതൃത്വം നൽകിയ ആള്‍. വി.സി. സജ്ജനാറാണു വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്തുകൊന്ന കേസിലെ  പ്രതികളെന്നു കരുതുന്ന നാലു പേരെ വെടിവച്ചുകൊന്ന സ്ഥലം ഉള്‍പ്പെടുന്ന സൈബരാബാദിലെ പൊലീസ് കമ്മിഷണര്‍. സജ്ജനാർ 2008ല്‍ വാറങ്കല്‍ ജില്ലാ പോലീസ് സൂപ്രണ്ടായിരുന്നപ്പോഴാണ് ആസിഡ് ആക്രമണത്തിലെ പ്രതികളായിരുന്ന മൂന്നു യുവാക്കള്‍ ‘ഏറ്റുമുട്ടലില്‍’ കൊല്ലപ്പെട്ടത്.

10 വര്‍ഷത്തിനിടെ തെലങ്കാനയിൽ മാവോയിസ്റ്റുകളുടേതല്ലാത്ത മൂന്നാമത്തെ ഏറ്റുമുട്ടല്‍ കൊലയാണ് ഇന്നു പുലര്‍ച്ചെ നടന്നത്. ഹൈദരാബാദില്‍നിന്നു 30 കിലോ മീറ്റര്‍ അകലെ ചട്ടപള്ളിയിലാണ് സംഭവം. ഡോക്ടറെ കൊലപ്പെടുത്തിയ രംഗങ്ങള്‍ പുനരാവിഷ്‌കരിക്കാന്‍ കൊണ്ടുവന്നപ്പോള്‍ കുറ്റാരോപിതർ തങ്ങളെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചെന്നും തുടര്‍ന്ന് വെടിവച്ചു കൊലപ്പെടുത്തിയെന്നുമാണു പൊലീസ് ഭാഷ്യം. ജനരോഷമുണ്ടാകുന്നതു കണക്കിലെടുത്താണു കുറ്റാരോപിതരെ പുലര്‍ച്ചെ തെളിവെടുപ്പിന് എത്തിച്ചതെന്നാണു പോലീസ് നല്‍കുന്ന വിശദീകരണം.

Read Also: ‘വെള്ളരിക്കാപ്പട്ടണമല്ല, ഇവിടെ ഭരണഘനയുണ്ട്’; തെലങ്കാനയിൽ സർക്കാരിനെതിരെ ബിജെപി

2008ലെ ഏറ്റുമുട്ടല്‍ കൊലയ്ക്കും കുറ്റാരോപിതർ തങ്ങളെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വെടിവച്ചുവെന്ന വിശദീകരണമാണു പൊലീസ് നല്‍കിയിരുന്നത്. പെണ്‍കുട്ടികള്‍ക്കു മേല്‍ ആസിഡ് ആക്രമണം നടത്തിയ എന്‍ജിനീയറിങ് വിദ്യാര്‍ഥികളായ മൂന്നുപേരാണ് അന്ന് കൊല്ലപ്പെട്ടത്.

ആക്രമണത്തിന് ഉപയോഗിച്ചിരുന്ന ബൈക്കും ആസിഡ് കുപ്പിയും സൂക്ഷിച്ചിരുന്ന സ്ഥലത്ത് കുറ്റാരോപിതരെ എത്തിച്ച് തെളിവെടുക്കുന്നതിനിടെയായിരുന്നു സംഭവമെന്നും സ്വയരക്ഷയ്ക്കുവേണ്ടിയാണു വെടിയുതിര്‍ത്തതെന്നുമാണ് അന്ന് പൊലീസ് പറഞ്ഞിരുന്നത്. തെളിവെടുപ്പിനിടെ കുറ്റാരോപിതർ പെട്ടെന്ന് നാടന്‍ തോക്ക് പുറത്തെടുക്കുകയും വെടിയുതിര്‍ക്കാന്‍ ശ്രമിക്കുകയും ഒരു പോലീസുകാരനു നേരെ ആസിഡ് ആക്രമണം നടത്തുകയും ചെയ്തുവെന്നായിരുന്നു പോലീസ് ഭാഷ്യം. അതേസമയം, യുവാക്കളെ പൊലീസ് കുറ്റാരോപിതരെ ആസൂത്രിതമായി വെടിവച്ചുകൊല്ലുകയായിരുവെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം.

Read Alos: ഹൈദരാബാദ് പൊലീസ് വെടിവയ്‌പ്പ്: ശക്തമായി എതിര്‍ത്ത് മനേക ഗാന്ധി

2015ലും തെലങ്കാനയില്‍ ഏറ്റുമുട്ടല്‍ കൊല നടന്നിരുന്നു. സിമി പ്രവര്‍ത്തകരെന്നു കരുതുന്ന അഞ്ചുപേരാണ് 2015 ഏപ്രില്‍ ഏഴിനു നടന്ന സംഭവത്തില്‍ കൊല്ലപ്പെട്ടത്. ഹൈദരാബാദില്‍നിന്നു 100 കിലോ മീറ്റര്‍ അകലെ നാല്‍ഗൊണ്ട-വാറങ്കല്‍ ജില്ലാ അതിര്‍ത്തിയിലെ പെമ്പുര്‍തി ഗ്രാമത്തിലായിരുന്നു സംഭവം.

ഹൈദരാബാദിലെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവരുന്നതിനിടെ പ്രതികള്‍ തങ്ങളെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണു പൊലീസ് പറഞ്ഞിരുന്നത്. ഇതിന് ഒരാഴ്ച മുന്‍പ് നാല്‍ഗൊണ്ട ജില്ലയില്‍ ഒരു ചെക്ക്‌പോസ്റ്റില്‍വച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച സിമി പ്രവര്‍ത്തകര്‍ നാലു പൊലീസുകാരെ വെടിവച്ചുകൊന്നിരുന്നു. ഇതിന്റെ പ്രതികാരമാണ് ഏഴ് സിമി പ്രവര്‍ത്തരെ വധിച്ച സംഭവമെന്നു പൗരാവകാശ പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook