ഹൈദരാബാദ്: രാജ്യത്താകമാനം സംഘപരിവാറിന്റെ നേതൃത്വത്തില്‍ ദലിതര്‍ക്കെതിരായി ആക്രമണങ്ങളും അവഹേളനങ്ങളും നടക്കുന്നതില്‍ പ്രതിഷേധിച്ച് ഒരു ക്ഷേത്രപൂജാരി. ദലിത് വിഭാഗത്തില്‍ പെട്ട ഒരു യുവാവിനെ ചുമലിലേറ്റി ക്ഷേത്രത്തില്‍ കൂടി നടക്കുകയും അദ്ദേഹത്തോടൊപ്പം ക്ഷേത്രത്തിലെ പൂജാ കര്‍മ്മങ്ങള്‍ ചെയ്തുമാണ് ക്ഷേത്രപൂജാരിയായ സി.എസ്.രംഗരാജന്‍ തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്.

ഹൈദരാബാദിലെ ചില്‍ക്കൂര്‍ ബാലാജി ക്ഷേത്രത്തിലാണ് പൂജാരിയായ സി.എസ്.രംഗരാജന്‍ ആണ് ആദിത്യ പരാശ്രീ എന്ന ദലിത് യുവാവിനെ തന്റെ ചുമലിലേറ്റി ക്ഷേത്രത്തില്‍ കൂടി നടന്നത്. അദ്ദേഹത്തിന്റെ പ്രവൃത്തിക്ക് സോഷ്യല്‍ മീഡിയയിലും മറ്റും വലിയ കൈയ്യടികളാണ്. ചിത്രങ്ങളും നവമാധ്യമങ്ങളില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്. ദലിതര്‍ക്കു നേരെയുള്ള അതിക്രമങ്ങളും അവഹേളനങ്ങളും അവസാനിപ്പിക്കുവാനും മനുഷ്യരെല്ലാം തുല്യരാണെന്ന സന്ദേശം എല്ലാവരിലും എത്തിക്കാനുമാണ് താന്‍ ഇതു ചെയ്തതെന്ന് രംഗരാജന്‍ പറഞ്ഞു.

താനും തന്റെ കുടുംബവും ദലിത് വിഭാഗത്തില്‍ നിന്നായതുകൊണ്ട് മെഹ്ബുബ്‌നഗറില്‍ തന്റെ വീടിനടുത്തുള്ള ഹനുമാന്‍ ക്ഷേത്രത്തില്‍ തനിക്കും കുടുംബാംഗങ്ങള്‍ക്കും പ്രവേശനമില്ലായിരുന്നുവെന്ന് ആദിത്യ പറയുന്നു. ഇപ്പോള്‍ തനിക്കു കിട്ടിയ ഈ നല്ല അനുഭവം ദലിതരായ എല്ലാവര്‍ക്കും എല്ലാ ക്ഷേത്രങ്ങളില്‍ നിന്നും ലഭിക്കട്ടെയെന്ന് താന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook