ഹൈദരാബാദ്: ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം തീ കൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വെടിവച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണം ആരംഭിച്ചു. നേരത്തെ സംഭവത്തിൽ സ്വമേധയാ കേസെടുത്ത മനുഷ്യാവകാശ കമ്മീഷൻ ഇന്ന് സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. വെടിവയ്പിൽ കൊല്ലപ്പെട്ട പ്രതികളുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ആശുപത്രിയിലും കമ്മീഷൻ അംഗങ്ങളെത്തി.
Also Read: രാജ്യം ഭരിക്കുന്നയാൾ അക്രമത്തിൽ വിശ്വസിക്കുന്നതിനാലാണ് ജനം നിയമം കയ്യിലെടുക്കുന്നത്: രാഹുൽ ഗാന്ധി
വിഷയത്തില്‍ തെലങ്കാന പൊലീസ് വേണ്ടവിധം ജാഗ്രത പുലര്‍ത്തിയില്ലെന്ന് കമ്മീഷന് നേരത്തെ പറഞ്ഞിരുന്നു. മനുഷ്യാവകാശ കമ്മീഷന് കീഴിലെ ഇൻവെസ്റ്റിഗേഷൻ ഡയറക്ടർ ജനറലാണ് വസ്തുതാ അന്വേഷണം നടത്തുന്നത്. ഡോക്ടറെ കൊലപ്പെടുത്തിയ സ്ഥലത്തും കമ്മീഷൻ തെളിവെടുപ്പ് നടത്തും.
Also Read: നീതി ഒരിക്കലും പ്രതികാരത്തിന്റെ രൂപമെടുക്കരുത്: സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
അതേസമയം, ഇത് വ്യാജ ഏറ്റുമുട്ടലാണെന്ന ആരോപണവും ശക്തമാണ്. പ്രതികളുടെ മൃതദേഹം സംസ്കരിക്കുന്നത് ഹൈക്കോടതി തടഞ്ഞു. തിങ്കളാഴ്ച രാത്രി എട്ട് വരെ നാല് പേരുടെയും മൃതദേഹം സംസ്കരിക്കരുതെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. പോസ്റ്റ്മോർട്ടം വീഡിയോയും ഹൈക്കോടതിക്ക് കൈമാറണം. പൊലീസ് വെടിവയ്പ് വ്യാജ ഏറ്റുമുട്ടലാണെന്ന് ചൂണ്ടിക്കാട്ടി തെലങ്കാന ഹൈക്കോടതിയിൽ ഒൻപത് ഹർജികളാണ് ഫയൽ ചെയ്തിട്ടുള്ളത്. പൊലീസ് വെടിവയ്പിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നാണ് ഹർജിക്കാരുടെ ആവശ്യം.
Also Read: ഉന്നാവ് പെൺകുട്ടിയുടെ കുടുംബത്തെ പ്രിയങ്ക ഗാന്ധി സന്ദർശിച്ചു
വെള്ളിയാഴ്ച പുലർച്ചെയാണ് പ്രതികളെ വെടിവച്ചു കൊലപ്പെടുത്തിയത്. കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് 20 നും 24 നും ഇടയിൽ പ്രായമുള്ള നാല് പ്രതികളെയും നവംബർ 29 ന് അറസ്റ്റ് ചെയ്യുകയും ശനിയാഴ്ച ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയും ചെയ്തിരുന്നു. ഇവരെ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോഴാണ് ഏറ്റുമുട്ടലുണ്ടായത്.
Also Read: ഉന്നാവ് കേസ് വിചാരണയ്ക്കായി അതിവേഗ കോടതി സ്ഥാപിക്കുമെന്ന് യോഗി ആദിത്യനാഥ്
പ്രതികൾ പൊലീസിന്റെ തോക്ക് തട്ടിയെടുത്ത് ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർത്തപ്പോഴാണ് പൊലീസ് തിരിച്ചടിച്ചതെന്നാണ് സൈബരാബാദ് പൊലീസിന്റെ വിശദീകരണം. പൊലീസിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ച് പ്രതികൾ കല്ലും വടിയും ഉപയോഗിച്ച് പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കാൻ തുടങ്ങി. ഉദ്യോഗസ്ഥരുടെ ആയുധങ്ങൾ തട്ടിയെടുത്ത ശേഷം മുന്നേട്ട് പോയ പ്രതികൾ പൊലീസിന് നേരെ വെടിയുതിർത്തു. രണ്ടു പൊലീസുകാർക്ക് പരുക്കേൽക്കുകയും ചെയ്തു. ഇതോടെയാണ് പൊലീസ് തിരിച്ചടിക്കാൻ ആരംഭിച്ചത്. ഇത്രയും നടന്നത് അഞ്ചു, പത്ത് മിനിറ്റുകൾക്കുള്ളിലാണെന്നും കമ്മീഷ്ണർ വ്യക്തമാക്കി.
പ്രതികളോടു കീഴടങ്ങാൻ നിർദേശിച്ചെങ്കിലും അവര്‍ അനുസരിക്കാൻ കൂട്ടാക്കിയില്ല. പൊലീസിനു നേരെ വെടിയുതിർക്കുന്നതു തുടർന്നു. അപ്പോഴാണു പ്രതികളെ എൻകൗണ്ടറിൽ വെടിവച്ചു കൊന്നത്. സംസ്ഥാനത്തിന് പുറത്തും സമാനമായ കുറ്റകൃത്യങ്ങൾ നടത്തിയിട്ടുള്ളവരാണ് ഇവരെന്ന് സംശയിക്കുന്നതായും പൊലീസ് കൂട്ടിച്ചേർത്തു.