ഹൈദരാബാദ്: ആഢംബര ഹോട്ടലിൽ താമസിച്ച് ബില്ലടയ്ക്കാതെ അതിഥി മുങ്ങിയതായി പരാതി. ഒന്നും രണ്ട് ദിവസമല്ല നൂറോളം ദിവസമാണ് ഇയാൾ ഹൈദരാബാദിലെ താജ് ബഞ്ചാര ഹോട്ടലിൽ താമസിച്ചത്. 12.34 ലക്ഷം രൂപയാണ് ഇയാൾ അടയ്ക്കാനുള്ളതെന്ന് ഹോട്ടൽ അധികൃതർ പരാതിയിൽ പറയുന്നു. ശങ്കർ നാരായാണ എന്നയാളാണ് പണം അടയ്ക്കാതെ മുങ്ങിയത്.
ഏപ്രിൽ നാലിന് ഹോട്ടലിലെത്തിയ ശങ്കർ നാരായാണ താനൊരു ബിസിനസുകരനാണെന്നും കുറച്ച് അധികദിവസം ഹോട്ടലിൽ ഒരു മുറി വേണമെന്നും ആവശ്യപ്പെടുകയായിരുന്നു. ഇതേതുടർന്ന് കുറഞ്ഞ വാടകയിൽ ഒരു മുറി ഹോട്ടൽ അധികൃതരും ഇദ്ദേഹത്തിന് നൽകി.
താമസം 102 ദിവസം പിന്നിട്ടപ്പോൾ ഹോട്ടൽ അധികൃതർ 25.96 ലക്ഷത്തിന്റെ ബിൽ ശങ്കർ നാരായാണയ്ക്ക് നൽകി. ഇതിൽ 13.62ലക്ഷം രൂപ വിവിധ സമയങ്ങളിൽ അടച്ച ഇദ്ദേഹം ബാക്കി പണം അടയ്ക്കാമെന്ന് ഉറപ്പ് നൽകി. എന്നാൽ ഹോട്ടൽ ജീവനക്കാർ പണം അടയ്ക്കണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെ ഹോട്ടൽ വിട്ട ഇയാൾ പിന്നീട് ഇതുവരെ മടങ്ങിയെത്തിയില്ല.
പലതവണ ഫോണിൽ ബന്ധപ്പെട്ടപ്പോഴും പണം അടയ്ക്കാമെന്ന് പറഞ്ഞിരുന്നെന്നും എന്നാൽ പിന്നീട് ഫോൺ സ്വിച്ച് ഓഫാണെന്നും ഹോട്ടൽ ജീവനക്കാർ പറഞ്ഞു. ഇയാൾക്കെതിരെ വഞ്ചനക്കുറ്റം ചുമത്തി ബഞ്ചാര ഹിൽസ് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.