ടി20 ലോകകപ്പിൽ പാകിസ്ഥാനോട് ഇന്ത്യ തോറ്റതിന് ശേഷം ക്രിക്കറ്റ് താരത്തിന്റെ ഒമ്പത് മാസം പ്രായമുള്ള മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്ന കേസിൽ ഹൈദരാബാദ് സ്വദേശിയെ മുംബൈ പോലീസ് കസ്റ്റഡിയിലെടുത്തു. പിഎച്ച്ഡി ചെയ്യുന്നതിനായി ജോലി ഉപേക്ഷിച്ച തെലങ്കാനയിൽ നിന്നുള്ള ഐടി എഞ്ചിനീയർ രാംനാഗേഷ് അലിബത്തിനിയാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞതായി ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
“സാങ്കേതിക തെളിവുകളുടെ അടിസ്ഥാനത്തിൽ ഹൈദരാബാദിൽ നിന്ന് ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഞങ്ങൾ അവനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കും. അതിനുശേഷം ഞങ്ങൾ അവന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തും. ക്രിക്കറ്റ് താരത്തിന്റെ മകൾക്ക് സോഷ്യൽ മീഡിയയിൽ ബലാത്സംഗ ഭീഷണി മുഴക്കിയതിനാണ് ഇയാളെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്,” ബാന്ദ്ര പൊലീസ് സ്റ്റേഷനിലെ പേര് വെളിപ്പെടുത്താത്ത പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354 (എ) (ലൈംഗിക പീഡനം), 506 (കുറ്റകരമായ ഭീഷണിപ്പെടുത്തൽ), 500 (മാനനഷ്ടം) എന്നീ വകുപ്പുകൾ പ്രകാരവും ഐടി നിയമത്തിലെ 67,67 (ബി) (കുട്ടികളെ ലൈംഗികമായി ചിത്രീകരിക്കുന്ന കാര്യങ്ങൾ പ്രസിദ്ധീകരിക്കുന്നതിനോ കൈമാറുന്നതിനോ ഉള്ള ശിക്ഷ) വകുപ്പുകൾ പ്രകാരവും ഇയാൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Also Read: കാര്‍ഷിക നിയമ പ്രതിസന്ധി: സിംഗു അതിര്‍ത്തിയില്‍ കര്‍ഷകന്‍ ജീവനൊടുക്കിയ നിലയില്‍
കഴിഞ്ഞ മാസം പാക്കിസ്ഥാനോട് 10 വിക്കറ്റ് തോൽവി ഏറ്റുവാങ്ങിയതിന് ശേഷം മറ്റൊരു ക്രിക്കറ്റ് താരത്തിനൊപ്പം ഈ താരവും ഓൺലൈൻ അധിക്ഷേപങ്ങൾ നേരിട്ടു. താരത്തിന്റെ മകൾക്ക് നേരെയുള്ള ബലാത്സംഗ ഭീഷണിയായിരുന്നു രാംനാഗേഷിന്റെ ട്വീറ്റുകളിലൊന്ന്. മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സംഭവത്തിൽ സ്വമേധയാ സ്വീകരിച്ച ഡൽഹി വനിതാ കമ്മീഷൻ, എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് പ്രതികളെ അറസ്റ്റ് ചെയ്യാൻ ന്യൂഡൽഹി പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. അതിനിടെ, പ്രതിയെ മുംബൈ പോലീസ് കണ്ടെത്തുകയായിരുന്നു.
ഒരു ക്രിക്കറ്റ് താരത്തിന്റെ മകൾക്ക് ട്വിറ്ററിൽ ബലാത്സംഗ ഭീഷണി ലഭിച്ച സംഭവത്തിൽ പോലീസിന് നോട്ടീസ് അയച്ചതായി ഡൽഹി വനിതാ കമ്മീഷൻ കഴിഞ്ഞയാഴ്ച ഒരു ട്വീറ്റിൽ വ്യക്തമാക്കിയിരുന്നു. സംഭവം ലജ്ജാകരമാണെന്നും പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും ഡിസിഡബ്ല്യു പ്രസിഡന്റ് സ്വാതി മലിവാൾ ട്വീറ്റ് ചെയ്തിരുന്നു.