ഹൈദരാബാദ്: തിരക്കേറിയ റോഡിൽ യാത്രക്കാർ നോക്കിനിൽക്കേ കൊലപാതകം. ഹൈദരാബാദിലെ രാജേന്ദ്ര നഗറിലെ തിരക്കേറിയ റോഡിൽവച്ചാണ് യുവാവിനെ കോടാലി ഉപയോഗിച്ച് വെട്ടിക്കൊന്നത്. യാത്രക്കാർ നോക്കിനിൽക്കെയായിരുന്നു കൊലപാതകമെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.

സംഭവത്തിന്റെ മൊബൈൽ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. യുവാവിനെ രണ്ടുപേർ ചേർന്ന് പിന്തുടരുന്നതും വെട്ടി വീഴ്ത്തുന്നതും ദൃശ്യങ്ങളിലുണ്ട്. യുവാവ് മരിച്ചുവെന്നു ഉറപ്പായി കഴിഞ്ഞപ്പോൾ രണ്ടുപേരിൽ ഒരാൾ കൈകൾ ഉയർത്തി വിജയ ചിഹ്നം കാട്ടിയശേഷം നടന്നുപോകുന്നതും വീഡിയോയിലുണ്ട്.

അതേസമയം, സംഭവം നടക്കുമ്പോൾ സൈബരാബാദ് പൊലീസ് വാഹനം അതുവഴി വന്നുവെങ്കിലും ജനക്കൂട്ടത്തെ കണ്ടിട്ടും നിർത്താതെ പോയെന്ന് കൊലപാതക സമയത്ത് അവിടെയുണ്ടായിരുന്നവർ പറഞ്ഞു. സംഭവത്തിൽ രണ്ടു പ്രതികളെയും അറസ്റ്റ് ചെയ്തു.

കൊല്ലപ്പെട്ട രമേശ് കൊലപാതകക്കേസിലെ മുഖ്യപ്രതിയാണ്. കഴിഞ്ഞ ഡിസംബറിൽ മഹേഷ് ഗൗഡ് എന്നയാളെ കൊന്ന് കത്തിച്ച കേസിലെ പ്രതിയാണ് ഇയാൾ. കോടതിയിൽനിന്നും മടങ്ങി വരികയായിരുന്ന ഇയാളെ മഹേഷ് ഗൗഡിന്റെ പിതാവ് കൃഷ്ണ ഗൗഡയും അമ്മാവൻ ലക്ഷ്മൺ ഗൗഡയും ചേർന്നാണ് ആക്രമിച്ചത്. കൃഷ്ണ ഗൗഡയാണ് രമേശിനെ വെട്ടിയത്. കൊലപാതകം തടയാൻ എത്തിയവരെ പേടിപ്പിച്ച് നിർത്തുകയാണ് ലക്ഷ്മൺ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

കൊലപാതകം തടയാൻ ചിലരാണ് മുന്നോട്ടു വന്നത്. ബാക്കിയെല്ലാവരും മൊബൈലിൽ ദൃശ്യങ്ങൾ പകർത്താനുളള തിരക്കാണ് കാട്ടിയത്. സോഷ്യൽ മീഡിയയിൽ കൊലപാതകത്തിന്റെ നിരവധി വീഡിയോകളാണ് ഷെയർ ചെയ്തിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook