ഹൈദരാബാദ്: സംസ്ഥാനത്ത് ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന റിപ്പോർട്ടിനെ തുടർന്ന് വിശ്വ ഹിന്ദു പരിഷത്തിന്റെ ശ്രീരാമ രഥയാത്രയ്ക്ക് തെലങ്കാനയിൽ ഏർപ്പെടുത്തിയ വിലക്ക് ഹൈക്കോടതി ശരിവച്ചു. ഹൈദരാബാദ് ഹൈക്കോടതിയാണ് തെലങ്കാന പൊലീസിന്റെ നടപടി ശരിവച്ച് ഉത്തരവിട്ടത്.
ഇതോടെ ബസറയിൽ നിന്ന് സെക്കന്ദരാബാദിലേക്കുളള ശ്രീരാമ രഥ യാത്രയുടെ ഭാവി വീണ്ടും പ്രതിസന്ധിയിലായി. ഈ മാസം 18 ന് ആരംഭിച്ച് 31 ന് അവസാനിക്കുന്ന വിധത്തിലായിരുന്നു രഥയാത്ര നിശ്ചയിച്ചിരുന്നത്. പൊലീസ് യാത്രക്ക് അനുമതി നിഷേധിച്ചതോടെയാണ് സംഘാടകർ ഹൈദരാബാദ് ഹൈക്കോടതിയെ സമീപിച്ചത്.
വിശ്വ ഹിന്ദു പരിഷത്തിന്റെ യാത്ര സംസ്ഥാനത്ത് അതിരൂക്ഷമായ ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടെന്ന് തെലങ്കാന പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. ഈ വാദം അംഗീകരിച്ചാണ് കോടതി രഥയാത്രയ്ക്കുളള വിലക്ക് നീക്കാൻ മടിച്ചത്.