ഹൈദരാബാദ്: പുരാണി ഹവേലിയിലെ നൈസം മ്യൂസിയത്തിൽനിന്നും കോടികൾ വിലമതിക്കുന്ന പുരാവസ്തുക്കൾ മോഷണം പോയതായി പൊലീസ്. മ്യൂസിയത്തിലെ മൂന്നാമത്തെ ഗ്യാലറിയിൽ പ്രദർശിപ്പിച്ചിരുന്ന സ്വർണ ടിഫിൻ ബോക്സ്, സോസർ അടക്കമുളള വസ്തുക്കളാണ് മോഷണം പോയതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. നൈസാം ഏഴാമന്റെ കാലത്തുളളവയാണ് ഇവയെന്നും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്നും പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

തിങ്കളാഴ്ച രാവിലെ മൂന്നാമത്തെ ഗ്യാലറി തുറന്നപ്പോഴാണ് മോഷണം നടന്നതായി മനസ്സിലായത്. രണ്ടു കിലോ തൂക്കമുളള സ്വർണ്ണത്തി​​​ന്റെ ടിഫിൻ ബോക്​സ്​, വജ്രം, എമറാള്‍ഡ്, പത്​മരാഗം എന്നിവ പതിച്ച കപ്പ്​, സോസര്‍, സ്പൂണ്‍ എന്നിവയാണ്​ മോഷണം പോയത്​. ഉടൻ തന്നെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നുവെന്ന് സുരക്ഷാ ജീവനക്കാരൻ പറഞ്ഞു.

ഫസ്റ്റ് ഫ്ലോറിലെ വെന്റിലേറ്ററിനു സമീപമുളള ഇരുമ്പു ഗ്രിൽ ഇളക്കി മാറ്റിയശേഷം കയറിൽ തൂങ്ങിയാണ് മോഷ്ടാക്കൾ ഗ്യാലറിയിലേക്ക് കടന്നതെന്നാണ് പൊലീസ് കരുതുന്നത്. മ്യൂസിയം അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. മ്യൂസിയത്തിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്. മ്യൂസിയത്തിനകത്തെ ആരുടെയെങ്കിലും സഹായം മോഷ്ടാക്കൾക്ക് ലഭിച്ചിട്ടുണ്ടാകാമെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.

ഹൈദരാബാദിലെ അവസാന നൈസാമായിരുന്ന ഒസ്മാൻ അലി ഖാന്റെ ശേഖരത്തിലെ അപൂർവ്വ വസ്തുക്കളാണ് ഗ്യാലറിയിൽ സൂക്ഷിച്ചിരുന്നത്. ഇതിനു പുറമേ നൈസാമിന്റെ പിതാവിന്റെയും മറ്റു കുടുംബാംഗങ്ങളുടെയും സ്വകാര്യ വസ്തുക്കളും മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. വെളളിയും സ്വർണവും കൊണ്ട് നിർമ്മിച്ച പല അപൂർവ്വ വസ്തുക്കളും മ്യൂസിയം ശേഖരത്തിലുണ്ട്.

2000 ലാണ് ജനങ്ങൾക്കായി മ്യൂസിയം രാജകുടുംബം തുറന്നുകൊടുത്തത്. ഹൈദരാബാദിലെത്തുന്ന വിനോദസഞ്ചാരികളുടെ മുഖ്യ ആകർഷണങ്ങളിലൊന്നാണ് ഈ മ്യൂസിയം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook