ഹൈദരാബാദ്: ഹൈദരാബാദില് വെറ്ററിനറി ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ മൃതദേഹം സംസ്കരിക്കുന്നത് ഹെെക്കോടതി തടഞ്ഞു. തിങ്കളാഴ്ച രാത്രി എട്ട് വരെ നാല് പേരുടെയും മൃതദേഹം സംസ്കരിക്കരുതെന്നാണ് ഹെെക്കോടതി ഉത്തരവിട്ടിരിക്കുന്നത്. പോസ്റ്റ്മോർട്ടം വീഡിയോയും ഹെെക്കോടതിക്ക് കെെമാറണം. പൊലീസ് വെടിവയ്പ്പ് വ്യാജ ഏറ്റുമുട്ടലാണെന്ന വിമർശനം ഉയർന്നിട്ടുണ്ട്. ഇതേ തുടർന്ന് തെലങ്കാന ഹെെക്കോടതിയിൽ ഒൻപത് ഹർജികളാണ് ഫയൽ ചെയ്തിട്ടുള്ളത്. പൊലീസ് വെടിവയ്പ്പിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നാണ് ഹർജിക്കാരുടെ ആവശ്യം.
അതേസമയം, പ്രതികൾ പൊലീസിന്റെ തോക്ക് തട്ടിയെടുത്ത് ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർത്തപ്പോഴാണ് പൊലീസ് തിരിച്ചടിച്ചതെന്ന് സൈബരാബാദ് പൊലീസ് കമ്മീഷണർ വി.സി.സജ്ജ്നാർ പറഞ്ഞു. കൊല്ലപ്പെട്ട ഡോക്ടറുടെ മൊബൈൽ ഫോൺ ഉൾപ്പടെയുള്ള തെളിവുകൾ ഒളിപ്പിച്ചുവച്ചുവെന്ന് പറഞ്ഞ സ്ഥലത്ത് തെളിവെടുപ്പിനുവേണ്ടിയാണ് പ്രതികളെ എത്തിച്ചതെന്ന് സജ്ജ്നാർ പറഞ്ഞു. ഹൈദരാബാദിൽ നിന്നും 30 കിലോമീറ്റർ അകലെയുള്ള പണി നടക്കുന്ന പാലത്തിന് താഴെ ഇവരെ എത്തിച്ചു.
Read Also: Horoscope Today December 07, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
എന്നാൽ പൊലീസിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ച് പ്രതികൾ കല്ലും വടിയും ഉപയോഗിച്ച് പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കാൻ തുടങ്ങി. ഉദ്യോഗസ്ഥരുടെ ആയുധങ്ങൾ തട്ടിയെടുത്ത ശേഷം മുന്നേട്ട് പോയ പ്രതികൾ പൊലീസിന് നേരെ വെടിയുതിർത്തു. രണ്ടു പൊലീസുകാർക്ക് പരുക്കേൽക്കുകയും ചെയ്തു. ഇതോടെയാണ് പൊലീസ് തിരിച്ചടിക്കാൻ ആരംഭിച്ചത്. ഇത്രയും നടന്നത് അഞ്ചു, പത്ത് മിനിറ്റുകൾക്കുള്ളിലാണെന്നും കമ്മീഷ്ണർ വ്യക്തമാക്കി.
പ്രതികളോടു കീഴടങ്ങാൻ നിർദേശിച്ചെങ്കിലും അവര് അനുസരിക്കാൻ കൂട്ടാക്കിയില്ല. പൊലീസിനു നേരെ വെടിയുതിർക്കുന്നതു തുടർന്നു. അപ്പോഴാണു പ്രതികളെ എൻകൗണ്ടറിൽ വെടിവച്ചു കൊന്നത്. സംസ്ഥാനത്തിന് പുറത്തും സമാനമായ കുറ്റകൃത്യങ്ങൾ നടത്തിയിട്ടുള്ളവരാണ് ഇവരെന്ന് സംശയിക്കുന്നതായും പൊലീസ് കൂട്ടിച്ചേർത്തു.