scorecardresearch

ഹൈദരാബാദ് കൂട്ട ബലാത്സംഗ കേസ് പ്രതികളെ പൊലീസ് വെടിവച്ചുകൊന്നത്, കൊലക്കുറ്റം ചുമത്തണം: കമ്മിഷന്‍

പ്രതികള്‍ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും അവരുടെ പക്കല്‍നിന്ന് ആയുധങ്ങള്‍ തട്ടിയെടുത്ത് അവര്‍ക്കുനേരെ വെടിയുതിര്‍ത്തുവെന്ന് ആരോപണം അവിശ്വസനീയമാണെന്നു സുപ്രീം കോടതി നിയോഗിച്ച മൂന്നംഗ കമ്മിഷന്‍ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി

Hyderabad encounter, hyderabad gangrape case, Supreme court

ന്യൂഡല്‍ഹി: ഹൈദരാബാദിലെ വനിതാ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ നാല് കുറ്റാരോപിതർക്കു നേരെ പൊലീസ് വെടിവച്ചതു, കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയാണെന്ന് സുപ്രീം കോടതി നിയോഗിച്ച അന്വേഷണ കമ്മിഷൻ. കൊല്ലപ്പെട്ട പ്രതികള കൊണ്ടുപോയ 10 പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്നും ജസ്റ്റിസ് വി എസ് സിര്‍പുര്‍ക്കറുടെ നേതൃത്വത്തിലുള്ള കമ്മിഷന്‍ റിപ്പോർട്ടിൽ ശിപാര്‍ശ ചെയ്തു.

2019 നവംബര്‍ 27 നു ഹൈദരാബാദിന്റെ പ്രാന്തപ്രദേശത്തുള്ള ഷാദ്നഗറിലെ ചട്ടന്‍പള്ളിയിയിലാണു വെറ്ററിനറി ഡോക്ടര്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ അറസ്റ്റിലായ മുഹമ്മദ് ആരിഫ്, ചിന്തകുണ്ട ചെന്നകേശവുലു, ബന്ധുക്കളായ ജൊല്ലു ശിവ, ജൊല്ലു നവീന്‍ എന്നിവര്‍ കുറ്റകൃത്യം നടന്ന സ്ഥലത്തേക്കു പൊലീസ് കൊണ്ടുപോകുന്നതിനിടെയാണു വെടിയേറ്റു മരിച്ചത്. 2019 ഡിസംബര്‍ ആറിനായിരുന്നു സംഭവം.

കുറ്റാരോപിതർ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും അവരുടെ പക്കല്‍നിന്ന് ആയുധങ്ങള്‍ തട്ടിയെടുത്ത് അവര്‍ക്കുനേരെ വെടിയുതിര്‍ത്തുവെന്ന് ആരോപണം അവിശ്വസനീയമാണെന്നു മൂന്നംഗ കമ്മിഷന്‍ ചൂണ്ടിക്കാട്ടി. സംഭവസമയത്ത് ശിവയും നവീനും പ്രായപൂര്‍ത്തിയാകാത്തവരായിരുന്നുവെന്നും സ്‌കൂള്‍ രേഖകളുടെ അടിസ്ഥാനത്തില്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.

”ഞങ്ങളുടെ അഭിപ്രായത്തില്‍, കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ പ്രതികള്‍ക്കെതിരെ ബോധപൂര്‍വം വെടിയുതിര്‍ക്കുകയായിരുന്നു,” റിപ്പോര്‍ട്ട് പറയുന്നു.

Also Read: പൊലീസുകാരുടെ മരണം; ഷോക്കേറ്റത്‌ ‘പന്നിക്കെണി’യില്‍ നിന്ന്, ഒരാൾ അറസ്റ്റിൽ

പൊലീസ് ഉദ്യോഗസ്ഥരായ വി സുരേന്ദര്‍, കെ നരസിംഹ റെഡ്ഡി, ഷെയ്ക് ലാല്‍ മദാര്‍, മുഹമ്മദ് സിറാജുദ്ദീന്‍, കൊച്ചെര്‍ള രവി, കെ വെങ്കിടേശ്വരുലു, എസ് അരവിന്ദ് ഗൗഡ്, ഡി ജാനകിറാം, ആര്‍ ബാലു റാത്തോഡ്, ഡി ശ്രീകാന്ത് എന്നിവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 302 (കൊലപാതകം) വകുപ്പിനൊപ്പം 34, 201 വകുപ്പിനൊപ്പം 302, 34 വകുപ്പുകള്‍ പ്രകാരവും കുറ്റങ്ങള്‍ ചുമത്തി വിചാരണ ചെയ്യണമെന്ന് കമ്മിഷന്റെ ശിപാര്‍ശ. കുറ്റാരോപിതരെ കൊലപ്പെടുത്തുകയെന്ന പൊതു ഉദ്ദേശ്യം മുന്‍നിര്‍ത്തിയാണ് ഓരോരുത്തരും ചെയ്ത വ്യത്യസ്ത പ്രവൃത്തികളെന്ന് കമ്മിഷന്‍ ചൂണ്ടിക്കാട്ടി.

കുറ്റാരോപിതരെ അനുഗമിച്ച പൊലീസ് ഉദ്യോഗസ്ഥരായ ഷെയ്ക് ലാല്‍ മദാര്‍, മുഹമ്മദ് സിറാജുദ്ദീന്‍, കൊച്ചെര്‍ള രവി എന്നിവര്‍ 302 (കൊലപാതകം) വകുപ്പ് പ്രകാരം കുറ്റം ചുമത്താന്‍ അര്‍ഹരാണെന്നു കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. പൊലീസ് ‘സ്വകാര്യ പ്രതിരോധത്തിന്റെ അവകാശം വിനിയോഗിക്കുന്നതിനുള്ള ഒരു സാഹചര്യവും ഉണ്ടായിട്ടില്ല’ എന്ന് റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.

കുറ്റകൃത്യം നടന്ന സ്ഥലത്തേക്കു കുറ്റാരോപിതരെ അനുഗമിക്കുന്ന ഉദ്യോഗസ്ഥര്‍ അവരുടെ സംരക്ഷണത്തിന് ഉത്തരവാദികളാണെന്ന് റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നു. ”പ്രവൃത്തികളിലൂടെയോ വീഴ്ചകളിലൂടെയോ അവര്‍ തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ പരാജയപ്പെട്ടാല്‍, പ്രതികളുടെ മരണത്തിനു കാരണമാകുക എന്ന അവരുടെ പൊതു ഉദ്ദേശ്യം സ്ഥാപിക്കപ്പെടുന്നു,” റിപ്പോര്‍ട്ട് പറയുന്നു.

ഷാദ്നഗറിനടുത്തുള്ള പാലത്തിനടിയില്‍ നടന്ന ‘ഏറ്റുമുട്ടലില്‍’ നാല് കുറ്റാരോപിതരും വെടിയേറ്റ് മരിച്ചുവെന്നാണു പൊലീസ് അറിയിച്ചിരുന്നത്. കൊല്ലപ്പെട്ട വെറ്ററിനറി ഡോക്ടറുടെ സാധനങ്ങള്‍ വീണ്ടെടുക്കുന്നതിനാണ് കുറ്റാരോപിതരെ സംഭവസ്ഥലത്തു കൊണ്ടുപോയതെന്നും അവര്‍ തങ്ങളെ വടിയും കല്ലും ഉപയോഗിച്ച് ആക്രമിക്കുകയും തോക്കുകള്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് പൊലീസ് പറഞ്ഞത്. തുടര്‍ന്ന്, സ്വയം പ്രതിരോധത്തിനാണു നാലുപേര്‍ക്കും നേരെ വെടിയുതിര്‍ത്തതെന്നും പൊലീസ് അവകാശപ്പെട്ടു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ 2019 ഡിസംബര്‍ 12നാണു സുപ്രീം കോടതി മൂന്നംഗ കമ്മിഷനെ നിയോഗിച്ചത്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Hyderabad encounter 2019 gangrape accused sc commission