ഹൈദരാബാദ്: പ്രശസ്ത വനിതാ ബൈക്ക് റൈഡറായ സന ഇഖ്ബാലിന്റെ മരണം കൊലപാതകമാണെന്ന് മാതാവിന്റെ ആരോപണം. തന്റെ മകളുടെ ഭര്‍ത്താവ് മുന്‍കൂട്ടി തയാറാക്കിയ കൊലപാതകമാണ് നടന്നതെന്നും കാറപകടമാക്കി ഇയാള്‍ ചിത്രീകരിച്ചത് ആണെന്നും ഇവര്‍ ആരോപിച്ചു. ഹൈദരാബാദില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സന കാറപകടത്തില്‍ മരിച്ചത്.

വിഷാദത്തിനെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച് രാജ്യത്തുടനീളം 38,000 കിലോമീറ്റര്‍ സഞ്ചരിച്ച് സ്കൂളുകളിലും കോളേജുകളിലും അവബോധം നടത്തി പ്രചോദനം നല്‍കുന്നതിലൂടെ പ്രശസ്തയാണ് സന. നര്‍സിങ്കി ഗ്രാമത്തില്‍ ഭര്‍ത്താവായ അബ്ദുള്‍ നദീമിനൊപ്പം കാറില്‍ സഞ്ചരിക്കവേയാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞെന്നായിരുന്നു റിപ്പോര്‍ട്ട്.

തലയ്ക്ക് പരുക്കേറ്റ സനയെ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി മരണപ്പെടുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ നദീമിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ഇത് കൊലപാതകമാണെന്ന് തോന്നുന്നില്ലെന്ന് പൊലീസും വ്യക്തമാക്കി. ഭര്‍ത്താവിനും ഗുരുതരമായ പരുക്കുണ്ടെന്നും എങ്കിലും സനയുടെ മാതാവിന്റെ ആരോപണം അന്വേഷിക്കുമെന്നും ഡപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു.

അതേസമയം, കഴിഞ്ഞ മാസം സന അടുത്ത സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അയച്ച സന്ദേശം പൊലീസിന് കുടുംബം കൈമാറിയിട്ടുണ്ട്. താന്‍ ‘ഹൃദയാഘാതം മൂലമോ ബ്രെയിന്‍ സ്ട്രോക്ക് മൂലമോ മരിച്ചാല്‍ അത് കൊലപാതകം ആയിരിക്കുമെന്നും ഭര്‍ത്താവും കുടുംബവും ആയിരിക്കും ഇതിന് ഉത്തരവാദികളെന്നും’ ആയിരുന്നു സനയുടെ സന്ദേശം. അതേസമയം, അന്ന് ഭര്‍ത്താവുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് അയച്ച സന്ദേശവും ഇപ്പോഴത്തെ മരണവുമായി ബന്ധിപ്പിക്കാന്‍ കഴിയില്ലെന്ന് പൊലീസ് പറഞ്ഞു. എങ്കിലും അന്വേഷണം നടത്തുമെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

വിഷാദരോഗത്തിനും ആത്മഹത്യയ്ക്കും എതിരെ ബോധവത്കരണ പരിപാടികളുമായി രാജ്യത്തുടനീളം തന്റെ റോയല്‍ എന്‍ഫീല്‍ഡ് ബുളളറ്റില്‍ യാത്ര ചെയ്താണ് സന ശ്രദ്ധേയയായത്. ഇന്ത്യന്‍ ബൈക്കിങ് സമൂഹത്തിന് തീരാനഷ്ടമാണ് സനയുടെ വിയോഗമെന്ന് സോഷ്യൽ മീഡിയയില്‍ അനുശോചനക്കുറിപ്പുകള്‍ പ്രത്യക്ഷപ്പെട്ടു.

30കാരിയായ സനയ്ക്ക് രണ്ട് വയസുളളൊരു കുട്ടിയുണ്ട്. വിഷാദരോഗത്തിന് അടിമപ്പെട്ടിരുന്ന സന 27-ാം വയസില്‍ ആത്മഹത്യ ചെയ്യാനായി ഗുജറാത്തിലേക്ക് തന്റെ ബുളളറ്റില്‍ പുറപ്പെട്ടിരുന്നു. എതിരെ വരുന്ന ട്രക്കിന് ഇടിച്ച് ആത്മഹത്യ ചെയ്യാനായിരുന്നു സനയുടെ പദ്ധതി. എന്നാല്‍ ആ യാത്ര സനയുടെ ജീവിതം മാറ്റിമറിക്കുകയായിരുന്നു. യാത്രയുടെ ലഹരി അറിഞ്ഞ സന പിന്നീടുളള കാലം ആത്മഹത്യയ്ക്കും വിഷാദരോഗത്തിനും എതിരെ പോരാടുകയായിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ