ഹൈദരാബാദ്: തിയേറ്ററില്‍ ദേശീയഗാനത്തിനിടെ എഴുന്നേറ്റ് നിന്നില്ലെന്ന പേരില്‍ മൂന്ന് കാശ്മീരി വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. സിനിമാ പ്രദര്‍ശനത്തിനു മുന്നോടിയായി ഹാളില്‍ ദേശീയഗാനം ആലപിച്ചപ്പോള്‍ എഴുന്നേറ്റ് നിന്ന് ആദരവ് പ്രകടിപ്പിച്ചില്ലെന്ന് ആരോപിച്ചാണ് ഇന്നലെ വൈകുന്നേരം രാജേന്ദ്രനഗര്‍ പൊലീസ് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തത്.
ചെവെല്ലയിലെ എഞ്ചിനിയറിംഗ് കോളേജ് വിദ്യാര്‍ത്ഥികളും ജമ്മുകാശ്മീര്‍ സ്വദേശികളുമായ ജമീല്‍ ഗുള്‍, ഒമര്‍ ഫയിസ് ലൂനെ, മുദാസിര്‍ ഷബീര്‍ എന്നിവരെയാണ് ദേശീയഗാനത്തോട് അനാദരവ് കാട്ടിയെന്നാരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്തത്. തിയേറ്റര്‍ മാനേജ്മെന്റിന്റെ പരാതി പ്രകാരമാണ് പൊലീസ് നടപടി.
‘മന്ത്രാ മാളിലെ സിനിപോളിസില്‍ ഹിന്ദി ചിത്രം കാണാനെത്തിയതായിരുന്നു വിദ്യാര്‍ത്ഥികള്‍. വൈകീട്ട് 3.50 നായിരുന്നു പ്രദര്‍ശനം. സുപ്രീംകോടതി നിര്‍ദ്ദേശ പ്രകാരം സിനിമാ പ്രദര്‍ശനത്തിനു മുന്നോടിയായി ഹാളില്‍ ദേശീയഗാനം ആലപിച്ചപ്പോള്‍ ഹാളിലുണ്ടായിരുന്നവര്‍ എഴുന്നേറ്റെങ്കിലും ഇവര്‍ മൂന്ന് പേരും സീറ്റില്‍ ഇരിക്കുകയായിരുന്നെ’ന്നു പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ പി.വി പത്മജ പറഞ്ഞു.
ദേശീയ ഗാനത്തോട് അനാദരവ് കാട്ടിയ കുറ്റത്തിനാണ് മൂവര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നേരത്തെ തിയേറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കിയുള്ള കോടതി ഉത്തരവിന് പിന്നാലെ ദേശീയത അടിച്ചേല്‍പ്പിക്കുന്നെന്നാരോപിച്ച് വ്യാപക പ്രതിഷേധം രാജ്യത്തെമ്പാടും ഉയര്‍ന്നിരുന്നു.