ഹൈദരാബാദ്: പിറന്നാൾ ദിനം ആകാശത്ത് വെടിവച്ച് ആഘോഷിച്ച 22 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഹൈദരാബാദ് ഫലക്‌നുമ സ്വദേശിയായ മിർസ ഇബ്രാഹിം അലിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എംബിഎ വിദ്യാർഥിയാണ് ഇയാൾ. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനുപിന്നാലെയാണ് അറസ്റ്റ്.

പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി മിർസ തന്റെ വീടിന്റെ പുറത്തെത്തി ആകാശത്തേക്ക് 12 തവണ വെടിയുതിർത്തിരുന്നു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. മേയ് ആദ്യവാരമാണ് പിറന്നാൾ ആഘോഷം നടന്നതെന്നും ഇപ്പോഴാണ് വിഡിയോ പുറത്തുവന്നതെന്നുമാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. ആയുധ നിയമപ്രകാരമാണ് മിർസയ്ക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് ഡെക്കാൺ ക്രോണിക്കിൾ റിപ്പോർട്ട് ചെയ്തു. മിർസ ഉപയോഗിച്ച തോക്ക് അടുത്ത ബന്ധുവിന്റേതാണെന്നും അതല്ല പിതാവിന്റേതാണെന്നും റിപ്പോർട്ടുണ്ട്.

വിവാഹദിവസം ആകാശത്തേക്ക് വെടിവച്ചതിനെത്തുടർന്ന് 12 വയസ്സുകാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ഉത്തർപ്രദേശിലെ ബിലാസ്പൂരിൽനിന്നും അടുത്തിടെ ഒരാളെ അറസ്റ്റ് ചെയ്തിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ