കൊല്‍ക്കത്ത: സ്ത്രീധനത്തുക നല്‍കിയില്ലെന്ന് ആരോപിച്ച് ഭാര്യയുടെ വൃക്ക വിറ്റ ഭര്‍ത്താവും സഹോദരനും അറസ്റ്റില്‍. പശ്ചിമബംഗാളിലാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്. രണ്ട് ലക്ഷം രൂപ നല്‍കിയില്ലെന്ന് ആരോപിച്ചാണ് 28കാരനായ ഭര്‍ത്താവ് തന്നോട് ക്രൂരത കാട്ടിയതെന്ന് യുവതി പൊലീസില്‍ പരാതി നല്‍കി.

12 വര്‍ഷമായി വിവാഹം കഴിച്ചിരുന്ന ഭര്‍ത്താവ് തന്നെ കബളിപ്പിച്ച് ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് വൃക്ക വില്‍ക്കുകയായിരുന്നുവെന്ന് യുവതി ആരോപിച്ചു. കൂടാതെ ഭര്‍ത്താവിന്റെ സഹോദരനും സ്ത്രീധനത്തിന്റെ പേരില്‍ വര്‍ഷങ്ങളായി പീഡിപ്പിച്ച് വരികയാണെന്നും ഇവര്‍ പരാതി നല്‍കി.
രണ്ട് വര്‍ഷം മുമ്പ് വയറുവേദനയെ തുടര്‍ന്ന് ഭര്‍ത്താവ് തന്നെ ആശുപത്രിയില്‍ എത്തിച്ചെന്നും ശസ്ത്രക്രിയയ്ക്ക് ശേഷം സുഖമാവുമെന്ന് ഡോക്ടര്‍ ഉറപ്പ് പറഞ്ഞതായും യുവതി പറഞ്ഞു. എന്നാല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം വേദന കലശലായെന്നും താന്‍ പലവട്ടം ആവശ്യപ്പെട്ടിട്ടും ഭര്‍ത്താവ് തന്നെ ചികിത്സയ്ക്ക് കൊണ്ടുപോവാന്‍ തയ്യാറായില്ലെന്നും യുവതി പറഞ്ഞു.

മൂന്ന് മാസം മുമ്പ് കുടുംബമാണ് റിതയെ ആശുപത്രിയിലെത്തിച്ചത്. അപ്പോള്‍ മാത്രമാണ് കിഡ്നി ഇല്ലെന്ന കാര്യം തിരിച്ചറിഞ്ഞത്. സംശയം കാരണം മറ്റൊരു ആശുപത്രിയിലും പരിശോധന നടത്തിയെങ്കിലും വൃക്ക നഷ്ടപ്പെട്ടെന്നായിരുന്നു പരിശോധനാ ഫലം. ശസ്ത്രക്രിയയെ കുറിച്ച് ആരോടും പറയരുതെന്ന് ഭര്‍ത്താവ് പറഞ്ഞത് ഇത്കൊണ്ടാണെന്ന് അപ്പോള്‍ മാത്രമാണ് മനസിലായതെന്ന് യുവതി പറഞ്ഞു. തുടര്‍ന്നാണ് ഭര്‍ത്താവായ ബിശ്വജിത് സര്‍ക്കാരിനെതിരെ റിത പരാതി നല്‍കിയത്. തുടര്‍ന്ന് ഭര്‍ത്താവിനേയും സഹോദരനേയും പൊലീസ് അറസ്റ്റ് ചെയ്തു. ചത്തീസ്ഗഢിലുളള ഒരു ബിസിനസുകാരന് രണ്ട് ലക്ഷം രൂപയ്ക്ക് വൃക്ക വിറ്റതായി ഇരുവരും സമ്മതിച്ചിട്ടുണ്ട്. ദമ്പതികള്‍ക്ക് 11 വയസുളള ഒരു മകനുണ്ട്. കുട്ടി ഇപ്പോള്‍ മാതാവിന്റെ കൂടെയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ