പുണെ: ഫോണില്‍ പാക്കിസ്ഥാനി സീരിയല്‍ കണ്ട ഭാര്യയെ ഭര്‍ത്താവ് ആക്രമിച്ചു. തന്നോട് സംസാരിക്കുന്നതിനെക്കാള്‍ ഭാര്യയ്ക്ക് താത്പര്യം ‘പാക്കിസ്ഥാനി സീരിയല്‍’ കാണുന്നതാണെന്ന് തോന്നിയതുകൊണ്ടാണ് ആക്രമണം നടത്തിയെതെന്ന് പൊലീസ് പറയുന്നു.
ഹോര്‍ഡിങ്ങുകള്‍ സ്ഥാപിക്കുന്ന ജോലിയാണ് പ്രതിയായ ആസിഫ് സത്താര്‍ നയബിന്. കുടുംബത്തോടൊപ്പം സലിസ്ബുരി പാര്‍ക്കിന് സമീപമാണ് ഇയാള്‍ താമസിക്കുന്നത്. ഭാര്യയുടെ പരാതിയെ തുടര്‍ന്ന് സ്വര്‍ഗേത് പൊലീസ് ആസിഫിനെ അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാവിലെയാണ് ദമ്പതികള്‍ തമ്മില്‍ തര്‍ക്കം ഉണ്ടായതെന്ന് പൊലീസ് പറയുന്നു.
‘അവരുടെ ശബ്ദം കേട്ടപ്പോള്‍ ആസിഫ് ഇടപെട്ടു. അത് ഇരുവരും തമ്മില്‍ വലിയ വാഗ്വാദത്തിന് ഇടവച്ചു,’ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ആസിഫ് ജോലി കഴിഞ്ഞു വന്നതിനു ശേഷമാണ് പ്രശ്‌നം ആരംഭിച്ചതെന്ന് ഭാര്യ പരാതിയില്‍ പറയുന്നു. ‘ജോലി സ്ഥലത്തു നിന്നും ആസിഫ് വന്നതിനു പിന്നാലെ ഭാര്യ കിടപ്പു മുറിയിലേക്ക് പോയി. അവരോട് സംസാരിക്കാനായി അയാള്‍ ചെന്നപ്പോള്‍ ഭാര്യ മൊബൈലില്‍ ‘പാക്കിസ്ഥാനി ഡ്രാമ’ എന്ന സീരിയില്‍ കാണുകയായിരുന്നു.’
‘ആസിഫിന് ഭാര്യ തന്നെ അവഗണിക്കുന്നതായി തോന്നുകയും ഫോണില്‍ സീരിയല്‍ കാണുന്നതിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതായി തോന്നുകയും ചെയ്തു. ആസിഫ് ഒരു കത്തി ഉപയോഗിച്ച് അവരെ ആക്രമിക്കുകയും തുടര്‍ന്ന് അവരുടെ വലത് കൈയ്യിലെ വിരല്‍ മുറിയുകയും ചെയ്തു,’ പൊലീസ് പറയുന്നു.