ന്യൂഡൽഹി: ഭീകരർക്ക് സാമ്പത്തിക സഹായം നൽകിയെന്ന കേസിൽ ഏഴ് വിഘടനവാദി നേതാക്കളെ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തു. നയീം ഖാൻ, ഭിട്ട കർത്തേ, അയാസ് അക്ബർ, ടി.സൈഫുള്ള, മീരസ് കൽവാം, സയീദ് ഉൽ ഇസ്ലാം എന്നിവർക്ക് പുറമേ സയീദ് അലി ഷാ ഗീലാനിയുടെ മരുമകൻ അൽത്താഫ് അഹമ്മദ് ഷായും പിടിയിലായി.

ഭിട്ട കർത്തേ ഡൽഹിയിലും മറ്റുള്ളവർ ശ്രീനഗറിൽ വച്ചുമാണ് എൻഐഎ യുടെ പിടിയിലായത്. ഇന്ന് രാവിലെ എൻഐഎ യുടെ കാശ്മീർ ബ്രാഞ്ചിൽ ഹാജരാകാൻ ആവശ്യപ്പെട്ട് ഇവർക്ക് കത്തയച്ചിരുന്നെങ്കിലും ഇത് കൈപ്പറ്റാതിരുന്ന സാഹചര്യത്തിലാണ് അറസ്റ്റിലേക്ക് നീങ്ങിയത്.

ജൂലൈ 14 നും ജൂലൈ 17 നും ഇവരോട് ന്യൂഡൽഹിയിലേക്ക് എത്തിച്ചേരാൻ ആവശ്യപ്പെട്ടിട്ടും ഇവർ വന്നിരുന്നില്ല. ഈ സാഹചര്യത്തിലായിരുന്ന് അറസ്റ്റ്. എന്നാൽ ജമ്മു കാശ്മീർ പൊലീസിന്റെ തടങ്കലിലായതിനാലാണ് കത്ത് സ്വീകരിക്കാൻ സാധിക്കാതിരുന്നതെന്നാണ് വിശദീകരണം.

പാക്കിസ്ഥാനിൽ നിന്നും കാശ്മീരിലെ വിഘടന വാദികൾക്ക് ഭീകര പ്രവർത്തനത്തിന് പണം ലഭിച്ചുവെന്നതാണ് അന്വേഷിക്കുന്നത്. കഴിഞ്ഞ മാസം ഇവരുടെ വീടുകളിൽ നടത്തിയ റെയ്ഡിൽ 2 കോടിയോളം രൂപ നിരോധിത ഭീകര സംഘടനകളിൽ നിന്ന് ലഭിച്ചതായി കണ്ടെത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ