ഫ്ലോറിഡ: നൂറ്റാണ്ടിലെ ഏറ്റവും വലിയ സംഹാര ഭീഷണിയുമായി ഇര്‍മ ചുഴലിക്കാറ്റ്‌ അമേരിക്കയുടെ കരയിലേക്ക് കയറുന്നു. വൻ നാശനഷ്ടം ഇർമ ഉണ്ടാക്കുമെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന്‌ ആയിരക്കണക്കിന്‌ മലയാളികള്‍ അടക്കമുള്ള 50 ലക്ഷത്തോളം പേരെ ഫ്‌ളോറിഡയില്‍നിന്ന്‌ ഒഴിപ്പിക്കുന്നു.

വാഷിങ്ടൻ ∙ കരീബിയന്‍ ദ്വീപുകളിലും ക്യൂബയിലും നാശം വിതച്ച ഇര്‍മ ചുഴലിക്കാറ്റ് കീസ് ദ്വീപസമൂഹത്തിൽ നിന്നാണ് ഫ്‌ളോറിഡയിൽ കരയിലേക്കു പ്രവേശിക്കുക. മണിക്കൂറില്‍ 258 കിലോമീറ്റര്‍ വേഗത്തിലാണ് ഇര്‍മയുടെ മുന്നേറ്റം. ക്യൂബയില്‍ കനത്ത നാശം വിതച്ച കൊടുങ്കാറ്റിന്റെ ശക്തി അല്‍പം കുറഞ്ഞിരുന്നെങ്കിലും അമേരിക്കന്‍ തീരത്തെത്തുമ്പോള്‍ വീണ്ടും വേഗം വര്‍ധിക്കുമെന്നാണ് പ്രവചനം. കരീബിയന്‍ ദ്വീപുകളിലും ക്യൂബയിലും ഇതുവരെ 24 പേര്‍ ഇര്‍മ ചുഴലിക്കാറ്റില്‍ കൊല്ലപ്പെട്ടിരുന്നു.

Irma

ലക്ഷക്കണക്കിന്‌ ഇന്ത്യക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന ഫ്‌ളോറിഡയില്‍ അന്‍പതിനായിരത്തിലേറെപ്പേര്‍ മലയാളികളാണ്‌. സമീപസംസ്‌ഥാനങ്ങളായ ജോര്‍ജിയ, വിര്‍ജീനിയ, നോര്‍ത്ത്‌ കരോളിന, സൗത്ത്‌ കരോളിന സംസ്‌ഥാനങ്ങളിലേക്കാണ്‌ ആളുകള്‍ പലായനം ചെയ്യുന്നത്‌. എന്നാല്‍ മലയാളിവനിതകളില്‍ കൂടുതല്‍പേരും ആശുപത്രികളില്‍ സേവനമനുഷ്‌ഠിക്കുന്നവരായതിനാല്‍ ഫ്‌ളോറിഡ വിട്ടുപോകാന്‍ അനുവാദമില്ല. നിര്‍ബന്ധിത ജോലിക്കുപോവേണ്ടതുണ്ട്‌. ഇർമ ദുരന്തത്തിൽപെട്ടവരെ സഹായിക്കുന്നതിനായി യുഎസിലെ ഇന്ത്യൻ എംബസി ഹെൽപ് ലൈൻ തുറന്നു. ഹോട്‌ലൈൻ: 202-258-8819.

Irma

ഇർമക്ക് മുൻപ് വന്ന ഹാർവി ചുഴലിക്കൊടുങ്കാറ്റിന് അകമ്പടിയായെത്തിയ കാറ്റിന്റെ വേഗം മണിക്കൂറിൽ 212 കിലോമീറ്ററായിരുന്നെങ്കിൽ, ഇർമയുടെ നിലവിലെ വേഗം മണിക്കൂറിൽ ഏതാണ്ട് 250 കിലോമീറ്ററാണ്. അറ്റ്ലാന്റിക്കിൽ രൂപം കൊണ്ട ഏറ്റവും വലിയ ചുഴലിക്കൊടുങ്കാറ്റായ ‘അലന്റെ’ വേഗം മണിക്കൂറിൽ 305 കിലോമീറ്ററായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ