സിലിഗുരി: പശ്ചിമ ബംഗാളിലെ സഫാരി പാര്‍ക്കില്‍ നിന്നും രക്ഷപ്പെട്ട പുളളിപുലി തിരിച്ച് വന്നതിന് പിന്നാലെ സുരക്ഷ കര്‍ശനമാക്കി. മൂന്ന് ഉദ്യോഗസ്ഥരും 10 വനംവകുപ്പ് ഉദ്യോഗസ്ഥരേയും സഫാരി പാര്‍ക്കില്‍ നിയോഗിച്ച് ഉത്തരവിറക്കി. 24 മണിക്കൂറും കനത്ത ജാഗ്രത പുലര്‍ത്താനാണ് വനംവകുപ്പ് മന്ത്രി ബിനോയ് കൃഷ്ണ ഉത്തരവിട്ടത്. പുതുവത്സര ദിനത്തിലാണ് അഞ്ച് വയസ് പ്രായമുളള സച്ചിന്‍ എന്ന പുലി മൃഗശാലയില്‍ നിന്നും രക്ഷപ്പെട്ടത്.
ഇതിന് പിന്നാലെ വെളളിയാഴ്ച പുലി സഫാരി പാര്‍ക്കിലേക്ക് തിരികെ എത്തി. പരിശീലനം ലഭിച്ച നാല് ആനകള്‍, രണ്ട് ഡ്രോണുകള്‍, നൂറോളം വനംവകുപ്പ് ജീവനക്കാര്‍ എന്നിവരെ ഉപയോഗിച്ച് പുലിക്ക് വേണ്ടി തിരച്ചില്‍ നടത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് വിശന്ന് വലഞ്ഞ് അവശനായാണ് സച്ചിന്‍ മൃഗശാലയില്‍ തിരികെ എത്തിയത്. ശനിയാഴ്ച പാര്‍ക്കില്‍ സച്ചിനെ കാണാന്‍ സന്ദര്‍ശകരുടെ വന്‍ തിരക്കായിരുന്നു ഉണ്ടായത്.
എന്നാല്‍ സച്ചിനെ കാണാന്‍ ഇവര്‍ക്ക് അനുവാദം ലഭിച്ചില്ല. താത്കാലികമായി സച്ചിനെ ഒറ്റയ്ക്കൊരു കൂട്ടിലാണ് താമസിപ്പിച്ചിട്ടുളളത്. സന്ദര്‍ശകര്‍ക്ക് കാണാന്‍ പറ്റുന്ന രീതിയില്‍ ഉടന്‍ തന്നെ പാര്‍ക്ക് അധികൃതര്‍ സൗകര്യമൊരുക്കും. അവശനായ സച്ചിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടെന്ന് കണ്ടാല്‍ മാത്രമായിരിക്കും പുലിയെ പാര്‍ക്കില്‍ തുറന്നുവിടുക. കൂടാതെ പുലിയുടെ ഇടത് കാലില്‍ പരുക്കേറ്റിട്ടുമുണ്ട്. ഇതിനും ചികിത്സ നടക്കുകയാണ്.
പാര്‍ക്കിലെ ഇരുമ്പ് വേലി കടക്കുമ്പോഴാണ് പുലിക്ക് പരുക്കേറ്റതെന്നാണ് നിഗമനം. കാലില്‍ കൂടാതെ തലയിലും ഇടത് കണ്ണിലും നിസാരമായ പരുക്കുണ്ട്. ശനിയാഴ്ച മാത്രം ഒരു കിലോ മാംസമാണ് പുലിക്ക് നല്‍കിയതെന്ന് പാര്‍ക്ക് അധികൃതര്‍ പറഞ്ഞു.