/indian-express-malayalam/media/media_files/uploads/2019/01/Crocodile-Chattisgarh.jpg)
റായ്‌പൂര്‍: ഛത്തീസ്ഗഡിലെ ഒരു ഗ്രാമത്തില്‍ നൂറു കണക്കിന് പേരാണ് കഴിഞ്ഞ ദിവസം ഒരു മുതലയുടെ ശവസംസ്കാര ചടങ്ങില്‍ പങ്കെടുത്തത്. തങ്ങളുടെ രക്ഷകനായി ആരാധിച്ച് വന്നിരുന്ന മുതലയാണ് കഴിഞ്ഞ ദിവസം ചത്തു പോയത്. ബെമെത്താര ജില്ലയിലെ ഭാവാ മോഹ്താര ഗ്രാമവാസികള്‍ മുതലയെ 'ഗംഗാറാം' എന്നാണ് വിളിച്ചിരുന്നത്. 130 വയസോളം പ്രായമാണ് മുതലക്ക് കണക്കാക്കപ്പെടുന്നത്.
മുതല കുളത്തില്‍ ചത്ത് പൊന്തിയതിന് പിന്നാലെ ഗ്രാമവാസികൾ ഒന്നടങ്കം സ്ഥലത്തെത്തി സംസ്കാര ചടങ്ങുകളില്‍ പങ്കെടുത്തു. അന്ന് ഗ്രാമത്തിലെ വീടുകളില്‍ ഭക്ഷണം പോലും പാചകം ചെയ്തില്ലെന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. മുതല കഴിഞ്ഞിരുന്ന കുളത്തിന്റെ അടുത്ത് തന്നെയാണ് ഇതിനെ കുഴിച്ച് മൂടുന്നത്. ഇതിന് അടുത്തായി ഒരു ക്ഷേത്രം പണിയാനും ഗ്രാമവാസികള്‍ തീരുമാനിച്ചു.
3.4 മീറ്റര്‍ നീളമുളള മുതലയെ ചൊവ്വാഴ്ചയാണ് ചത്ത നിലയില്‍ കണ്ടെത്തിയത്. പിന്നാലെ ഗ്രാമവാസികള്‍ വനംവകുപ്പിനെ വിവരം അറിയിച്ച് മുതലയുടെ ശരീരം പുറത്തെടുത്തു. 500ല്‍ അധികം ഗ്രാമവാസികളാണ് മുതലയുടെ സംസ്കാര ചടങ്ങില്‍ പങ്കെടുത്തത്. ശവശരീരം തൊട്ട് ഇവര്‍ അനുഗ്രഹം വാങ്ങുകയും ചെയ്യുന്നുണ്ടായിരുന്നു. മുതലയുമായി ഗ്രാമവാസികള്‍ക്ക് വൈകാരികമായി അടുപ്പം ഉണ്ടാവാനും കാരണമുണ്ട്. 100 വര്‍ഷത്തില്‍ അധികമായി കുളത്തില്‍ ഈ മുതലയുണ്ടെന്ന് ഗ്രാമവാസികള്‍ പറയുന്നു.
കുട്ടികള്‍ അടക്കമുളള ഗ്രാമവാസികള്‍ ഈ കുളത്തില്‍ കുളിക്കുമെങ്കിലും മുതല ഉപദ്രവിക്കില്ല. അടുത്ത് പോയാലും മുതല ഉപദ്രവിക്കില്ല. മറ്റുളളവര്‍ കുളിക്കുമ്പോള്‍ മുതല കുളത്തിന്റെ മറ്റൊരു ഭാഗത്തേക്ക് നീങ്ങി നില്‍ക്കും. ചോറും പരിപ്പ്കറിയും മുതലയ്ക്ക് കൊടുക്കാറുണ്ടായിരുന്നെന്നും ഗ്രാമവാസികള്‍ പറയുന്നു. തങ്ങള്‍ ദൈവത്തെ പോലെ കണ്ട ജീവിയാണ് ഇതെന്നും ഇവര്‍ വ്യക്തമാക്കുന്നു. 250 കി.ഗ്രാം ഭാരമുളള മുതലയെ ഗ്രാമത്തില്‍ തന്നെ അടക്കം ചെയ്യാന്‍ അനുവാദം നല്‍കിയതായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.