സാൻറിമോ (ഇറ്റലി): ഇറ്റാലിയൻ തീരത്ത് ദൃശ്യമായ ‘വാട്ടർ സ്‌പൗട്ട്’ പ്രതിഭാസത്തിനുപിന്നാലെ തീര പട്ടണമായ സാൻറിമോയിൽ ചുഴലിക്കാറ്റ് വീശിയടിച്ചു. വൻ നാശനഷ്ടങ്ങളാണ് ചുഴലിക്കാറ്റിലുണ്ടായത്. സാൻറിമോ ഹാർബറിന് സമീപത്തായാണ് ‘വാട്ടർ സ്‌പൗട്ട്’ ദൃശ്യമായത്. നിരവധി പേർ ഇതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

വാട്ടർ സ്‌പൗട്ട് പ്രതിഭാസം പിന്നീട് ചുഴലിക്കാറ്റായി മാറി തീരത്തേക്ക് വീശിയടിക്കുകയായിരുന്നെന്നാണ് ബിബിസി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കാറ്റിൽ കെട്ടിടങ്ങൾക്ക് സാരമായ കേടുപാടുകൾ പറ്റിയിട്ടുണ്ട്. അതേസമയം, ആളപായമുണ്ടായതായി റിപ്പോർട്ടില്ല. ചുഴലിക്കാറ്റിനെത്തുടർന്ന് ബീച്ച് അടച്ചതായി ദി ടെലഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു.

#tornado#day#sanremo #liguria#italy

A post shared by Rudi G. (@rudi.grg) on

കഴിഞ്ഞ ആഴ്ച കേരളത്തിൽ തിരുവനന്തപുരം ജില്ലയുടെ ചില ഭാഗങ്ങളിൽ ‘വാട്ടർ സ്‌പൗട്ട്’ ദൃശ്യമായിരുന്നു. ഇതു കഴിഞ്ഞ് രണ്ടു ദിവസം കഴിഞ്ഞപ്പോഴാണ് ഓഖി ചുഴലിക്കാറ്റ് കേരളത്തിലും തമിഴ്നാട്ടിലും വീശിയടിച്ചത്. ഓഖി ചുഴലിക്കാറ്റിൽ 30 ലധികം പേർ സംസ്ഥാനത്ത് മരിക്കുകയും വൻ നാശനഷ്ടം ഉണ്ടാക്കുകയും ചെയ്തിരുന്നു.

ഇടിമിന്നൽ മേഘങ്ങൾക്കിടയിൽ പെട്ടെന്നുണ്ടാകുന്ന മർദ്ദ വ്യത്യാസമാണ് വാട്ടർ സ്‌പൗട്ടിന് കാരണമാകുന്നത്. തുമ്പിക്കൈപോലെ കാർമേഘം താഴേക്ക് വരികയും കടൽപ്പരപ്പിലൂടെ നീങ്ങുകയും ചെയ്യും. കരയിൽ ഉണ്ടാകുന്ന ടൊർണാഡോയുടെ മറ്റൊരു പതിപ്പാണിത്. പഴമക്കാരും മത്സ്യത്തൊഴിലാളികളും ‘ആനക്കാൽ’ പ്രതിഭാസം എന്ന് വിളിക്കുന്ന കടൽ ടൊർണാഡോയാണിതെന്നാണ് വിദഗ്‌ധർ പറയുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ