ഈ വർഷം ഫെബ്രുവരിയിൽ, സ്ത്രീകൾക്ക് സൗജ്യന്യമായി സ്തനം വച്ചു പിടിപ്പിക്കുന്ന (ബ്രെസ്റ്റ് ഇം‌പ്ലാന്റ്) ഒരു പദ്ധതി തമിഴ്‌നാട് സർക്കാർ പ്രഖ്യാപിച്ചു, ചെന്നൈയിലെ സ്റ്റാൻ‌ലി ആശുപത്രിയിൽ നടപ്പാക്കപ്പെട്ട ഈ പദ്ധതിയിൽ എട്ടുമാസത്തിനുള്ളിൽ സൗജന്യ ശസ്ത്രക്രിയയ്ക്ക് വിധേയയായത് ഒരേ ഒരാളാണ്, 38 കാരിയായ പി വി മഹാലക്ഷ്മി. തമിഴ്നാട്ടിലെ ജനങ്ങൾ വളരെ യാഥാസ്ഥിതികരാണെന്നും അതാണ് സ്തനം വച്ചുപിടിപ്പിക്കൽ പദ്ധതി വ്യാപകമായി പ്രചരിക്കാത്തതെന്നും ഇതേക്കു റിച്ച് സ്റ്റാൻ‌ലി ആശുപത്രിയിലെ പ്ലാസ്റ്റിക് സർജറി വിഭാഗം തലവനും ശസ്ത്രക്രിയ നടത്തിയ ഡോക്ടറുമായ വി.രമാദേവി വിശദീകരിക്കുന്നു.

“സ്തനം വച്ചുപിടിപ്പിക്കുന്നത് പോകട്ടെ, സൗജന്യ പ്രതിരോധ കുത്തിവയ്പ്പിനുപോലും ചെന്നൈയിലെ ജനങ്ങൾ മുൻപോട്ടു വരില്ല. പക്ഷേ ധാരാളം ഭിന്നലിംഗക്കാർ ഇതെക്കുറിച്ച് അന്വേഷണവുമായി വരുന്നുണ്ട്, ഇപ്പോൾ ശസ്ത്രക്രിയയ്ക്കുള്ള കാത്തിരിപ്പിലുള്ളതും ആ വിഭാഗത്തിൽ പെട്ടയാളാണ്.” അവർ പറയുന്നു. പന്ത്രണ്ട് വർഷം മുൻപ് നടന്ന പ്രസവത്തിനുശേഷം സ്തനങ്ങൾ ചുരുങ്ങിയതുകൊണ്ടാണു താനിതിന് വിധേയയാകുന്നതെന്ന് ശസ്ത്രക്രിയയ്ക്ക് മുൻപ് മഹാലക്ഷ്മി ഇന്ത്യൻ എക്സ്പ്രസ്സിനോടു പറഞ്ഞിരുന്നു.

Read More: #ImplantFiles: എന്താണ് ഇംപ്ലാന്റ് ഫയൽസ് അന്വേഷണം

ഈ പ്രശ്നം തന്നെ കുറെനാളുകളായി അലട്ടിയിരുന്നുവെന്നും അത് ലൈംഗികജീവിതത്തെ ബാധിച്ചതിനാൽ കുറ്റബോധമനുഭവപ്പെട്ടുവെന്നും മഹാലക്ഷ്മി പറഞ്ഞു. അതുകൊണ്ടാണ് സർക്കാരിന്റെ സൗജന്യ പദ്ധതിയെപ്പറ്റി പത്രത്തിൽ വായിച്ചറിഞ്ഞ ഭർത്താവ് അതിനെപ്പറ്റി പറഞ്ഞപ്പോൾ താനതിന് മുതിർന്നത്. കട നടത്തുകയാണ് ഭർത്താവ്, ഇങ്ങനെയൊരു ശസ്ത്രക്രിയയ്ക്കായി ഒരു ലക്ഷം രൂപം മുടക്കുവാൻ തങ്ങൾക്കാവില്ലെന്ന് മഹാലക്ഷ്മി വ്യക്തമാക്കി.

സെപ്റ്റംബർ 14ന് ശസ്ത്രക്രിയയ്ക്ക് വിധേയയായ മഹാലക്ഷ്മി, താനതിന്റെ ഫലത്തിൽ സന്തുഷ്ടയല്ലെന്നാണ് രണ്ടുമാസങ്ങൾക്ക് ശേഷമിപ്പോൾ പറയുന്നത്. “എന്റെ ചർമ്മത്തിനു യോജിച്ച 400 സി സി സിലിക്കോൺ ഇം‌പ്ലാന്റ് ആയിരുന്നു എനിക്കു വേണ്ടിയത്, പക്ഷേ തീരെചെറിയ 275 സി സിയാണ് ഉപയോഗിച്ചത്. കൂടാതെ ഇപ്പോൾ മുലകൾ ഇടിയുകയും ചെയ്യുന്നു, അതിനാൽ എന്റെ പ്രശ്നം ഭാഗികമായി മാത്രമേ പരിഹരിക്കപ്പെ ട്ടിട്ടുള്ളു,” അവർ പറയുന്നു. തങ്ങൾ പലപ്പോഴും ശസ്ത്രക്രിയാനന്തര പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നുണ്ടെന്നും, വലിയ ഇം‌പ്ലാന്റുകൾക്കുള്ള ആവശ്യം, പ്രത്യേകിച്ചും ഭിന്നലിംഗക്കാരിൽ നിന്നും, കൂടുതലായി വരുന്നുണ്ടെന്നും ഡൽഹിയിലും ചെന്നൈയിലും ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഡോക്ടർമാർ പറയുന്നു.

Read More: #ImplantFiles–ഡോക്ടർമാരെ സൗജന്യങ്ങളിലും രോഗികളെ വായ്പയിലും കോർത്തെടുക്കുന്ന തന്ത്രം

ട്രാൻസ് വ്യക്തികളുടെ സംഘടനയായ ‘സഹോദരൻ’ സന്ദർശിച്ചപ്പോൾ, അവരുടെ 3500 അംഗങ്ങളിൽ ഭൂരിപക്ഷംപേരും സ്തനം വച്ചുപിടിപ്പിക്കൽ ശസ്ത്രക്രിയയ്ക് കാത്തിരിക്കുന്നവരോ അതു നടത്തിയവരോ ആണെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. “ട്രാൻസ് വ്യക്തികളിൽ വലിയ മുലകൾക്ക് വേണ്ടിയുള്ള ആഗ്രഹം കൂടുതലാണ്. അവരിൽ പലരും ലൈംഗിക തൊഴിലാളികളായതുകൊണ്ടും, ശസ്ത്രക്രിയയ്ക്കു ശേഷം ആവശ്യമുള്ള വിശ്രമമെടുക്കുവാൻ കഴിയാത്തതിനാലും പലപ്പോഴും വച്ചു പിടിപ്പിക്കുന്നത് ചോരുകയോ തുന്നലുകൾ തുറന്നുപോകുകയോ ചെയ്യുന്നുണ്ട്.” ‘സഹോദര’നിലെ ജനറൽമാനേജർ എ ജയ പറയുന്നു.

ഡൽഹിയിൽ നിന്ന് 25000-30000 വരെ രൂപയ്ക്ക് ഇം‌പ്ലാന്റുകൾ വാങ്ങി കിൽപ്പാക്ക് മെഡിക്കൽ ആശുപത്രിയിലെയോ രാജീവ് ഗാന്ധി ഗവൺമെന്റ് ജനറൽ ആശുപത്രിയിലെയോ ഡോൿടർമാർക്ക് കൊടുക്കുകയാണ് തങ്ങൾ ചെയ്തതെന്ന് മൂന്നു ട്രാൻസ് വനിതകൾ പറഞ്ഞു. ഫംഗസ് അണുബാധയുണ്ടായതായും തുന്നലുകൾ പൊട്ടിയതായും മൂന്നുപേരും പരാതിപ്പെടുന്നു. സർക്കാർ ആശുപത്രിയിലെ മോശപ്പെട്ട അനുഭവങ്ങൾ മൂലം, ഈയിടെ ‘സഹോദരൻ’ സംഘടനയിലെ, 20 പേർക്കെങ്കിലും ശസ്ത്രക്രിയകൾക്കായി തായ്‌ലന്റിലേയ്ക്ക് പോകേണ്ടിവന്നതായി പ്രിയങ്ക എന്ന ട്രാൻസ് വനിത പറയുന്നു.

“ബാങ്കോക്കിൽ ഇന്ത്യയിൽ നിന്നുള്ള ട്രാൻസ് വ്യക്തികൾക്ക് ആശുപത്രിയിലെ താമസം കൂടി ഉൾപ്പെടുന്ന ഒരു ലക്ഷം രൂപയുടെ ശസ്ത്രക്രിയാ പാക്കേജാണുള്ളത്, അവർ 600 സി സി വരെയുള്ള വലിയ പാക്കുകൾ വച്ചുപിടിപ്പിക്കുന്നു. ചെന്നൈയിലെ ഡോക്ടർമാർ വലിയ പാക്കുകൾ ഉപയോഗിക്കുവാൻ തയാറല്ല,” പ്രിയങ്ക അറിയിച്ചു. ഓരോ മാസവും തങ്ങൾ രണ്ട്- മൂന്ന് ശസ്ത്രക്രിയകൾ ഈ ഇനത്തിൽ ട്രാൻസ് വ്യക്തികളിൽ ചെയ്യാറുണ്ടെന്ന് ചെന്നൈയിലെ കിൽപാക്ക് മെഡിക്കൽ ആശുപത്രി യിലെ പ്ലാസ്റ്റിക് സർജന്മാർ പറയുന്നു. ഇതിൽ അവർ അഭിമുഖീകരിക്കു ന്നത് രണ്ട് പ്രശ്നങ്ങളാണ്: ഒന്ന് അവർ കൂടുതൽ വലിയ പാക്കുകൾ ആവശ്യപ്പെടുന്നു, രണ്ട്, ശസ്ത്രക്രിയാനന്തര പരിശോധനകൾക്കും നിരീക്ഷണങ്ങൾക്കുമായി അവരങ്ങനെ വരാറില്ല.

ക്യാപ്‌സൂൾ രൂപംകൊള്ളൽ, പാക്ക് പൊട്ടിയുണ്ടാകുന്ന കടുത്ത അണുബാധ എന്നിവപോലെയുള്ള സങ്കീർണ്ണ പ്രശ്നങ്ങൾ ധാരാളമായി വരാറുണ്ടെന്ന് കിൽപ്പാക് ആശുപത്രിയിലെ അസ്സോസിയേറ്റ് പ്രൊഫസ്സറായ ഡോ. ജി കാർത്തികേയൻ വെളിപ്പെടുത്തി. ട്രാൻസ് വ്യക്തികളുടെ ശസ്ത്രക്രിയകൾ കൈകാര്യം ചെയ്യുന്ന മറ്റൊരു ഡോക്ടറാണ് ഡിസയർ ഈസ്റ്ററ്റിക്സിലെ ഡോ. എ ശിവകുമാർ. അദ്ദേഹമവരിൽ നിന്ന് ശസ്ത്രക്രിയയ്ക്ക് പണം വാങ്ങില്ല, ആശുപത്രി ച്ചെലവുകൾ മാത്രം വഹിച്ചാൽ മതി.

“ശരിയാണ്, പല ട്രാൻസ് വ്യക്തികൾക്കും വലിയ പാക്കുകൾ വേണ്ടതു കൊണ്ട് അത് സ്വയം വാങ്ങിക്കൊണ്ടുവരാറുണ്ട്. പക്ഷേ ചർമ്മം വളരെയധികം വലിച്ചു നീട്ടേണ്ടിവരുന്നതിനാൽ, പലപ്പോഴും അതു പൊട്ടിപ്പോകുന്നതിനും അണുബാധയുണ്ടാകുന്നതിനും കാരണമാകുന്നു. പെട്ടെന്ന് തന്നെ അതിനു പരിഹാര ശസ്ത്രക്രിയകൾ ചെയ്യേണ്ടിവരും. മറ്റു രോഗികളിൽ, പ്രസവത്തിന് ശേഷം മുലയിടിയുന്നത് അവരുടെ ആത്മവിശ്വാസത്തെ ബാധിക്കുമെന്നതാണ് കണ്ടുവരുന്നത്.” അദ്ദേഹം പറയുന്നു.

Read More:#ImplantFiles: മെഡിക്കൽ ഉപകരണ മേഖലകളിലെ തട്ടിപ്പുകൾ

ട്രാൻസ് വ്യക്തികൾ കൊറിയർ വഴി സിലിക്കോൺ പാക്കുകൾ വാങ്ങുന്ന, ഡൽഹി മാളവ്യ നഗറിലെ എ ലോഖൻപാൽ ട്രേഡിങ് കമ്പനി ഇന്ത്യൻ എക്സ്പ്രസ്സ് ടീം സന്ദർശിച്ചു. പ്ലാസ്റ്റിക് സർജറിയും മുടി വച്ചുപിടിപ്പിക്കലുമായി ബന്ധപ്പെട്ട ഉപകരണങ്ങൾ വൻ തോതിൽ സംഭരിച്ചിട്ടുള്ള കമ്പനിയിലെ ജോലിക്കാർ, സിലിക്കോൺ പാക്കുകൾ വിൽക്കുവാൻ തയ്യാറായിരുന്നു. ഹോങ്ങ്കോങ്ങ് ബ്രാൻഡ് ആയ റെഫിനെക്സ് ( Refinex) ആണവർ തരാമെന്ന് പറഞ്ഞത്. ഡോക്ടർമാരുടെ നിർദ്ദേശമില്ലാതെ പാക്കുകൾ വിൽക്കുന്നതിനെപ്പറ്റി ചോദിച്ചപ്പോൾ, “ഞങ്ങളിപ്പോൾ ഡോക്ടറുടെ കുറിപ്പ് നിങ്ങളോടു ചോദിക്കുവാൻ തുടങ്ങുകയായിരുന്നു” എന്നാണു കമ്പനി ഉടമസ്ഥൻ അശോക് പോൾ പറഞ്ഞത്.

ഈ പാക്കുകൾക്ക് എഫ് ഡി എ അംഗീകാരമുണ്ടോയെന്ന് അന്വേഷിച്ചപ്പോൾ, “കസ്റ്റമേഴ്സിന് ഈ പാക്കുകൾ വേണം, എല്ലാ വലുപ്പത്തിലുമുള്ളത് ഞങ്ങൾ പരാതികളില്ലാതെ വിൽക്കുകയും ചെയ്യുന്നു. എനിക്ക് ഇന്റർ നാഷണൽ അഥവാ എഫ് ഡി എ അംഗീകാരങ്ങളെപ്പറ്റിയറിയില്ല. ഏതെങ്കിലും ഒരു ഉപകരണത്തിനുള്ള ലൈസൻസിനപേക്ഷിക്കുവാൻ എപ്പോഴെങ്കിലും CDSCO യിൽ (സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡാർഡ് കൺട്രോൾ ഓർഗനൈസേഷൻ) ചെല്ലുമ്പോൾ അതിനായി ചെയ്യേണ്ട പേപ്പർ ജോലികൾ വളരെയധികമാണെന്ന് മനസ്സിലായിട്ടുണ്ട്. അതിനാൽ ഇപ്പോൾ ഞങ്ങളതിനുള്ള ശ്രമങ്ങൾ ഉപേക്ഷിച്ചിരിക്കുന്നു,” എന്നാണയാൾ പറഞ്ഞത്.

ഇതാണ് സ്തനം വച്ചുപിടിപ്പിക്കൽ ശസ്ത്രക്രിയയ്ക്ക് വേണ്ട പാക്കുകളുടെ വിൽപ്പനയും നിയന്ത്രണവുമായി ബന്ധപ്പെട്ട യഥാർത്ഥ പ്രശ്നമെന്ന് പ്രമുഖ പ്ലാസ്റ്റിക് സർജന്മാർ പറയുന്നു. സിലിക്കോൺ ഇംപ്ലാന്റസിന്റെ അനധികൃതകമ്പോളം അതിവേഗം പെരുകുന്നവെന്ന് ഡൽഹി സാകേതിൽ ഏസ്തെറ്റിക്സ് സെന്റർ നടത്തുന്ന ഡോ. മോനിഷ കപൂർ പറഞ്ഞു. “ഇന്ത്യയിലല്ലാതെ മറ്റൊരിടത്തും രോഗികൾ സ്വയം പാക്കുകൾ വാങ്ങി ഡോക്ടർ മാരെ ഏല്‍പ്പിക്കുന്നില്ല. എന്റെയടുത്ത് പാക്കുകളുമായി ട്രാൻസ് വ്യക്തികൾ വരാറുണ്ട്, പക്ഷേ അംഗീകാരമുള്ള വില്‍പ്പനക്കാരിൽ നിന്നും നേരിട്ട് വാങ്ങുന്നത് ഞാൻ നിർബന്ധിതമാക്കിയിരിക്കുന്നു,“ അവർ പറഞ്ഞു. തങ്ങൾ ശസ്ത്രക്രിയയ്ക്കായി തായ്‌ലൻഡിൽ പോകുന്നുവെന്ന് ചെന്നൈയിലെ ട്രാൻസ് വ്യക്തികൾ പറയുമ്പോൾ, അമേരിക്ക, കാനഡ എന്നിവ ഉൾപ്പടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്ന് ട്രാൻസ് വ്യക്തികൾ ഇതേ ആവശ്യത്തിനായി ഇന്ത്യയിൽ വരുന്നതായി ഡൽഹിയിലെ ഓൾമെക് ക്ലിനിക്കിലെ ഡോ. നരേന്ദ്ര കൗശിക് പറയുന്നു. ലിംഗമാറ്റ ശസ്ത്രക്രിയ കളും ഇതോടൊപ്പം ആവശ്യപ്പെടാറുണ്ട്. തന്മൂലം ബിസിനസ്സ് സാധ്യതകൾ അത്രയധികമായതിനാൽ, ട്രാൻസ് വ്യക്തികൾക്ക് മാത്രമായി ഒരു പുതിയ ആശുപത്രി തുടങ്ങുന്നതിനെപ്പറ്റിയും ഡോ കൗശിക് ആലോചിക്കുന്നു.

“ഒരു പ്രത്യേക വിഭാഗമെന്ന നിലയിൽ, സ്തനം വച്ചുപിടിപ്പിക്കുന്നതിനാഗ്രഹിക്കുന്ന വലിയൊരു വിഭാഗമാണ് ട്രാൻസ് വ്യക്തികൾ. പക്ഷേ അവർ ഹ്രസ്വകാലനേട്ടങ്ങളാണ് ലക്ഷ്യമാക്കുന്നത്. സ്തനം വച്ചുപിടിപ്പിക്കലെന്നത് യാത്രയിലെ ഒന്നാമത്തെ ഘട്ടം മാത്രമാണെന്നവർ തിരിച്ചറിയുന്നില്ല. അതിന്റെ അപകടസാധ്യതകൾ ആയുസ്സു മുഴുവൻ നീണ്ടു നിൽക്കുന്ന താണ്,” പ്രമുഖ പ്ലാസ്റ്റിക് സർജനായ ചെന്നൈ അപ്പോളോ ആശുപത്രിയി ലെ ഡോ കെ രാമചന്ദ്രൻ ഈ പ്രശ്നത്തെ ഇങ്ങനെ സംഗ്രഹിക്കുന്നു.

Read in English Logo Indian Express

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook