ന്യൂഡല്‍ഹി: രാജ്യസ്നേഹം ഉണര്‍ത്തുന്ന ദേശഭക്തി ഗാനങ്ങള്‍ അവതരിപ്പിക്കുന്ന ബാന്‍ഡുകളുടെ പരിപാടികള്‍ ക്യാംപസുകളില്‍ അവതരിപ്പിക്കാന്‍ ഐഐടികളോടും കേന്ദ്ര സര്‍വ്വകലാശാലകളോടും കേന്ദ്ര മാനവവിഭവശേഷി വകുപ്പിന്റെ നര്‍ദേശം. ‘യെ ഇന്ത്യാ കാ ടൈം ഹെ’ (ഇത് ഇന്ത്യയുടെ സമയം) എന്ന് പേരിട്ട പദ്ധതിയില്‍ രാജ്യസ്നേഹം ഉണര്‍ത്തുന്ന ഗാനങ്ങള്‍ രാജ്യത്തെ കോളേജുകളില്‍ അവതരിപ്പിക്കാന്‍ ബാന്‍ഡുകളെ കേന്ദ്രം തെരഞ്ഞെടുക്കും.
ഒരു സ്വാകാര്യ കമ്പനിയെ ആണ് റോക്ക് ബാന്‍ഡുകളെ തെരഞ്ഞടുക്കാന്‍ കേന്ദ്രം ചുമതലപ്പെടുത്തിയിരിക്കുന്നത്. അടുത്ത മാസത്തോടെ രാജ്യത്തെ പല ക്യാംപസുകളിലും പരിപാടി സംഘടിപ്പിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. സ്വാതന്ത്ര്യദിനത്തിന്റെ എഴുപതാം വാര്‍ഷികത്തിന്റേയും ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ 75ആം വാര്‍ഷികത്തിന്റേയും പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ പുതിയ പദ്ധതി.
70ആം സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി സ്വാതന്ത്ര്യസമര സേനാനികളുടേയും രക്തസാക്ഷികളായവരുടേയും സ്മാരകസ്ഥലങ്ങള് സന്ദര്‍ശിക്കാന്‍ കോളേജുകള്‍ക്ക് കേന്ദ്രം ഈ മാസമാദ്യം നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി സ്കൂളുകളിലും കോളേജുകളിലും പ്രത്യേക പ്രതിജ്ഞാ ചടങ്ങുകളും നടന്നിരുന്നു.