ന്യൂഡല്‍ഹി: സ്വകാര്യയാത്രയ്ക്കു പൊതു പണം ചെലവഴിച്ച സംഭവത്തില്‍ കേരളത്തിലെ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥ ഇഷിത റോയ്‌ക്കെതിരെ അന്വേഷണവുമായി കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര മാനവശേഷി വികസന മന്ത്രാലയം ജോയിന്റ് സെക്രട്ടറിയായിരിക്കെ രാഷ്ട്രീയ ഉച്ഛതാര്‍ ശിക്ഷ അഭിയാന്‍ (റുസ) ഫണ്ടില്‍നിന്ന് 23 ലക്ഷം രൂപ അനധികൃതമായി കൈപ്പറ്റിയെന്നാണു കണ്ടെത്തല്‍. ഇക്കാര്യം കേന്ദ്ര മാനവശേഷി വികസന മന്ത്രാലയം പ്രധാനമന്ത്രിയുടെ ഓഫീസിനെ ധരിപ്പിച്ചു. നിലവില്‍ സംസ്ഥാന ഫിഷറീസ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് ഇഷിത.
സംസ്ഥാനങ്ങള്‍ക്കുള്ള ഉന്നത വിദ്യാഭ്യാസ പദ്ധതിയായ റുസ നാഷണല്‍ മിഷന്‍ ഡയറക്ടര്‍ ചുമതല വഹിക്കവെയാണ് ഇഷിത റോയ് പൊതു ഫണ്ട് ദുരുപയോഗം ചെയ്തത്. റുസ മുന്‍ ദേശീയ കോര്‍ഡിനേറ്ററും ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് സോഷ്യല്‍ സയന്‍സസ് (ടിസ്) പ്രൊഫസറുമായ ബി.വെങ്കടേഷ് കുമാറും പൊതു പണം ദുരുപയോഗം ചെയ്തതായി ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് സോഷ്യല്‍ സയന്‍സസ് നടത്തിയ ഓഡിറ്റില്‍ കണ്ടെത്തി.
വെങ്കടേഷ് കുമാര്‍ സമര്‍പ്പിച്ച ബില്ലുകള്‍ക്കൊപ്പം ഇഷിത റോയിയുടെയും രണ്ടു മക്കളുടെയും പേരില്‍ ചെലവഴിച്ച 23 ലക്ഷം രൂപയുടെ കണക്കുമുണ്ടെന്നു കാണിച്ച് ടിസ് സെപ്റ്റംബറിലാണു മന്ത്രാലയത്തെ അറിയിച്ചത്. തന്റെയും മക്കളുടെയും ഇന്ത്യയിലും വിദേശത്തുമായുള്ള യാത്രകള്‍ക്കാണ് ഇഷിത പൊതു ഫണ്ട് ഉപയോഗിച്ചതെന്നാണ് ഓഡിറ്റിലെ കണ്ടെത്തല്‍. 1991 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയായ ഇഷിത റോയ് ഏഴു മാസം മുന്‍പാണു മാനവശേഷി വകുപ്പില്‍നിന്നു കേരള കേഡറില്‍ തിരിച്ചെത്തിയത്. ഇതിനുപിന്നാലെയാണ് അഴിമതി കണ്ടെത്തിയത്.
Read Also: നടിയെ ആക്രമിച്ച കേസ്: ഇര തനിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്ന് ദിലീപ് കോടതിയിൽ
വെങ്കടേഷ് കുമാര്‍ 2.02 കോടി രൂപ തട്ടിയെടുത്തതായാണു കണ്ടെത്തല്‍. ഇതില്‍ 1.26 കോടി രൂപയുടെ ചെലവിനായി സമര്‍പ്പിച്ചതു കൈ കൊണ്ട് എഴുതിയ ടാക്‌സി ബില്ലുകളാണ്. ഇതില്‍ 51 ലക്ഷം രൂപ ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലായി ചെക്ക് വഴി കുമാര്‍ തിരിച്ചു നല്‍കി. ഇഷിത 6,47,284 രൂപ കുമാറിനു തിരിച്ചുനല്‍കി. അദ്ദേഹം, ഈ തുക റോയിയുടെയും മക്കളുടെയും സ്വകാര്യ ആവശ്യത്തിനുള്ള വിമാന യാത്രയ്ക്ക് ഉപയോഗിച്ചതാണെന്നു സമ്മതിച്ചുകൊണ്ട് ഓഗസ്റ്റില്‍ ടിസ്സിനു തിരിച്ചുനല്‍കുകയും ചെയ്തു. ഇഷിതയുടെ മക്കളുടെ വിമാന യാത്രയ്ക്ക് ഉപയോഗിച്ചതെന്നു കാണിച്ച് മറ്റൊരു 70,116 രൂപയും വെങ്കടേഷ് കുമാര്‍ തിരിച്ചടച്ചു.
റുസ റിസോഴ്‌സ് പേഴ്‌സണ്‍സ്, അല്ലെങ്കില്‍ മന്ത്രാലയം ഉദ്യോഗസ്ഥര്‍ എന്നു കാണിച്ചാണ് ഇഷിത റോയിയുടെ മകന്റെയും മകളുടെയും വിദേശ, ആഭ്യന്തര യാത്രാ ബില്ലുകള്‍ വെങ്കടേഷ് കുമാര്‍ ടിസ്സിനു സമര്‍പ്പിച്ചത്. മാനവിഭവ ശേഷി വികസന മന്ത്രാലയത്തിലെ കാലാവധി ഇഷിത പൂര്‍ത്തിയാക്കിയശേഷമുള്ള ബില്ലുകളിലും അവരുടെയും മക്കളുടെയും പേര് പരാമര്‍ശിച്ചിട്ടുണ്ട്.
ടിസ്സിലെ സെന്റര്‍ ഫോര്‍ പോളി ആന്‍ഡ് ഗവേണന്‍സ്, സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ലേബര്‍ സ്റ്റഡീസ് ചെയര്‍പേഴ്‌സണറായ വെങ്കടേഷ് കുമാര്‍ 2013 നവംബറിലാണു റുസ മുന്‍ ദേശീയ കോര്‍ഡിനേറ്ററായി ചുമതലയേറ്റത്. 2019 ജൂലൈ 27ന് ഇദ്ദേഹത്തെ ഒഴിവാക്കി മുന്‍ യുജിസി ജോയിന്റ് സെക്രട്ടറി സുനിത സിവാച്ചിനെ റുസയുടെ പുതിയ കോര്‍ഡിനേറ്ററായി മാനവശേഷി വകുപ്പ് അടിയന്തരമായി നിയമിച്ചിരുന്നു. സെപ്റ്റംബറില്‍ വെങ്കടേഷ് കുമാറിനു ടിസ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.
Read Also: കൊറോണ വൈറസ്; സുരക്ഷിതരായിരിക്കാൻ ചില വഴികൾ ഇതാ
ഇഷിതയ്ക്കും വെങ്കടേഷിനുമെതിരായ കണ്ടെത്തല്‍ മാനവശേഷി വകുപ്പ് സെപ്റ്റംബറില്‍ പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരുന്നു. ഇരുവര്‍ക്കുമെതിരെ മന്ത്രാലയം നടത്തുന്ന പ്രാഥമിക അന്വേഷണം പുരോഗമിക്കുകയാണ്. ഇതുസംബന്ധിച്ച് വിശദീകരണം തേടിയുള്ള ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ഫോണ്‍ കോളുകളോടും ഇ-മെയിലുകളോടും ഇരുവരും പ്രതികരിച്ചില്ല. വിഷയത്തില്‍ പ്രതികരിക്കാന്‍ ടിസ് റജിസ്ട്രാര്‍ പി. ബാലമുരുകനും തയാറായില്ല.
സംസ്ഥാനങ്ങളിലെ ഉന്നത വിദ്യാഭ്യാസത്തിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ട് 2013 ഒക്‌ടോബറിലാണു റുസ ആരംഭിച്ചത്. ഇതുവഴി സംസ്ഥാന സര്‍ക്കാരുകളുടെ നിയന്ത്രണത്തിലുള്ള സര്‍വകലാശാലകളിലും കോളേജുകള്‍ക്കും ഫണ്ട് നല്‍കിവരുന്നുണ്ട്. 2016-17 മുതല്‍ എല്ലാ വര്‍ഷം മുതല്‍ ശരാശരി 1500 കോടി രൂപ റുസ വഴി കേന്ദ്രം നല്‍കുന്നുണ്ട്. 2013 നവംബര്‍ മുതല്‍ ടിസ്സാണു പദ്ധതിയുടെ നടത്തിപ്പ് ഏജന്‍സി.