ന്യൂയോർക്ക്: അറുന്നൂറോളം ഇന്ത്യന്‍ സംഘടനകളുടെ സഹായത്തോടെ ടെക്സാസിലെ ഇന്ത്യന്‍ സമൂഹം സംഘടിപ്പിക്കുന്ന ‘ഹൗഡി മോദി’ പരിപാടിക്ക് ഇനി 24 മണിക്കൂർ മാത്രം ബാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി എയര്‍ഇന്ത്യ വണ്‍ വിമാനത്തില്‍ അമേരിക്കയിലെത്തി. ടെക്സാസിലെത്തിയ മോദി, ‘ഹൗഡി ഹൂസ്റ്റൺ’ എന്ന് പറഞ്ഞുകൊണ്ട് ട്വിറ്ററിലൂടെ അമേരിക്കയിലെ ജനങ്ങളെ അഭിസംബോധന ചെയ്തു.

“ഹൗഡി ഹൂസ്റ്റൺ, ഏറെ ശോഭയാർന്ന ഒരു വൈകുന്നേരമാണിത്. ഏറെ ഊർജസ്വലമായ ഈ നഗരത്തിൽ നിന്നും ഇന്നും നാളെയും വിപുലമായ പരിപാടികൾ പ്രതീക്ഷിക്കുന്നു,” മോദി ട്വീറ്റ് ചെയ്തു.

ടെക്സാസ് സന്ദർശന വേളയിൽ മോദി ഊർജ്ജമേഖലയിലെ വ്യവസായ പ്രമുഖരെ കാണുകയും ഇന്ത്യൻ-അമേരിക്കൻ സമൂഹത്തെയും അവരുടെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെയും ഹൗഡി മോദി പരിപാടിയിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനൊപ്പം അഭിസംബോധന ചെയ്യുകയും ചെയ്യും. എന്നാൽ മോദിയാണോ ട്രംപാണോ ആദ്യം സദസിനെ അഭിസംബോധന ചെയ്യുക എന്നത് വ്യക്തമല്ല. ഇത് സംഘാടകർ സർപ്രൈസായി വച്ചിരിക്കുകയാണ്.

Read More: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തിന് ഇന്ന് തുടക്കം; ‘ഹൗഡി മോദി’ നാളെ

അമേരിക്കയിലെ ഇന്ത്യൻ സമൂഹമായ ടെക്സാസ് ഇന്ത്യൻ ഫോറമാണ് ഹൂസ്റ്റണിൽ പരിപാടി സംഘടിപ്പിക്കുന്നത്. ഹൂസ്റ്റണിലെ എൻആര്‍ജി സ്റ്റേഡിയത്തിൽ നടക്കുന്ന പരിപാടിയിൽ 50,000 ൽ കൂടുതൽ ആളുകള്‍ പങ്കെടുക്കുമെന്നാണ് വിലയിരുത്തൽ. 1500 ലധികം വളണ്ടിയര്‍മാര്‍ പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നുണ്ട്.

‘ഹൗഡി മോദി’ പരിപാടി ഇന്ത്യ– യുഎസ് ബന്ധത്തിലെ നാഴികക്കല്ലായി മാറുമെന്നു നരേന്ദ്ര മോദി പറഞ്ഞു. യുഎസ് സന്ദർശനം ഇന്ത്യ–യുഎസ് ബന്ധം കൂടുതൽ ഉറപ്പുള്ളതാക്കുമെന്നും ലോകത്തെ ഏറ്റവും പഴക്ക‌മുള്ളതും വലിയതുമായ ജനാധിപത്യ രാഷ്ട്രങ്ങള്‍ തമ്മിലുള്ള പങ്കാളിത്തം കൂടുതൽ കരുത്തുറ്റതാകുമെന്നും പ്രധാനമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.

സെപ്റ്റംബര്‍ 24 നാണ് നരേന്ദ്ര മോദി-ഡൊണാള്‍ഡ് ട്രംപ് നിര്‍ണായക കൂടിക്കാഴ്ച. യുഎന്‍ ജനറല്‍ അസംബ്ലിയില്‍ നരേന്ദ്ര മോദി പങ്കെടുത്ത് സംസാരിക്കും. കശ്മീര്‍ വിഷയം യുഎന്നില്‍ ഉന്നയിക്കില്ലെന്നാണ് ഇന്ത്യയുടെ തീരുമാനം. ഇരുപത്തിയേഴിനാണ് ന്യൂയോർക്കിൽ ഐക്യരാഷ്ട്രസഭയിൽ പ്രധാനമന്ത്രി സംസാരിക്കുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook