ന്യൂഡൽഹി: രണ്ടായിരത്തിന്റെ നോട്ടുകൾ പൊതു വിനിമയത്തിൽ നിന്ന് പിൻവലിക്കുന്നതായി കഴിഞ്ഞ ദിവസമാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) അറിയിച്ചത്. എന്നാൽ ഇക്കാര്യത്തിൽ പൊതുജനങ്ങൾക്കുള്ള ആശങ്കകൾ പരിഹരിക്കുന്നതിനായി വിശദീകരണവുമായി എത്തിയിരിക്കുകയാണ് ആര്‍ബിഐ.
ഇന്നു മുതലാണ് 2000 രൂപയുടെ നോട്ടുകൾ മാറിയെടുക്കാൻ സാധിക്കുന്നത്. ആർബിഐയുടെ ബാങ്ക് ശാഖകളെയോ ആർഒകളെയോ പൊതുജനങ്ങൾക്ക് സമീപിക്കാൻ കഴിയും. നോട്ട് മാറുന്നതിന്റെ തയാറെടുപ്പുകൾക്കുള്ള സമയം ആർബിഐ നൽകിയിരുന്നു.
നോട്ട് മാറുന്നതുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അറിയാം.
എന്തുകൊണ്ടാണ് 2000 രൂപ നോട്ടുകൾ പിൻവലിക്കുന്നത്?
2000 രൂപ നോട്ടുകളിൽ ഭൂരിഭാഗവും 2017 മാർച്ചിനു മുമ്പു പുറത്തിറക്കിയതാണ്. ഈ വിഭാഗത്തിലുള്ള നോട്ടുകൾ ഇടപാടുകൾക്ക് സാധാരണയായി ഉപയോഗിക്കുന്നില്ലെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഈ കാര്യങ്ങൾ കണക്കിലെടുത്ത്, റിസർവ് ബാങ്കിന്റെ “ക്ലീൻ നോട്ട് നയം” പ്രകാരമാണ് പ്രചാരത്തിൽ നിന്ന് 2000 രൂപയുടെ നോട്ടുകൾ പിൻവലിക്കാൻ തീരുമാനിച്ചത്.
കൈവശമുള്ള 2000 രൂപ നോട്ടുകൾ എന്തുചെയ്യണം?
പൊതുജനങ്ങളുടെ പക്കലുള്ള 2000 രൂപയുടെ നോട്ടുകൾ ബാങ്കുകളിൽ നിക്ഷേപിക്കാനോ അല്ലെങ്കിൽ മാറ്റിവാങ്ങാനോ സാധിക്കും. 2023 സെപ്റ്റംബർ 30 വരെ എല്ലാ ബാങ്കുകളിലും ഈ സൗകര്യം ലഭ്യമാണ്.
2000 രൂപ മാറുന്നതിന് ആവശ്യമായ രേഖകൾ എന്തൊക്കെ?
ഇതിന് പ്രത്യേക രേഖകളുടെ ആവശ്യമില്ല. 2000 രൂപയുടെ നോട്ടുമാറാൻ പ്രത്യേക ഫോം ആവശ്യമില്ലെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) അറിയിച്ചു. മേയ് 23 മുതൽ ബാങ്കുകളിൽ 2000 രൂപ നോട്ടുകൾ മാറികൊടുക്കുന്നതാണ്. 2000ത്തിന്റെ പത്ത് നോട്ടുകൾ (20,000 രൂപ) ഒരേ സമയം മാറ്റിയെടുക്കുകയോ നിക്ഷേപിക്കുകയോ ചെയ്യാം. ഒരു ദിവസം ഇത്തരത്തിൽ നോട്ടുകൾ മാറിയെടുക്കുന്നതിന് പരിധി നിശ്ചയിച്ചിട്ടില്ല.
ഒരു സമയം കൈമാറുന്ന നോട്ടുകളുടെ എണ്ണമാണ് പത്ത്, ഒരു ദിവസം എത്ര നോട്ടുകൾ മാറിയെടുക്കാം എന്നതിന് പരിധി തീരുമാനിച്ചിട്ടില്ല. നോട്ടുകൾ മാറുന്നതിന് ആധാർ പോലുള്ള രേഖകളും പ്രത്യേകം ഫോമുകളും ആവശ്യമാണെന്ന് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് എസ്ബിഐ വിശദീകരണം നൽകിയത്. മറ്റു ബാങ്കുകളും സമാന നിർദേശം വരും ദിവസങ്ങളിൽ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2000 രൂപ നോട്ടുകൾ തുടർന്നും ഉപയോഗിക്കാനാകുമോ?
തീർച്ചയായും. പൊതുജനങ്ങൾക്ക് ഇടപാടുകൾക്കായി 2000 രൂപയുടെ നോട്ടുകൾ തുടർന്നും ഉപയോഗിക്കാനും സ്വീകരിക്കാനും കഴിയും. എന്നിരുന്നാലും, 2023 സെപ്റ്റംബർ 30നോ അതിനുമുൻപോ ഈ നോട്ടുകൾ നിക്ഷേപിക്കാനും/കൈമാറ്റം ചെയ്യണമെന്നും ആർബിഎ പറയുന്നു. ഇഷ്യൂ ഡിപ്പാർട്ട്‌മെന്റുകളുള്ള ആർബിഐയുടെ 19 റീജണൽ ഓഫീസുകളിലും (ആർഒ)1 നോട്ടുകൾ മാറാനുള്ള സൗകര്യം ലഭ്യമാണ്.
2000 രൂപ നോട്ടുകൾ അക്കൗണ്ടിലേക്ക് നിക്ഷേപിക്കാമോ? ഇതിന് പരിധിയുണ്ടോ?
നിലവിലുള്ള കെവൈസി മാനദണ്ഡങ്ങളും ബാധകമായ മറ്റ് നിയമപരമായ ആവശ്യകതകളും പാലിക്കുന്നതിന് വിധേയമായി നിയന്ത്രണങ്ങളില്ലാതെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 2000 രൂപ നോട്ടുകൾ നിക്ഷേപിക്കാവുന്നതാണ്. നോട്ടുകൾ മാറ്റിയെടുക്കുന്നതിനു പ്രത്യേക ഫീസുകൾ ഇല്ല. സൗജന്യമായി നോട്ടുകൾ മാറ്റിയെടുക്കാം.
മാറ്റിവാങ്ങുന്ന നോട്ടുകൾക്ക് പരിധിയുണ്ടോ?
പൊതുജനങ്ങൾക്ക് ഒരുസമയം 2000ത്തിന്റെ പത്ത് നോട്ടുകൾ( അതായത് 20,000 രൂപവരെ) ബാങ്കിൽ പോയി മാറിയെടുക്കാം. ബാങ്കിന്റെ ശാഖകളിൽ നിന്ന് 2000 രൂപ നോട്ടുകൾ മാറ്റാൻ ബാങ്കിന്റെ ഉപഭോക്താവ് ആയിരിക്കണം എന്നില്ല. അക്കൗണ്ട് ഇല്ലാത്ത ഒരാൾക്ക് ഏത് ബാങ്ക് ശാഖയിലും ഒരേ സമയം 20,000 രൂപ എന്ന പരിധിയിൽ വരെ 2000ത്തിന്റെ നോട്ടുകൾ മാറ്റാം.
ഒരു അക്കൗണ്ട് ഉടമയ്ക്ക് പ്രതിദിനം 4000 രൂപ എന്ന പരിധി വരെ ബിസിനസ് കറസ്‌പോണ്ടന്റുമാർ (ബിസി) മുഖേന 20,00തിന്റെ നോട്ടുകൾ മാറ്റാവുന്നതാണ്. നോട്ടുകൾ മാറ്റാനോ നിക്ഷേപിക്കാനോ മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കും.