ഒരു വനിത രാഷ്ട്രപതിയാവുമ്പോൾ അവരെ എന്തുവിളിക്കും, രാഷ്ട്രപതിയെന്നോ? അതോ രാഷ്ട്രപത്നിയെന്നോ? നിലനിൽക്കുന്ന കീഴ്‌വഴക്കങ്ങളുടെയും ഭാഷാസങ്കേതങ്ങളുടെയും പശ്ചാത്തലത്തിൽ പരിശോധിക്കുമ്പോൾ നിരവധി പേർക്ക് ആശയക്കുഴപ്പമുണ്ടാക്കുന്ന ചോദ്യമാണിത്. ദ്രൗപതി മുര്‍മു ഇന്ത്യയുടെ പതിനഞ്ചാമത്തെ പ്രസിഡന്റായി ആരോഹണം ചെയ്യപ്പെട്ട സാഹചര്യത്തിൽ ആ പഴയ ചർച്ച വീണ്ടും സജീവമാവുന്നത്.
ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യത്തെ ആദ്യ വനിത പ്രസിഡന്റായി 2007ൽ പ്രതിഭ പാട്ടീല്‍ ചുമതലയേറ്റപ്പോഴാണ് ചില വനിത ആക്റ്റിവിസ്റ്റുകള്‍ രാഷ്ട്രപതിയെന്ന വാക്കില്‍ ഒളിഞ്ഞിരിക്കുന്ന ലിംഗ അനീതിയ്‌ക്കെതിരെ രംഗത്തുവന്നത്. സ്ത്രീയായ പ്രസിഡന്റിനെ എന്തുകൊണ്ട് ‘രാഷ്ട്രപത്‌നി’ എന്ന് സംബോധന ചെയ്തുകൂടായെന്നായിരുന്നു അവരുടെ ചോദ്യം. എന്നാൽ ഈ ആശയത്തെ പല വിദഗ്ധരും അന്ന് തളളി.
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ നിയമസഭയിലും പ്രസിഡന്റിനെ സംബോധന ചെയ്യേണ്ട പദത്തെച്ചൊല്ലി ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. ‘നേതാ’ എന്ന് വനിത പ്രസിഡന്റിനെ സംബോധന ചെയ്യാമെന്ന് നിയമസഭാംഗം കെ ടി ഷാ നിര്‍ദ്ദേശിച്ചപ്പോള്‍ ‘കര്‍ണാദര്‍’ എന്ന് മറ്റൊരംഗം പറഞ്ഞു.
അവസാനം മറ്റെല്ലാവിധ നിര്‍ദ്ദേശങ്ങളും തളളി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു തന്നെ ‘ രാഷ്ട്രപതി’ എന്ന വാക്ക് ഉറപ്പിക്കുകയായിരുന്നു. സ്വാതന്ത്ര്യസമര കാലത്ത് കോണ്‍ഗ്രസിലെ വനിത നേതാക്കളെ ‘രാഷ്ട്രപതി’ എന്നാണ് സംബോധന ചെയ്തിരുന്നത്.