scorecardresearch

ചൂട് കൂടുമ്പോൾ കൊതുക് കൂടുമോ?; കാലാവസ്ഥാ വ്യതിയാന പഠനങ്ങൾ പറയുന്നത്

ഉയർന്ന താപനില കൊതുകുകളെ വ്യാപിക്കാനും വളരാനും പെരുകാനും സഹായിക്കുന്നു എന്ന് സമീപകാല പഠനങ്ങൾ പറയുന്നു

ഉയർന്ന താപനില കൊതുകുകളെ വ്യാപിക്കാനും വളരാനും പെരുകാനും സഹായിക്കുന്നു എന്ന് സമീപകാല പഠനങ്ങൾ പറയുന്നു

author-image
WebDesk
New Update
mosquitoes, climate change, dengue, malaria, chikungunya, dengue deaths, dengue cases, zika virus, global warming, fogging, indian express news, express premium

ഡെങ്കി പനി കേസുകൾ 1996 മുതൽ 1,312% വർദ്ധിച്ചു, അത് കൊതുക് പെരുകുന്നതിന്റെ സൂചനയാണ്

രാജ്യത്തുടനീളം, മുമ്പെന്നത്തേക്കാളും കൂടുതലായി, കൊതുകുകൾ പെരുകുന്നു.

2022 ൽ ലഡാക്കിലെ ആദ്യത്തെ രണ്ട് ഡെങ്കി കേസുകൾ റിപ്പോർട്ട് ചെയ്തതോടെ. വെക്‌ടറിലൂടെ പകരുന്ന അണുബാധ (vector-borne infection) ഇന്ത്യയിലെ എല്ലായിടങ്ങളിലേക്കും പടർന്നു. - 2001-ൽ എട്ട് സംസ്ഥാനങ്ങളിൽ നിന്ന് തുടങ്ങി, ആ വർഷം എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഡെങ്കിപ്പനി ബാധിച്ചു.

Advertisment

ഈ വർഷവും രാജ്യത്തുടനീളം ഡെങ്കിപ്പനി കേസുകൾ വർധിച്ചു. ജൂലൈ അവസാനത്തോടെ 31,464 കേസുകൾ ആയി എന്ന് കഴിഞ്ഞ മാസം പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിനിടെ ഒരു ചോദ്യത്തിന് മറുപടിയായി ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി എസ് പി സിംഗ് ബാഗേൽ പറഞ്ഞു. 1996-ൽ 16,517-ൽ നിന്ന് 2022-ൽ 2,33,251 ആയി ഉയർന്നു ഡെങ്കിപ്പനി കേസുകൾ, അതായത് 1,312% വർധന.

എന്റമോളജിസ്റ്റുകളുടെ (പ്രാണികളെ പഠിക്കുന്ന ശാസ്ത്രജ്ഞരുടെ) കുറവ്, യാത്രകളിൽ വന്ന വർദ്ധനവ്, രോഗവാഹിനികളുടെ എണ്ണം നിയന്ത്രിക്കുന്നതിലെ പരാജയം, അണുബാധയുടെ വ്യാപനം തടയുന്നതിൽ പൊതുജനപങ്കാളിത്തം കുറഞ്ഞത് - ഇതൊക്കെയാണ് ഡെങ്കിപ്പനി കേസുകൾ വർദ്ധിക്കുന്നതിനുള്ള കാരണങ്ങളായി മന്ത്രി ചൂണ്ടിക്കാട്ടിയത്.

എന്നാൽ ആ പ്രതികരണത്തിൽ ഒരു പ്രധാന ഒരു ഘടകം മിസ് ആയി, പ്രത്യക്ഷത്തിൽ, വ്യക്തമായി തന്നെ അത് കാണാം എങ്കിലും - കാലാവസ്ഥാ വ്യതിയാനം.

Advertisment

കാലാവസ്ഥാ വ്യതിയാനം ഡെങ്കിപ്പനി പോലുള്ള രോഗവാഹകരിലൂടെ പകരുന്ന രോഗങ്ങളുടെ വ്യാപനത്തെ സ്വാധീനിക്കുന്നുവെന്ന് നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (എൻസിഡിസി), നാഷണൽ വെക്ടർ ബോൺ ഡിസീസ് കൺട്രോൾ പ്രോഗ്രാമിന്റെ (എൻവിബിഡിസിപി) മുൻ ഡയറക്ടർ ഡോ.അക്ഷയ് ധരിവാൾ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

'വെക്റ്റർ ബോൺ രോഗങ്ങൾ പരത്തുന്ന വിവിധ ആർത്രോപോഡുകളുടെ (കൊതുകുകൾ പോലുള്ള പ്രാണികൾക്ക് ഉപയോഗിക്കുന്ന സുവോളജിക്കൽ പദം) പ്രജനനവും സാന്ദ്രതയും കാലാവസ്ഥാ സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു എന്നത് സ്ഥിരീകരിക്കപ്പെട്ട വസ്തുതയാണ്. അതിനാൽ, വെക്റ്റർ ബോൺ രോഗങ്ങളുടെ വ്യാപനവും കാലാവസ്ഥാ വ്യതിയാനവും തമ്മിൽ തീർച്ചയായും ശക്തമായ ബന്ധമുണ്ട്,' അദ്ദേഹം ഉറപ്പിച്ചു പറയുന്നു.

കാലാവസ്ഥാ വ്യതിയാനം കൊതുകുകൾ മുമ്പ് ഇല്ലാതിരുന്ന പ്രദേശങ്ങളിൽ പോലും അവ വളരാനും പെരുകാനും സഹായിച്ചിട്ടുണ്ടെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇത് ലോകമെമ്പാടും സിക്ക വൈറസ്, ചിക്കുൻഗുനിയ, മലേറിയ, ഡെങ്കിപ്പനി തുടങ്ങിയ അണുബാധകളുടെ എണ്ണം വർദ്ധിക്കുന്നതിലേക്ക് നയിച്ചു. ഈ രോഗങ്ങൾ ഒരു ദശലക്ഷത്തിലധികം ആളുകളെ മരണത്തിലേക്ക് നയിക്കുകയും ഓരോ വർഷവും 700 ദശലക്ഷത്തിലധികം ആളുകളെ ബാധിക്കുകയും ചെയ്യുന്നു - ഏകദേശം പത്തിൽ ഒരാൾ ബാധിക്കപ്പെടുന്നു എന്ന് - വേൾഡ് മൊസ്‌കിറ്റോ പ്രോഗ്രാം പറയുന്നു. നിലവിലെ നിരക്കിൽ ചൂട് തുടരുകയാണെങ്കിൽ, ഈ സംഖ്യകൾ പലമടങ്ങ് വർദ്ധിക്കും.

mosquitoes, climate change, dengue, malaria, chikungunya, dengue deaths, dengue cases, zika virus, global warming, fogging, indian express news, express premium
Vector-borne diseases kill more than one million people and infect up to 700 million each year – almost one in ten people. (Express photo)

കാലാവസ്ഥയുമായുള്ള ബന്ധം

എല്ലാ ആർത്രോപോഡുകളേയും പോലെ കൊതുകുകളും തണുത്ത രക്തമുള്ള ജീവികളാണ്. തൽഫലമായി, ചുറ്റുമുള്ള അന്തരീക്ഷവുമായി പൊരുത്തപ്പെടുന്ന തരത്തിൽ ശരീര താപനില നിയന്ത്രിക്കാൻ അവർക്ക് കഴിയില്ല. അതിനാൽ, കാലാവസ്ഥാ വ്യതിയാനവും ആ വ്യതിയാനം കാലാവസ്ഥയിൽ വരുത്തുന്ന മാറ്റവും കൊതുകുകളിൽ വലിയ സ്വാധീനം ചെലുത്തുന്നു.

കൊതുകിന്റെ സാന്നിധ്യത്തിന്റെ ഏറ്റവും വലിയ പ്രേരകമാണ് താപനില. മാത്രമല്ല അവയുടെ ഭൂരിഭാഗം ഇനങ്ങളും ചൂടുള്ള കാലാവസ്ഥയിലാണ് വളരുന്നത്. അങ്ങനെ, ആഗോള താപനത്തോടൊപ്പം, കൊതുകുകൾക്ക് പ്രജനനം നടത്താനും, അതിജീവിക്കാനും കഴിയുന്ന സ്ഥലങ്ങളുടെ ഭൂമിശാസ്ത്രപരമായ വ്യാപനവും വർദ്ധിച്ചു. ഇത് ആത്യന്തികമായി നിരവധി അണുബാധകൾക്ക് വഴി തെളിച്ചു.

ഉദാഹരണത്തിന്, ഹിമാചൽ പ്രദേശ് എടുക്കുക. 2011 വരെ, സംസ്ഥാനത്ത് ഡെങ്കിപ്പനി കേസുകൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നില്ല. എന്നാൽ പിന്നീടുള്ള ഏഴ് വർഷങ്ങളിൽ ഇത് പ്രതിവർഷം 4,600 കേസുകളായി ഉയർന്നു. ഹിമാചൽ പ്രദേശ് സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്റ് പ്ലാൻ 2012 പ്രകാരം വടക്കുപടിഞ്ഞാറൻ ഹിമാലയൻ പ്രദേശത്ത് മെർക്കുറിയുടെ അളവ് ഏകദേശം 1.6 ഡിഗ്രി സെൽഷ്യസ് വർദ്ധിച്ചതായി കാണുന്നു. ആ വിശാലപ്രദേശത്തെ താപനിലയിലെ വർദ്ധനവിന് സമാനമാണ് ഈ വർദ്ധനവ്.

ഐസിഎംആർ-നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മലേറിയ റിസർച്ചിലെ ഗൗരവ് കുമാറും ശ്വേത പാസിയും ചേർന്ന് മൈക്രോബയോളജി ആൻഡ് ഇൻഫെക്ഷ്യസ് ഡിസീസസ് ജേർണലിൽ എഴുതിയ 'ഇന്ത്യയിലെ വടക്കൻ ഹിമാലയൻ സംസ്ഥാനത്തിലെ ഡെങ്കിപ്പനി പകർച്ചവ്യാധികളുടെ അപകടസാധ്യത: വേണ്ട പോലെ തയ്യാറെടുപ്പുകൾ ഉണ്ടോ?' എന്നതിൽ, രചയിതാക്കൾ ഇങ്ങനെ ചൂണ്ടിക്കാട്ടുന്നു. ഹിമാചൽ പ്രദേശിൽ ഡെങ്കിപ്പനി പടരുന്നതിന് സഹായകമായേക്കാവുന്ന നിരവധി ഘടകങ്ങൾ ഉണ്ട്. എന്നിരുന്നാലും, കാലാവസ്ഥാ വ്യതിയാനമാണ് പ്രധാന കാരണം.

കാലാവസ്ഥാ വ്യതിയാനം, നഗരവൽക്കരണം, വർധിച്ച ഗതാഗതത്തോടു കൂടിയ ആഗോളവൽക്കരണം, വെക്റ്റർ നിയന്ത്രണ സൗകര്യങ്ങളുടെ കാര്യത്തിൽ തയ്യാറെടുപ്പിന്റെ അഭാവം എന്നിവയാണ് ഡെങ്കിപ്പനിയുടെ വ്യാപനത്തിന് അടിവരയിടുന്നതായി കണ്ടെത്തിയ ഘടകങ്ങൾ. ഇവയിൽ, കാലാവസ്ഥാ വ്യതിയാനമാണ് ഹിമാചൽ പ്രദേശിൽ രോഗം വിതയ്ക്കുന്നതിന് പ്രാഥമികമായി കാരണം എന്ന് തോന്നുന്നു, അവർ എഴുതി.

mosquitoes, climate change, dengue, malaria, chikungunya, dengue deaths, dengue cases, zika virus, global warming, fogging, indian express news, express premium
രാജ്യത്തുടനീളം, മുമ്പെന്നത്തേക്കാളും കൂടുതലായി, കൊതുകുകൾ പെരുകുന്നു (Express Photo)

ഐ സി എം ആറിലെ രമേഷ് സി ധിമാനും സയ്യിദ് ഷാ അരീബ് ഹുസൈനും ചേർന്ന് നടത്തിയ 2022-ൽ നടത്തിയ, എജിയു ജേണലിൽ പ്രസിദ്ധീകരിച്ച 'ഡെങ്കിപ്പനി വാഹകരുടെ വിതരണവും ഇന്ത്യയിലെ കാലാവസ്ഥാ വ്യതിയാനവും' എന്ന പഠനത്തിൽ, ഡെങ്കിപ്പനി വാഹകരായ ഈഡിസ് ഈജിപ്തി, ഈഡിസ് ആബ്‌ളോപിക്റ്റ്‌സ് എന്നിവ അപകടസാധ്യതയുള്ളവയാണെന്ന് പറയുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനം കാരണം താർ മരുഭൂമിയിലെ ചില ഭാഗങ്ങളിലേക്കും ഹിമാലയത്തിന്റെ മുകൾ ഭാഗങ്ങളിലേക്കും വ്യാപനംനടക്കാനുള്ള റിസ്കും ഉള്ളതായി പറയുന്നു.

ഉയർന്ന താപനില കൊതുകുകൾ സജീവമായിരിക്കുന്ന സീസണിന്റെ ദൈർഘ്യവും വർദ്ധിപ്പിക്കുന്നു. ഇത് രോഗാണുക്കൾ പരത്തുന്ന രോഗങ്ങളുടെ സംക്രമണത്തിന് കൂടുതൽ കാലയളവ് അനുവദിക്കുന്നു. തുടർന്നുള്ള വർഷങ്ങളിൽ കൊതുക് സാന്നിധ്യത്തിന്റെ ദൈർഘ്യം കൂടിയ കാലങ്ങൾക്ക് ഇന്ത്യ സാക്ഷ്യം വഹിക്കുമെന്ന് വിദഗ്ധർ പറയുന്നു.

എന്നാൽ കൊതുകുകൾക്ക് വളരെ ചൂടുള്ളതും വരണ്ടതുമായ അവസ്ഥകൾ പറ്റില്ല. സാധാരണയായി 32 ഡിഗ്രി സെൽഷ്യസിനപ്പുറം
അവയുടെ പ്രവർത്തനം മന്ദഗതിയിലാകാൻ തുടങ്ങും. അത് കൊണ്ട് തന്നെ വെക്റ്റർ ബോൺ രോഗങ്ങളുടെ സംക്രമണവും. ഉദാഹരണത്തിന്, മലേറിയ 25 ഡിഗ്രി സെൽഷ്യസിലാണ് പടരാൻ സാധ്യതയുള്ളത്, അതേ സമയം സിക്കക്ക് താങ്ങാൻ പറ്റുന്ന ഏറ്റവും ഉയർന്ന താപനില 29 ഡിഗ്രി സെൽഷ്യസാണ് - സ്റ്റാൻഫോർഡ് എർത്ത് മാറ്റേഴ്‌സ് മാസികയുടെ 2019ലെ റിപ്പോർട്ട് പറയുന്നു. അതിനപ്പുറമുള്ളതിൽ കൊതുകുകൾക്ക് പിടിച്ചു നിൽക്കാൻ ആവില്ല.

'സന്തോഷവാർത്ത: ഉയർന്ന ആഗോള താപനില നിലവിൽ താരതമ്യേന ചൂടുള്ള സ്ഥലങ്ങളിൽ വെക്റ്റർ വഴി പകരുന്ന മിക്ക രോഗങ്ങളും പടരാനുള്ള സാധ്യത കുറയ്ക്കും. മോശം വാർത്ത: ചൂടാകുന്നത് കൊണ്ട് നിലവിൽ താരതമ്യേന തണുപ്പുള്ള സ്ഥലങ്ങളിൽ എല്ലാ രോഗങ്ങളും പടരാനുള്ള സാധ്യത വർദ്ധിപ്പിക്കും,' പഠനം കൂട്ടിച്ചേർത്തു.

കൂടിയ താപനില കൂടാതെ, കൊതുകുകൾ പെരുകാൻ മറ്റ് വഴികളുമുണ്ട്. കാലാവസ്ഥാ വ്യതിയാനം മൂലമുള്ള അകാല മഴ, കൊടുങ്കാറ്റ്, വെള്ളപ്പൊക്കം, സമുദ്രനിരപ്പ് ഉയരുന്നത് എന്നിവ ആഴം കുറഞ്ഞതും നിശ്ചലവുമായ ജലാശയങ്ങൾ സൃഷ്ടിക്കുന്നു, അതിൽ കൊതുകുകൾ വളരുന്നു. മറുവശത്ത്, വരൾച്ച കാരണം പാത്രങ്ങളിൽ വെള്ളം ശേഖരിക്കാനും സംരക്ഷിക്കാനും ആളുകൾ ശ്രമിക്കുമ്പോൾ അത് കൊതുകുകളുടെ പ്രജനന സ്ഥലങ്ങളായി മാറുന്നു.

രക്തം കുടിക്കുന്ന പെൺകൊതുകുകൾ

കാലാവസ്ഥാ വ്യതിയാനം കൊതുകുകളെ പെരുകാനോ കൂടുതൽ കാലം നിലനിൽക്കാനോ മാത്രമല്ല സഹായിക്കുന്നത്; അത് അവരുടെ പ്രത്യുത്പാദന ശേഷിയെയും ബാധിക്കുന്നു. PLOS ജേണലിൽ പ്രസിദ്ധീകരിച്ച 'പ്യൂർട്ടോ റിക്കോയിലെ ഡെങ്കിപ്പനി സംക്രമണത്തിലെ കാലാവസ്ഥയുടെ പ്രാദേശികവും ആഗോളവുമായ പ്രത്യാഘാതങ്ങൾ' എന്ന 2009 ലെ ഒരു പഠനം കാണിക്കുന്നത്, താപനിലയിലെ വർദ്ധനവ് മുട്ട വിരിയുന്നതിനെ ഉത്തേജിപ്പിക്കുകയും ലാർവകളുടെ വളർച്ചയെ ത്വരിതപ്പെടുത്തുകയും അതു വഴി പൂർണ്ണ വളർച്ച എത്താൻ എടുക്കുന്ന സമയം കുറയ്ക്കുകയും ചെയ്യുന്നു. ഇത് രോഗവ്യാപനത്തിന്റെ തോത് വർധിപ്പിക്കുന്നു.

ചൂടുള്ള കാലാവസ്ഥയിൽ, കൊതുകുകൾ ഇടയ്ക്കിടെ കടിക്കാൻ തുടങ്ങും. പെൺകൊതുകുകൾ മാത്രമേ 'രക്തഭോജനം' ലഭിക്കാൻ മനുഷ്യനെ കടിക്കുന്നുള്ളൂ - മുട്ട ഉൽപ്പാദിപ്പിക്കുന്നതിന് നമ്മുടെ രക്തത്തിൽ നിന്ന് പ്രോട്ടീനുകൾ വേർതിരിച്ചെടുക്കുന്നു. ഉയർന്ന ഊഷ്മാവിൽ ഭക്ഷണം വേഗം ദഹിക്കുന്നതിനാൽ, കൊതുകുകൾക്ക് വിശപ്പുണ്ടാക്കുകയും കൂടുതൽ തവണ കടിക്കുകയും ചെയ്യുന്നു.

ഉയർന്ന ഈർപ്പവും കൊതുകളുടെ അവരുടെ സ്വഭാവം മാറ്റുന്നതിൽ ഒരു പങ്കു വഹിക്കുന്നു. ചൂടുള്ള ദിവസങ്ങളിലും ഈർപ്പമുള്ള ദിവസങ്ങളിലും കൊതുകിന്റെ പ്രവർത്തനം കൂടും എന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. 42% അല്ലെങ്കിൽ അതിൽ കൂടുതലുള്ള ഈർപ്പവും 10-35 ഡിഗ്രി സെൽഷ്യസിനുമിടയിലുള്ള താപനിലയും ചേർന്നതാണ് കൊതുകിന്റെ പ്രവർത്തനത്തിന് ഏറ്റവും അനുയോജ്യമെന്ന് യുഎസ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് 2020-ൽ നടത്തിയ പഠനത്തിൽ പറയുന്നു. ഉയർന്ന ആർദ്രത (High humidity) കൊതുകിന്റെ കൂടുതൽ തീറ്റ, വർധിച്ച അതിജീവനം, മുട്ട വികസനം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു, എന്ന് 2013-ൽ പ്രസിദ്ധീകരിച്ച മറ്റൊരു ഗവേഷണം, 'കാലാവസ്ഥയും ഡെങ്കിപ്പനിയും: തെളിവുകളും പ്രത്യാഘാതങ്ങളും' സൂചിപ്പിക്കുന്നു.

Express Photo
2015ൽ കൊൽക്കൊത്തയിൽ ഡെങ്കു മരണത്തെ തുടർന്നുണ്ടായ പ്രക്ഷോഭം (Express photo)

പ്രശ്നപരിഹാരം

നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോളിന്റെ വെബ്‌സൈറ്റിൽ കൊതുക് പരത്തുന്ന രോഗങ്ങളെ നിയന്ത്രിക്കുന്നതിനു ഇനിപ്പറയുന്ന നടപടികൾ എടുക്കണം എന്ന് പറയുന്നു

  • പകൽ സമയത്ത് പോലും ഉറങ്ങുമ്പോൾ കൊതുക് വലകളോ കൊതുക് അകറ്റുന്ന മരുന്നുകളോ ഉപയോഗിക്കുക
  • കൂളറുകളിൽ നിന്നും മറ്റ് ചെറിയ പാത്രങ്ങളിൽ നിന്നും ആഴ്ചയിൽ ഒരിക്കലെങ്കിലും വെള്ളം നീക്കം ചെയ്യുക
  • കൊതുക് കടി തടയാൻ പകൽ സമയത്ത് എയറോസോൾ ഉപയോഗിക്കുക
  • ഡ്രെയിനുകളിലും മാലിന്യങ്ങളിലും കൂളറുകളിലും ഒരാഴ്ചയിലേറെ വെള്ളം കെട്ടിക്കിടക്കുന്നില്ലെന്ന് ഉറപ്പാക്കുക

ഇന്ത്യൻ എക്‌സ്പ്രസിനോട് സംസാരിച്ച ഐസിഎംആറിന്റെ ധിമാൻ, കാലാവസ്ഥാ വ്യതിയാനത്തിന്റെ സ്വാധീനത്തെക്കുറിച്ച് അവബോധം വളർത്തേണ്ടതിന്റെ പ്രാധാന്യം എടുത്തു പറഞ്ഞു.

'കൊതുകുകൾ പെരുകുന്നത് എങ്ങനെ തടയാം, കൊതുക് കടിക്കുന്നത് എങ്ങനെ തടയാം അസുഖം വന്നാൽ എങ്ങനെ ആരോഗ്യ സൗകര്യങ്ങൾ തേടാം, ഇതൊക്കെ അറിഞ്ഞു വയ്ക്കുക. അംഗീകൃത മെഡിക്കൽ പ്രാക്ടീഷണർമാർ നിർദ്ദേശിക്കുന്ന പൂർണ്ണ ചികിത്സ സ്വീകരിക്കുക.'

എന്നാൽ രോഗങ്ങളെ പൂർണ്ണമായും പ്രതിരോധിക്കാൻ ഈ പ്രവർത്തനങ്ങൾ പര്യാപ്തമല്ലായിരിക്കാം. ഇൻഡോർ റെസിഡുവൽ സ്പ്രേ (ഐആർഎസ്) - മലേറിയ സംപ്രേക്ഷണം ദ്രുതഗതിയിൽ കുറയ്ക്കാൻ കഴിയുന്ന ഒരു പ്രധാന വെക്റ്റർ-നിയന്ത്രണ ഇടപെടൽ , ദീർഘകാലം നിലനിൽക്കുന്ന കീടനാശിനി വലകൾ എന്നിവയുടെ ഉപയോഗത്തെത്തുടർന്നുള്ള കൊതുകുകളുടെ സ്വഭാവമാറ്റം വിദഗ്ധർ ശ്രദ്ധിക്കുന്നുണ്ട്.

'ത്രിപുരയിൽ, ഈടു നിൽക്കുന്ന വലകളുടെ വിതരണവും IRS ന്റെ ഉപയോഗവും കാരണം, കൊതുകുകൾ, അവരുടെ കടിക്കുന്ന ശീലം മാറ്റിയതായി ഞങ്ങൾ നിരീക്ഷിച്ചു. രാത്രിയിൽ (വലയും സ്പ്രേയും ഉപയോഗിക്കുമ്പോൾ) വന്ന് കടിക്കുന്നതിനു പകരം, ആളുകൾ ഉണർന്നിരിക്കുമ്പോൾ വൈകുന്നേരങ്ങളിൽ കൂടുതലായി കടിക്കാൻ തുടങ്ങി,' അദ്ദേഹം പറഞ്ഞു.

വെക്റ്റർ ബോൺ രോഗങ്ങളെ നിയന്ത്രിക്കുന്നതിനുള്ള ഒരു മികച്ച വഴി, അത് കൊണ്ട് തന്നെ. കാലാവസ്ഥാ വ്യതിയാനത്തെ കാര്യക്ഷമമായി നേരിടുക എന്നതാണ്.

Climate Change Climate

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: