മൂന്ന് വയസ് തികയാത്ത ഒരു പെണ്‍കുട്ടിയാണ് കഴിഞ്ഞ കുറച്ചു മണിക്കൂറുകളായി പാശ്ചാത്യ മാധ്യമലോകത്ത് നിറഞ്ഞു നില്‍ക്കുന്നത്.  ബ്രിട്ടീഷ്‌ രാജകുടുംബാംഗമായ ഷാര്‍ലറ്റ് രാജകുമാരിയാണത്.  പെണ്ണായാത് കൊണ്ട് മാത്രം കിരീടാവകാശക്രമത്തില്‍  അനിയന്‍മാര്‍ക്ക് പിന്നിലാവാത്ത ആദ്യത്തെ ബ്രിട്ടീഷ്‌ രാജകുടുംബാംഗമായി ഷാര്‍ലറ്റ് എന്നതാണ് കാരണം.

കുടുംബത്തില്‍ ഇന്നലെ ഒരു പുതിയ അംഗം കൂടി വന്നു ചേര്‍ന്നതിന്‍റെ പശ്ചാത്തലത്തിലാണ് ഷാര്‍ലറ്റ് ചരിത്രത്തിലെ പുതിയ താരമായി ഉദിച്ചത്. വില്യം രാജകുമാരനും കേറ്റ് രാജകുമാരിക്കും ഇന്നലെ മൂന്നാമത്തെ കുഞ്ഞു ജനിച്ചു. മുത്തച്ഛന്‍ ചാള്‍സ്, അച്ഛന്‍ വില്യം, സഹോദരന്‍ ജോർജ്, സഹോദരി ഷാര്‍ലറ്റ് എന്നിവര്‍ക്ക് ശേഷം ബ്രിട്ടന്‍റെ അഞ്ചാം കിരീടാവകാശിയാകും ആ കുഞ്ഞ്.

Prince William and Kate Middleton with their third born

മൂന്നാമത്തെ മകനുമായി വില്യം രാജകുമാരനും കേറ്റ് രാജകുമാരിയും

ബ്രിട്ടീഷ് ചരിത്രത്തില്‍ ഒരു തിരുത്താണ് പുതിയ രാജകുമാരന്‍റെ ജനനത്തോടെ സംഭവിച്ചിരിക്കുന്നത്. ബ്രിട്ടീഷ് രാജകുടുംബത്തിന്‍റെ (പഴയ) കിരീട പിന്തുടര്‍ച്ചാവകാശ നിയമപ്രകാരം (Succession to the Crown Act) കിരീടാവകാശികളായിട്ടുള്ള പെണ്‍കുട്ടികള്‍ക്ക്, കുടുംബത്തിലെ പുരുഷന്മാര്‍ക്ക് ശേഷം മാത്രമേ അവസരം ലഭിച്ചിരുന്നുള്ളൂ. ഉദാഹരണത്തിന്, ഇപ്പോഴത്തെ രാജ്ഞി എലിസബത്തിന്‍റെ മകള്‍ ആന്‍ രാജകുമാരിയ്ക്ക് തന്‍റെ മൂത്ത സഹോദരന്‍ ചാള്‍സ്, അനുജന്മാര്‍ ആന്‍ഡ്രൂ, എഡ്‌വേര്‍ഡ്, ഇവരുടെ ആണ്‍മക്കള്‍ എന്നിവര്‍ കഴിഞ്ഞേ അവസരമുള്ളൂ.

ഈ നിയമത്തിന് 2013ല്‍ വരുത്തിയ ഭേദഗതി പ്രകാരം പെണ്‍കുട്ടികള്‍ അവര്‍ക്ക് ശേഷം വരുന്ന കിരീടാവാശികളായ ആണ്‍കുട്ടികള്‍ക്ക് വഴി മാറിക്കൊടുക്കേണ്ടതില്ല. നിയമത്തിന് ഭേദഗതി വരുത്തിയിരുന്നെങ്കിലും, ഇന്നലെ ഷാര്‍ലറ്റ് രാജകുമാരിയ്ക്ക് താഴെ ഒരാണ്‍കുട്ടി പിറന്നപ്പോഴാണ് ഇത് പ്രാബല്യത്തില്‍ വരുന്നത്.

ഷാര്‍ലറ്റ് രാജകുമാരി നാലാം കിരീടാവകാശിയായിത്തന്നെ തുടരുമ്പോള്‍, ബ്രിട്ടീഷ്‌ രാജകുടുംബത്തില്‍ ലിംഗ നീതിയ്ക്കു വഴിമാറിക്കൊടുക്കുന്ന ആദ്യ പുരുഷനാകും ഇന്നലെ ജനിച്ച ഇനിയും പേരിട്ടിട്ടില്ലാത്ത രാജകുമാരന്‍.

രാജകുടുംബത്തിലെ പുതിയ അംഗത്തിന്‍റെ വരവിന്‍റെ ആഹ്ലാദത്തിലാണ് ബ്രിട്ടന്‍. പുതിയ കിരീടാവകാശിയെ വരവേല്‍ക്കാന്‍ കേറ്റ് രാജകുമാരിയെ പ്രസവത്തിനായി പ്രവേശിപ്പിച്ച ആശുപത്രിയുടെ താഴെ മണിക്കൂറുകളോളം ആളുകള്‍ കാത്തു നിന്നു. മകന്‍റെ ജനനത്തിന് ശേഷം കൈക്കുഞ്ഞുമായി  വില്യം രാജകുമാരനും ഭാര്യയും എത്തി പുറത്തു കൂടിയിരുന്നവരെ  അഭിവാദ്യം ചെയ്ത്  തങ്ങളുടെ കുടുംബത്തിലെ പുതിയ അതിഥിയെ പരിചയപ്പെടുത്തി.

 

ജോർജ് രാജകുമാരനും ഷാര്‍ലറ്റ് രാജകുമാരിയും അതിനു മുന്‍പ് തന്നെയെത്തി അനിയനെ കണ്ടിരുന്നു. മൂന്ന് വയസുകാരി ഷാര്‍ലറ്റാണ് ഏവരുടെയും മനം കവര്‍ന്നത്. കൂടിയിരുന്നവരെ നോക്കി ചിരിച്ചും, കൈ ഉയര്‍ത്തിക്കാട്ടിയും ഷാര്‍ലറ്റ് തന്‍റെ സന്തോഷം പങ്കു വച്ചപ്പോള്‍ ക്യാമറകള്‍ക്ക് വിരുന്നായി.  ചരിത്ര സന്ധി കൂടി ചേര്‍ന്നപ്പോള്‍  ഷാര്‍ലറ്റ് ഇന്നലെ വാര്‍ത്താലോകത്തെ തലക്കെട്ടുകളില്‍ നിറഞ്ഞു.

ചിത്രങ്ങള്‍: ട്വിറ്റെര്‍

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook