ന്യൂഡൽഹി: ബുലന്ദ്ഷഹർ കൊലപപാതക കേസിൽ പ്രതികരിച്ച നടൻ നസറുദ്ദീൻ ഷായ്ക്ക് എതിരെ നടന് അനുപം ഖേര്‍ രംഗത്ത്. ഇപ്പോഴുളളതിലും എത്ര കൂടുതല്‍ സ്വാതന്ത്രമാണ് (നസറുദ്ദീന്‍ ഷായ്ക്ക് )വേണ്ടതെന്ന് അദ്ദേഹം ചോദിച്ചു. ‘രാജ്യത്ത് ഇപ്പോള്‍ സ്വാതന്ത്ര്യം നല്ല പോലെ ഉണ്ട്. നിങ്ങള്‍ക്ക് സൈന്യത്തെ ചീത്ത വിളിക്കാനും, വ്യോമസേനാ തലവനെ മോശം പറയാനും, സൈന്യത്തിന് നേരെ കല്ലെറിയാനുമൊക്കെ ഇപ്പോള്‍ സ്വാതന്ത്ര്യം ഉണ്ട്. ഒരു രാജ്യത്ത് ഇതിലും കൂടുതല്‍ എന്ത് സ്വാതന്ത്ര്യമാണ് നിങ്ങള്‍ക്ക് വേണ്ടത്? അദ്ദേഹത്തിന് തോന്നിയത് പോലെയാണ് അദ്ദേഹം പറഞ്ഞത്. അത് സത്യമാണെന്ന് അത് അര്‍ത്ഥമാക്കുന്നില്ല,’ അനുപം ഖേര്‍ പറഞ്ഞു.
പൊലീസ് ഉദ്യോഗസ്ഥന്റെ മരണത്തെക്കാൾ വില പശുവിന്റെ മരണത്തിനാണെന്ന വിമർശനമാണ് നസറുദ്ദീൻ ഷാ കഴിഞ്ഞ ദിവസം ഉയർത്തിയത്. പശുവിന്റെ ജഡം കണ്ടതിനെ തുടര്‍ന്നുണ്ടായ ആള്‍ക്കൂട്ട ആക്രമണത്തിനിടെ ഇന്‍സ്പെക്ടര്‍ സുബോധ് കുമാറിനെ പിന്തുടര്ന്നു വെടിവച്ചു കൊന്ന സംഭവത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പശുക്കളെ കശാപ്പ് ചെയ്തെന്ന് ആരോപിച്ച് നടന്ന കലാപത്തിലാണ് ഉത്തപ്രദേശിലെ ബുലന്ദ്ഷഹർ ഇന്‍സ്പെക്ടര്‍ സുബോധ് കുമാര്‍ സിങ് കൊല്ലപ്പെട്ടത്. കാർവാൻ-ഇ മൊഹബത്ത് എന്ന സിനിമയുടെ പ്രമോഷൻ പരിപാടിയിലാണ് അദ്ദേഹം ഇതേക്കുറിച്ച് വിമർശിച്ചത്. യൂ ട്യൂബിൽ പോസ്റ്റ് ചെയ്ത വീഡിയോ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത്, “എനിക്ക് വല്ലാത്ത ആശങ്കയുണ്ട് എന്റെ കുട്ടികളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍,” എന്നാണ്. “കാരണം, നാളെ ഒരു ആള്‍ക്കൂട്ടം വളഞ്ഞിട്ട് അവരോട് ‘ഹിന്ദുവാണോ മുസ്ലിം ആണോ’ എന്നു ചോദിച്ചാല്‍ അവര്‍ക്ക് പറയാന്‍ ഒരു ഉത്തരമില്ല. അവസ്ഥകളില്‍ ഒരു മാറ്റവുമില്ലെന്നു കാണുമ്പോള്‍ എനിക്ക് ഭയമുണ്ട്.” നിലവിലെ അവസ്ഥകള്‍ കാണുമ്പോള്‍ ദേഷ്യം വരുന്നുണ്ടെന്നും നസറുദ്ദീന്‍ ഷാ പറഞ്ഞു.
“ചിന്തിക്കുന്ന ഓരോ വ്യക്തിയ്ക്കും ദേഷ്യമാണ് തോന്നേണ്ടത്, ഭയമല്ല. ഇത് നമ്മുടെ വീടാണ്. ഇവിടെ നിന്നും നമ്മെ പുറത്താക്കാന്‍ ആര്‍ക്കാണ് ധൈര്യം?” അദ്ദേഹം ചോദിച്ചു. “എനിക്കെന്റെ മക്കളെ കുറിച്ചോര്‍ക്കുമ്പോള്‍ ഭയമുണ്ട്. അവര്‍ക്ക് മതമില്ല. എനിക്ക് മത വിദ്യാഭ്യാസം ലഭിച്ചിട്ടുണ്ട്. എന്റെ ഭാര്യ രത്ന വളരെ സ്വതന്ത്രമായൊരു പശ്ചാത്തലത്തില്‍ നിന്നാണ് വരുന്നത്. അവര്‍ക്ക് അതും ലഭിച്ചിട്ടില്ല.”
“ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ മരണത്തെക്കാള്‍ പ്രാധാന്യമാണ് പശുവിന്റെ മരണത്തിന്. ഈ അവസ്ഥ അടുത്ത കാലത്തൊന്നും മാറുമെന്നും പ്രതീക്ഷിക്കുന്നില്ല. നിയമം കൈയ്യിലെടുക്കുന്നവർ ശിക്ഷിക്കപ്പെടുമെന്ന ഭീതിയില്ലാത്ത അവസ്ഥയിലേക്ക് എത്തിയിട്ടുണ്ട്. വിഷം ഇതോടകം വ്യാപിച്ചു കഴിഞ്ഞു. അതിനി തിരിച്ചെടുക്കുക എന്നത് ബുദ്ധിമുട്ടാണ്. നിയമം കൈയ്യിലെടുക്കുന്നവര്‍ക്ക് ശിക്ഷിക്കപ്പെടും എന്ന പേടിയേ ഇല്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.