ഒരു കിലോഗ്രാം എത്രയാണ്? നൂറ്റാണ്ടിലേറെയായി കിലോഗ്രാമിന്റെ അടിസ്ഥാനമായ അളവ് ഒരു ജാറിനുളളിലാണ്. ലേ ഗ്രാൻഡ് കെ എന്നറിയപ്പെടുന്ന കിലോഗ്രാമിന്റെ രാജ്യാന്തര അളവുകോൽ1889 മുതൽ ജാറിനുളളിലാണ്. പാരീസിലെ ഇന്റർനാഷണൽബ്യൂറോ ഓഫ് വെയിറ്റ്സ് ആൻഡ് മെഷേഴസ് ( ബി ഐ പി എം) പ്ലാറ്റിനം, ഇറിഡിയം സിലിണ്ടർ സൂക്ഷിച്ചിരിക്കുന്നത്. ഏകദേശം 130 വർഷമായി ഈ സിലിണ്ടറാണ് രാജ്യാന്തര തലത്തിൽ കിലോഗ്രാമിന്റെ അടിസ്ഥാന അളവ്.
57 രാജ്യങ്ങളിലെ പ്രതിനിധികൾ രാജ്യാന്തര സിസ്റ്റം ഓഫ് യൂണിറ്റ്സ് (എസ് ഐ) പുനർനിർവചിക്കുന്നതിനായി വോട്ട് രേഖപ്പെടുത്തി. ഭാരത്തിന്റെ പൊതുവായി അംഗീകരിക്കപ്പെട്ട അളവാണ് കിലോഗ്രാം. വൈദ്യുതിയുടെ അളവായ ആംപിയർ, താപനിലയുടെ അളവായ കെൽവിൻ, പദാർത്ഥത്തിന്റെ അളവായ മോൾ, കിലോഗ്രാം എന്നിങ്ങനെയുളള നാല് അടിസ്ഥാന യൂണിറ്റുകളിലൊന്നാണ് പുനർ നിർവചിക്കാനൊരുങ്ങുന്നത്. ഭൗതികശാസ്ത്രത്തിലെ പ്ലാങ്ക് കൺസ്റ്റന്റ് അടിസ്ഥാനമാക്കിയാണ് കിലോഗ്രാമിനെ നിർവചിച്ചിരിക്കുന്നത്.
എന്തുകൊണ്ടാണ് അടിസ്ഥാന യൂണിറ്റുകൾ പുനർനിർവചിക്കാൻ ഒരുങ്ങുന്നത്? ലേ ഗ്രാൻഡ്കെ എന്ന കിലോഗ്രാമിന്റെ രാജ്യാന്തര മൂലരൂപം ആണ് ഈ യൂണിറ്റിനെ നിർവചിക്കുന്നത്. കാലാവസ്ഥയിലെ മാറ്റം, പൊടി, വൃത്തിയാക്കൽ എന്നിവ കാരണം അതിൽ മാറ്റമുണ്ടാകാനുളള സാധ്യതയുണ്ട്.
ഏഴ് അടിസ്ഥാന യൂണിറ്റുകളാണ് ഉളളത്. ഇതിൽ കിലോഗ്രാം ഉൾപ്പടെ നാലെണ്ണമാണ് ഇപ്പോൾ പുനർനിർവചിക്കപ്പെടുന്നതിനായി പരിഗണിക്കപ്പെടുന്നത്. സമയത്തെ കുറിക്കുന്ന സെക്കൻഡ്, ദൂരത്തെ അടയാളപ്പെടുത്തുന്ന മീറ്റർ, ലൈറ്റിന്റെ തെളിച്ചത്തെ കുറിക്കുന്ന കാൻഡെലാ എന്നിവയാണ്.
1875 ലാണ് ബി ഐ പി എം രൂപീകരിക്കപ്പെടുകയും അളവ് സംബന്ധിച്ച് രാജ്യാന്തരമായ മാനദണ്ഡം ഉണ്ടാവുകയും ചെയ്തത്. 60 രാജ്യങ്ങളാണ് മീറ്റർ കൺവെൻഷൻ എന്ന കരാറിൽ ഒപ്പുവച്ചത്. 1957 ലാണ് ഇന്ത്യ ഈ കരാറിൽ ഒപ്പിട്ടത്. 1960 മുതൽ എസ് ഐ സംവിധാനം ഇന്ത്യയിൽ നടപ്പിലാക്കി.