മുംബൈ: രാജ്യദ്രോഹ കേസില്‍ ജെഎന്‍യു വിദ്യാര്‍ഥി യൂണിയന് മുന്‍ പ്രസിഡന്റ് കനയ്യ കുമാര്‍ ഉള്‍പ്പെടെയുള്ളവരെ വിചാരണ ചെയ്യാന്‍ അനുമതി നൽകിയ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെതിരെ സംവിധായകനും നടനുമായ അനുരാഗ് കശ്യപ്. നട്ടെല്ലില്ലാത്തവന്‍ എന്ന് വിളിച്ചാല്‍ കേജ്രിവാളിന് അതും പ്രശംസയാകുമെന്ന് അനുരാഗ് കശ്യപ് ട്വിറ്ററിൽ കുറിച്ചു.
Mahashay @ArvindKejriwal ji.. aap ko kya kahein .. spineless toh compliment hai .. aap to ho hi nahin .. AAP to hai hi nahin .. कितने में बिके ? https://t.co/nSTfmm0H8r
— Anurag Kashyap (@anuragkashyap72) February 28, 2020
“മഹാനായ അരവിന്ദ് കേജ്രിവാള് ജി, നിങ്ങളോട് എന്ത് പറയാനാണ്. നട്ടെല്ലില്ലെന്ന് പറഞ്ഞാല്‍ അതും പ്രശംസയാകും, താങ്കള്‍ അത്രയ്ക്ക് പോലുമില്ല. ആം ആദ്മി തീരെയില്ല. എത്ര രൂപയ്ക്കാണ് നിങ്ങളെ വില്ക്കാന് വച്ചിരിക്കുന്നത്,” എന്നായിരുന്നു അനുരാഗ് കശ്യപിന്റെ ട്വീറ്റ്.
ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തന്നെ ഉന്നമിടുകയാണെന്ന് ചൂണ്ടിക്കാട്ടി കനയ്യ കുമാർ ട്വിറ്ററിൽ കുറിച്ച വാക്കുകൾ റീട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു അനുരാഗ് കശ്യപിന്റെ പ്രതിഷേധം. വിചാരണ ടെലിവിഷന്‍ ചാനലുകളില്‍ നടത്താതെ നിയമപ്രകാരം എത്രയും വേഗം കോടതിയില്‍ നടത്തണമെന്നും കനയ്യ ആവശ്യപ്പെട്ടു. പ്രോസിക്യൂഷന് അനുമതിക്ക് നന്ദിയെന്ന് പരിഹസിച്ച കനയ്യ ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയിട്ടില്ലെന്നും നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമുണ്ടെന്നും വ്യക്തമാക്കി.
Read More: കനയ്യ കുമാറിനെതിരായ രാജ്യദ്രോഹ കേസ്; ഡൽഹി സർക്കാരിനെ വിമർശിച്ച് ചിദംബരം
കനയ്യ കുമാറിന്റെ നേതൃത്വത്തില്‍ ജെഎന്‍യുവില്‍ നടന്ന പ്രതിഷേധത്തില്‍ രാജ്യദ്രോഹ മുദ്രാവാക്യം മുഴക്കിയെന്നാണു കേസ്. 2016 ഫെബ്രുവരി ഒന്‍പതിനാണു കേസിനാസ്പദമായ സംഭവം നടന്നത്. കേസ് സംബന്ധിച്ച ഫയല്‍ കഴിഞ്ഞ വര്‍ഷം മേയ് അഞ്ചു മുതല്‍ ആഭ്യന്തര വകുപ്പിന്റെ പരിഗണനയിലാണ്.
കേസില്‍ കഴിഞ്ഞ വര്‍ഷം ജനുവരി 14നാണു ഡല്‍ഹി പൊലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഇതിനു രണ്ടു മണിക്കൂര്‍ മുന്‍പ് മാത്രമാണു പ്രോസിക്യൂഷന് അനുമതി തേടി പൊലീസ് ഡല്‍ഹി സര്‍ക്കാരിന് അപേക്ഷ സമര്‍പ്പിച്ചത്. സര്‍ക്കാരിന്റെ അനുമതി ലഭിക്കാത്ത സാഹചര്യത്തില്‍ കുറ്റപത്രം നല്കുന്നതു കോടതി മരവിപ്പിച്ചിരുന്നു.
2001ലെ പാര്‍ലമെന്റ് ആക്രമണക്കേസില്‍ തൂക്കിലേറ്റിയ അഫ്സല് ഗുരുവിനെ അനുസ്മരിച്ച് ജെഎന്‍യുവില്‍ നടത്തിയ പരിപാടിയില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്നാണു കുറ്റപത്രത്തില്‍ പറയുന്നത്. കനയ്യ കുമാറിനെക്കൂടാതെ ജെഎന്‍യു മുന്‍ വിദ്യാര്‍ഥികളായ ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ തുടങ്ങിയവരാണു കേസിലെ പ്രതികള്‍. ഡല്‍ഹി ചീഫ് മെട്രോ പൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയാണു കേസ് പരിഗണിക്കുന്നത്.