ഇന്ത്യയില്‍ ജീവിക്കുന്ന ഒരു പശുവിനെപോലെ നിയമപരവും പ്രതീകാത്മകവും സദാചാരപരവുമായ അധികാരങ്ങള്‍ അനുഭവിക്കുന്ന മറ്റൊരു മൃഗവും ഉണ്ടാവില്ല; ചുരുങ്ങിയത് സമകാലീന ചരിത്രത്തിലെങ്കിലും. ഗുജറാത്തില്‍ ഗോവധം ജീവപര്യന്തം തടവിനു വിധേയമാക്കുന്ന ശിക്ഷയാണ്. ഹരിയാനയും രാജസ്ഥാനും പോലുള്ള സംസ്ഥാനങ്ങളില്‍ കൊലപാതക കുറ്റത്തിനു സമമായ കഠിന തടവാണ് ഗോവധത്തിന്‍റെ പേരില്‍ നല്‍കുന്നത്. ഗോ സംരക്ഷകര്‍ എന്ന് അവകാശപ്പെടുന്നവര്‍ പശുവിനെ സംരക്ഷിക്കാന്‍ എന്ന പേരില്‍ ആക്രമണങ്ങള്‍ അഴിച്ചുവിടുന്നു കൊലപാതങ്ങള്‍ വരെ നടത്തുന്നു. പല സാഹചര്യങ്ങളില്‍ ഇരകള്‍ക്കും പ്രതികള്‍ക്കുംമേല്‍ ഒരുപോലെയാണ് പൊലീസ് കുറ്റംചുമത്തുന്നത്. ആധാറിനു സമാനമായ രീതിയില്‍ പശുക്കളേയും അവരുടെ കിടാങ്ങളെയും രേഖപ്പെടുത്തുക എന്നതാണ് ഈയടുത്ത് നടന്ന മറ്റൊരു നീക്കം.

ഇന്ത്യയുടെ ദേശീയ മൃഗമായ കടുവ സംരക്ഷിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്നുണ്ട്. എന്നാല്‍ കടുവയെ വധിക്കുന്നത് ശിക്ഷാര്‍ഹം ആണെങ്കില്‍ കൂടിയും അത് ഒരു വിധത്തിലും ധാര്‍മികമോ രാഷ്ട്രീയമോ ആയ ആക്ഷേപങ്ങള്‍ക്കോ ചലനങ്ങൾക്കോ വഴിവെയ്ക്കുന്നില്ല. പശുവിന്‍റെ ഈ പ്രതീകാത്മക പദവിക്ക് ചില സമാന്തരങ്ങളുണ്ട്. അതിലൊന്ന് ‘രാജകീയ’തയാണ്. ഭരണാധികാരികള്‍ക്ക് ദിവ്യാവകാശം നിലനിന്നപ്പോള്‍ അവരുടെ ശരീരത്തിന് ഏല്‍ക്കുന്ന ആക്രമം രാജ്യത്തിനും സമൂഹത്തിനും നേരെയുള്ള ആക്രമമായാണ് കണ്ടുപോന്നത് പോലെയാണത്.

വേദ കാലഘട്ടത്തില്‍ (1500-500ബി സി ) വര്‍ഗ്ഗ- ജാതി വ്യത്യാസമൊന്നും ഇല്ലാതെ തന്നെ എല്ലാവരും ഗോ മാംസം കഴിച്ചിരുന്നു എന്ന് ഡി.എന്‍. ഝാ ‘ദി മിത്ത് ഓഫ് ഹോളി കൗ’ എന്ന ഗ്രന്ഥത്തില്‍ തെളിവുനിരത്തി സമര്‍ത്ഥിക്കുന്നുണ്ട്. മിക്ക ഗ്രാമീണജീവിത സാഹചര്യങ്ങളിലേയുമെന്ന പോലെ കറവയ്ക്കും ഭാരം ചുമക്കുന്നതിനുമായ മൃഗങ്ങളെയെല്ലാം – ഈ സാഹചര്യത്തില്‍ പശുവിനെ- ആചാരങ്ങൾക്കും ഭക്ഷണത്തിനും ഉപയോഗിക്കുന്നുണ്ട്. ഇതിനും ഒരുപാട് നൂറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഇന്ന് നമ്മള്‍ കാണുന്ന രീതിയില്‍ പശുവിനു ‘പവിത്രത’ കല്‍പ്പിക്കുന്നത്.  ക്രിസ്തുവിന്‍റെ ജനനത്തോടെയും വേദാനന്തര ബ്രാഹ്മണിസത്തിന്റെ ഉദയത്തോടെയും മാത്രമാണ് അത് ആരംഭിക്കുന്നത്. എന്നാല്‍ ഗോ സംരക്ഷണത്തിനു പത്തൊമ്പതാം നൂറ്റാണ്ട് വരെ വിശാലമായ ശ്രദ്ധ ലഭിച്ചിട്ടില്ല എന്നും ഝാ നിരീക്ഷിക്കുന്നു. ദയാനന്ദ് സരസ്വതിയും ആര്യ സമാജവും ഗോ സംരക്ഷണം രാഷ്ട്രീയവളര്‍ച്ചയ്ക്കുള്ള ഉപാധിയായി ഉപയോഗിക്കുന്നത് മുതലാണ്‌ മാറ്റം ആരംഭിക്കുന്നത്.

Read More: ബിജെപിയും മാംസവും; തീന്‍മേശയിലെ രാഷ്ട്രീയം

ഒരേ സമയം മൃഗമായും ദൈവികമായും, സംരക്ഷിക്കപ്പെടേണ്ടതായും ആരാദിക്കേണ്ടതായും പശുവിനു വന്ന ഈ മാറ്റത്തെ ഇൻഡോളജിസ്റ്റും  സാമൂഹ്യശാസ്ത്രജ്ഞനായ ലൂയി ദ്യുമോന്ത്  (Louis Dumont) തന്‍റെ പ്രഥമ ഗ്രന്ഥമായ “ഹോമോ ഹയറാര്‍കിയസ്: ദി കാസ്റ്റ് സിസ്റ്റം ആന്‍റ് ഇമ്പ്ലിക്കേഷന്‍സ് (1981)” ല്‍ പഠനവിധേയമാക്കുന്നുണ്ട്. ജാതിവ്യവസ്ഥപോലെ അസമത്വങ്ങള്‍ നിറഞ്ഞതും സങ്കീര്‍ണവുമായ ഒരു സംവിധാനത്തെ നിരന്തരം ഊട്ടിയുറപ്പിക്കാന്‍ പ്രതീകാത്മകവും ആചാരപരവുമായ താങ്ങിയുറപ്പിക്കല്‍ ആവശ്യമാണ്‌. പശുവിനോടുള്ള ആരാദനയും സംരക്ഷണബോധവും ജാതിയെ ഒരു വ്യവസ്ഥയില്‍ നിന്നും ഒരു സാമൂഹ്യഘടനയിലേക്ക് മാറ്റുന്നതിന് അനിവാര്യമായിരുന്നു എന്ന് ലൂയി ദ്യുമോന്ത് വാദിക്കുന്നു. പശുവിനോടുള്ള ബന്ധത്തിന്‍റെ അടിസ്ഥാനത്തില്‍ ആണ് ബ്രാഹ്മണനും ദളിതനുമായി ജാതി വ്യവസ്ഥയുടെ രണ്ടു ധ്രുവങ്ങള്‍ നിര്‍ണയിക്കപ്പെടുന്നത്. ഇതില്‍ നിന്നുകൊണ്ടാണ് ആവരുതെ സ്ഥാനങ്ങള്‍ ഊട്ടിയുറപ്പിക്കപ്പെടുന്നത്.

“അത് വളരെ വ്യക്തമാണ്” ലൂയി ദ്യുമോന്ത് എഴുതുന്നു, ” തൊട്ടുകൂടായ്മയുടെ ആശുദ്ധിയും ബ്രാഹ്മണ്യത്തിന്റെ ശുദ്ധിയും അഭേദ്യമാണ്. ശുദ്ധിയും അശുദ്ധിയും വികസിക്കുന്നത് ആത്യന്തികമായി പശുവിനെ ചുറ്റിപ്പറ്റിയാണ്. “പശുവിനെ കൊല്ലുക എന്നത്, മനപൂര്‍വ്വം അല്ലെങ്കില്‍ പോലും കുറ്റകാരമാണ്.” മാത്രമല്ല, “പശുവിനെ കൊല്ലുക എന്നത് ബ്രാഹ്മണനെ കൊല്ലുക എന്നതിനു സമമായി ഉള്‍ചേര്‍ത്തിട്ടുണ്ട്.”

പശു ഒരേ സമയം ധനമായും പുരോഹിതര്‍ക്ക് കൊടുക്കുന്ന ‘ദക്ഷിണ’യായും കണക്കാക്കപ്പെട്ടു. സമാന്തരമായി തന്നെ പശു ദളിതനെ നിര്‍വചിക്കുന്ന ഘടകവുമായി. ചാതുര്‍വര്‍ണ്യത്തില്‍ ദളിതര്‍ ചത്തകാലികളെ സംസ്കരിക്കുന്നവരും അവയുടെ തോല്‍കൊണ്ടുള്ള വേലകള്‍ ചെയ്യുന്നവരുമായി. ഗംഗാതീരത്ത് ഏറ്റവും കൂടുതല്‍ എണ്ണമുള്ള ദളിത്‌ വിഭാഗമായ ‘ജാതവരും’ തമിഴ്‌നാടില്‍ കാലികളുടെ തൊലിയുപയോഗിച്ചു കൊട്ടുവാദ്യങ്ങള്‍ പണിയുന്നവരും ഒരുകാലത്ത് സാമൂഹികമായി ഏറ്റവും താഴെയുള്ള സ്ഥാനംവഹിച്ചവരാണ് എന്ന് ലൂയി ദ്യുമോന്ത്  പറയുന്നുണ്ട്.

പൂര്‍വ്വകാലത്തെ ബ്രാഹ്മണരെ പോലെ അക്കാലത്തെ പശുവും ‘പകുതി മൃഗവും പകുതി ദിവ്യത്വം’ ഉള്ളവരായികൊണ്ട് ‘മുകള്‍തട്ടില്‍ നിന്നും താഴെതട്ടുവരെയുള്ള’ വിഭജനത്തെ ഫലപ്രദമാക്കി. പശുവില്‍ നിന്നും വന്ന പഞ്ചഗവ്യം – ചാണകം, പാല്‍, മൂത്രം, തൈര്‍, നെയ്യ് എന്നിവ ജാതി ഭ്രഷ്ടുകള്‍ ലംഘികപ്പെടുമ്പോഴും ബ്രാഹ്മണരുടെ ഉപനയനചടങ്ങുകളിലും ‘ശുദ്ധീകരണത്തിനായി’ ഉപയോഗിച്ചു പോന്നു.

സൈദ്ധാന്തികമായി, ഇത്തരത്തില്‍ ധ്രുവങ്ങള്‍ സൃഷ്ടിക്കുക അതുവഴി ജാതിയുടെ അധികാരക്രമം രൂപപ്പെടുത്തുക എന്നതിനു പശു പരിപാലനവും ആരാധനയും അടിസ്ഥാനമൊരുക്കി എന്നതിനെയാണ് ബി ആര്‍ അംബേദ്‌കര്‍ വിശേഷിപ്പിച്ചത് ഘട്ടംഘട്ടമായ അസമത്വമായാണ്. ലളിതമായി പറയുകയാണ്‌ എങ്കില്‍, ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ രൂപപ്പെട്ട പ്രത്യേകതരം വിവേചനത്തില്‍ ‘ഉള്ളവനും’ ‘ഇല്ലാത്തവനും’ എന്നൊരു വേര്‍തിരിവ് വ്യക്തമായി പ്രകടമാവുന്നില്ല. മറിച്ച്, മിക്കവാറും സന്ദര്‍ഭങ്ങളില്‍ നിങ്ങളുടെ മുകളില്‍ നില്‍ക്കുന്ന ഒരാളും നിങ്ങള്‍ മുകളിലായി നില്‍ക്കുന്ന ഒരാളും രൂപപ്പെടുന്നു. ഇത്തരത്തില്‍ പശുവിനെ വച്ചുകൊണ്ടാണ് ജാതികളുടേയും ഉപജാതികളുടെയും ശ്രേണി യുക്തിപരമായി സാധ്യമാക്കുന്നത്. ആചാരപരമായി ശ്രേണിയുടെ ഏറ്റവും മുകളില്‍ പശുവിനെ പ്രതിഷ്ടിക്കാനും അതുവഴി ബ്രാഹ്മണനെ വെക്കാനും സാധിക്കുമ്പോള്‍ പശുവിന്‍റെ ശവവുമായി ബന്ധപ്പെട്ടുനില്‍ക്കുന്നവര്‍ ശ്രേണിയുടെ ഏറ്റവും കീഴ്‌ത്തട്ടിൽ ഇടം പിടിക്കുന്നു. അസമത്വത്തിന്റെ രണ്ട് അറ്റങ്ങള്‍ ചേരുന്നത് മൃഗത്തിലൂടെയാണ്. ‘ദിവ്യവും’ ‘വിശുദ്ധവുമായ’ പശു ജാതി ശ്രേണിയുടെ മുകളില്‍ നിന്ന് ലഭിക്കുന്ന ആനുകൂല്യങ്ങളെ നിലനിര്‍ത്തുന്നു.

പ്രായോഗികതലത്തില്‍, ഈ പ്രതീകാത്മകത ഗോ സംരക്ഷണത്തിന്‍റെ പേരില്‍ നടന്നിട്ടുള്ള അക്രമങ്ങളിലും വിവേചനത്തിലും മുഴങ്ങുന്നുണ്ട്. കഴിഞ്ഞവർഷം  ജൂലൈയില്‍ ഗുജറാത്തിലെ ഉനയില്‍ ആക്രമിക്കപ്പെട്ട ദളിതരുടെ ഉദാഹരണം ഇതിലേക്ക് തന്നെയാണ് വിരല്‍ചൂണ്ടുന്നത്. ഇതില്‍ പലരും പശുവിന്‍റെയും മറ്റ് മൃഗങ്ങളുടെയും മാംസവും തോലുമായുമൊക്കെ ബന്ധപ്പെട്ടുനില്‍ക്കുന്ന വ്യവസായങ്ങളുമായി തൊഴിലില്‍ ഏര്‍പ്പെട്ടവരാണ്‌. മിക്കവാറും ദളിതരും മുസ്ലീങ്ങളുമായവർ. രാജ്യത്തെ ഏറ്റവും ദരിദ്രരുമാണ് ഈ രണ്ടു സമുദായങ്ങള്‍ എന്നത് യാദൃശ്ചികമല്ല.

‘ഗോ സംരക്ഷണം’ ലക്ഷ്യംവെച്ചുള്ള നിലവിലെ ഈ പോക്ക് ലൂയി ദ്യുമോന്തിന്റെ  നിരീക്ഷണങ്ങളുടെ ദിശയില്‍ തന്നെയാണ് നീങ്ങുന്നത്. ഇന്ത്യന്‍ ഭരണഘടനാപ്രകാരമുള്ള നീതീകരണത്തിനും അപ്പുറമുള്ള ഒരു മാനത്തിലേക്ക്. ഭരണഘടനയുടെ നിര്‍ദ്ദേശാതിഷ്ടിത തത്വസംഹിതയില്‍ ആര്‍ട്ടിക്കിൾ 48 ഇങ്ങനെ വായിക്കുന്നു : ” ആധുനികവും ശാസ്ത്രീയവുമായ രീതിയില്‍ കൃഷി, മൃഗസംരക്ഷണം എന്നിവ സംഘടിപ്പിക്കാന്‍ പരിശ്രമിക്കേണ്ടതാണ്. പ്രത്യേകിച്ച്, പശുവിനെയും കിടാങ്ങളെയും സംരക്ഷിക്കാനും മെച്ചപ്പെടുത്താനും കറവ നല്‍കുന്നതും ഭാരം ചുമക്കുന്നതുമായ കന്നുകാലികളുടെ അറവു നിർത്തുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കേണ്ടതാണ്.”

ഗോവധ വിരുദ്ധമായ ഈ മുന്നേറ്റങ്ങളെ കേവലം സാമ്പത്തിക വിശകലനങ്ങളുടെ അടിസ്ഥാനത്തില്‍ ചര്‍ച്ചചെയ്യുന്നതും പ്രയോഗികമാക്കുന്നതും ലളിതവത്കരണമാണ്. ഒരു ജന്തുവില്‍ നിന്നും വരുന്ന ശുദ്ധിയെക്കുറിച്ചും മലിനീകരണത്തെക്കുറിച്ചുമുള്ള ആശയവും അതിനു ജാതീയ ശ്രേണിയുമായുള്ള സാമ്യതാപരമായ ബന്ധവും “‘സംരക്ഷണം’ എന്ന ഉദ്ദേശത്തോടെയുള്ള വ്യവസ്ഥാപിത ലക്ഷ്യങ്ങളെ തുറന്നുകാട്ടുന്നതോടൊപ്പം. പുതിയ ഒരു കൂട്ടം ചോദ്യങ്ങളെ മുന്നോട്ടു വെക്കുകയും ചെയ്യുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ