മുംബൈ: പൊരിയുന്ന ചൂടിനെ അവഗണിച്ചുകൊണ്ട് ഇരുന്നൂറ് കിലോമീറ്ററോളം കാല്‍നടയായ് ജാഥ നയിച്ച മഹാരാഷ്ട്രയിലെ കര്‍ഷകരുടെയും ആദിവാസികളുടെയും സമരം ഇന്ത്യന്‍ കര്‍ഷക സമരങ്ങളുടെ ചരിത്രത്തില്‍ എഴുതപ്പെടേണ്ടതാണ്. നാസിക്കില്‍ നിന്നും തലസ്ഥാനമായ മുംബൈ ലക്ഷ്യമിട്ട് നടത്തിയ ജാഥയ്ക്ക് നേതൃത്വം നല്‍കിയത് സിപിഎമ്മിന്റെ വര്‍ഗബഹുജന സംഘടനയായ കിസാന്‍ സഭയാണ്. മഹാരാഷ്ട്രയിലെ ഭാരത്‌ കി കിസാന്‍ പാര്‍ട്ടി, സിപിഐ എന്നിവരും തുടക്കം മുതല്‍ ജാഥയ്ക്ക് പിന്തുണയുമേകി.

തുടക്കം മുതല്‍ മുഖ്യധാരാ മാധ്യമങ്ങള്‍ കര്‍ഷക പ്രക്ഷോഭത്തെ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വിമുഖത കാണിച്ചു. സാമൂഹ്യ മാധ്യമങ്ങള്‍ സമരത്തിന് പിന്തുണയുമായ്‌ വന്നപ്പോള്‍ മാത്രമാണ് മാധ്യമങ്ങളും സമരം റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ബന്ധിതരായത്.

നാസികില്‍ നിന്നാരംഭിച്ച കര്‍ഷക ജാഥ ദിവസം 30 കി.മി. മുകളില്‍ കാല്‍നടയായി നടന്ന് മുംബൈയിലെത്തിയപ്പോഴേക്കും സമൂഹ മനസാക്ഷിയെ പിടിച്ചുലക്കുന്ന ഒന്നായ്‌ പരിണമിച്ചിരുന്നു. ജാഥ മുംബൈയില്‍ എത്തുമ്പോഴേക്കും അതിനെ പ്രതിരോധിക്കുവാനുള്ള തന്ത്രങ്ങളും അണിയറയില്‍ മെനഞ്ഞുതുടങ്ങിയിരുന്നു. മുംബൈയെ സ്തംഭിപ്പിച്ചുകൊണ്ട് പോകുന്ന കര്‍ഷക ജാഥ സ്വൈര്യജീവിതം തടസ്സപ്പെടുത്തും, റോഡുകള്‍ ബ്ലോകാക്കും തുടങ്ങി ഒട്ടേറെ കാരണങ്ങളാണ് ജാഥയ്ക്കെതിരെ സാമൂഹ്യമാധ്യമങ്ങളിലൂടെ വലതുപക്ഷം പ്രചരിപ്പിച്ചത്.

അതേസമയം മുഖ്യധാരയിലെ വലിയൊരു നിര മാധ്യമങ്ങള്‍ അതിനോടുള്ള നിശബ്ദ നിലപാട് തുടര്‍ന്നുകൊണ്ടിരുന്നു. ദിവസങ്ങള്‍ നീണ്ട ജാഥ ഒരുവട്ടം കൂടി പരാമര്‍ശിക്കാതിരുന്ന ദേശീയ മാധ്യമങ്ങള്‍ ഒട്ടനവധിയാണ്. ഇന്നലെ രാത്രിയും ജാഥ തുടര്‍ന്നുകൊണ്ടാണ് കര്‍ഷകര്‍ വലതുപക്ഷ പ്രചാരണത്തിന്റെ വായടപ്പിച്ചു. “കുട്ടികള്‍ക്ക് പരീക്ഷയായതിനാല്‍ ഞങ്ങള്‍ രാത്രിയിലും ജാഥ തുടരുന്നു” എന്നായിരുന്നു എസ്എസ്എല്‍സി പരീക്ഷകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് കര്‍ഷകര്‍ നല്‍കിയ വിശദീകരണം.

ഇന്ന് രാവിലെയോടെ മുംബൈ നഗരത്തിലേക്ക് പ്രവേശിച്ച മുപ്പതിനായിരത്തോളം വരുന്ന കര്‍ഷകര്‍ ഇന്ത്യയിലെ സമരങ്ങളുടെ ചരിത്രത്തില്‍ പുതിയൊരു അടയാളപ്പെടുത്തലായ്. അപ്പോഴും ചരിത്രത്തിന്റെ ഈടുകളില്‍ നിന്നും അതിനെ മായ്ച്ചുകളയാനുള്ള ശ്രമം മാധ്യമങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടായി എന്ന ഒരു നിരാശാജനകമായ കാലത്തിലൂടെ കൂടിയാണ് നാം കടന്നുപോകുന്നത്.

ഇംഗ്ലീഷ് മാധ്യമങ്ങളില്‍ ദ ഇന്ത്യന്‍ എക്‌സ്പ്രസ്സില്‍ മാത്രമാണ് കര്‍ഷകസമരം ലീഡ് ആയത്. രാഷ്ട്രത്തെ തീറ്റിപോറ്റുന്ന കര്‍ഷകന്‍ പ്രതിസന്ധികളില്‍ പൊറുതിമുട്ടി തെരുവിലിറങ്ങിയപ്പോള്‍ അതിനെ മാധ്യമങ്ങള്‍  റിപ്പോര്‍ട്ട് ചെയ്തത് എങ്ങനെയെന്ന് പരിശോധിക്കുകയാണ് ഇവിടെ.

 

ദ് ഹിന്ദു പത്രത്തിന്റെ ഏഴാം പേജിലാണ് കര്‍ഷക സമരം വാര്‍ത്തയായത്.

ഒന്നാം പേജില്‍ ഒരു വരി വാര്‍ത്ത കൊടുത്ത ടൈംസ് ഓഫ് ഇന്ത്യ എട്ടാം പേജിലും പത്താം പേജിലും വിശദമായ വാര്‍ത്ത നല്‍കി

ഒന്നാം പേജില്‍ ഒരു ഫൊട്ടോ പ്രസിദ്ധീകരിച്ച ഹിന്ദുസ്ഥാന്‍ ടൈംസ് വാര്‍ത്ത നല്‍കിയത് പത്താം പേജിലാണ്

ഡെക്കാന്‍ ക്രോണികള്‍ കൊച്ചിയില്‍ ഒന്നാം പേജില്‍ തന്നെ വാര്‍ത്ത വന്നു

ദ് ഇന്ത്യന്‍ എക്‌സ്പ്രസ്സ് ഒന്നാം പേജില്‍ തന്നെ ഫോട്ടോയും റിപ്പോര്‍ട്ടും ഉണ്ടായപ്പോള്‍ രണ്ടാം പേജില്‍ വിശദമായൊരു റിപ്പോര്‍ട്ടും നല്‍കി

Read More : കര്‍ഷക പ്രക്ഷോഭം ചിത്രങ്ങളിലൂടെ

മലയാളം പത്രങ്ങളുടെ നിലപാടും വ്യത്യസ്തമായിരുന്നില്ല. എങ്കിലും ഒരു നിര പത്രങ്ങള്‍ക്ക് അത് പ്രധാനവാര്‍ത്തയായി എന്നത് പ്രതീക്ഷാര്‍ഹമാണ്. ദേശാഭിമാനി, മാധ്യമം തേജസ്, ജനയുഗം എന്നീ പത്രങ്ങള്‍ ഒന്നാം പേജില്‍ തന്നെ കര്‍ഷകസമരത്തിന്റെ വാര്‍ത്തയും ഫൊട്ടോവും നല്‍കി.

ദേശാഭിമാനി ഒന്നാം പേജ്

മാധ്യമം ഒന്നാം പേജ്”

തേജസിന്റെ ഒന്നാം പേജ്

ജനയുഗം ഒന്നാം പേജില്‍

ഏറ്റവും കൂടുതല്‍ വായനക്കാരുള്ള മലയാളം പത്രങ്ങളുടെ ഒന്നാം പേജില്‍ കര്‍ഷക സമരം ഇടംപിടിച്ചില്ല. മാതൃഭൂമി നാലാം പേജിലും മനോരമ ആറാം പേജിലും വാര്‍ത്ത ഒതുക്കി. കേരളാ കൗമുദി ഒമ്പതാം പേജില്‍ വാര്‍ത്ത കൊടുത്തു. ബിജെപി മുഖപത്രമായ ജന്മഭൂമിയില്‍ കര്‍ഷകസമരത്തിന്റെ വാര്‍ത്ത വന്നതേയില്ല.

കേരള കൗമുദി ഒമ്പതാം പേജിലെ വാര്‍ത്ത

മനോരമയുടെ ആറാം പേജിലെ മൂന്ന് കോളം വാര്‍ത്ത

മാതൃഭൂമിയുടെ നാലാം പേജ് വാര്‍ത്ത

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ