ഗുജറാത്ത് തിരഞ്ഞെടുപ്പിൽ യഥാർത്ഥത്തിൽ , പാകിസ്താൻ കൈകടത്തുന്നുണ്ടെങ്കിൽ ആ രാജ്യത്തെ ആക്രമിക്കാൻ പ്രധാന മന്ത്രി നരേന്ദ്ര മോദി ധൈര്യം കാണിക്കണമെന്ന് ബി ജെ പി യുടെ സഖ്യ കക്ഷിയായ ശിവ സേന ആവശ്യപ്പെട്ടു. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നു എന്ന് കുറ്റപ്പെടുത്തുന്നതിനു പകരം ആക്രമിക്കലാണ് ശരിയായ നടപടി. ഗുജറാത്ത്‌ തിരഞ്ഞെടുപ്പിൽ പാക്കിസ്ഥാൻ മോദിക്കെതിരെ പ്രവർത്തിക്കുന്നു എന്ന് വ്യക്തമായ ബോധ്യം ഉണ്ടെങ്കിൽ ആക്രമണത്തിന് മടിക്കേണ്ടതില്ലെന്നു ശിവസേനയുടെ ‘സാമ്‌ന’ ,’ദോബഹാർ ക സാമ്‌ന’ എന്നീ പത്രങ്ങളുടെ മുഖ പ്രസംഗങ്ങളിലൂടെ ശിവസേ ഇക്കാര്യം ആവശ്യപ്പെട്ടതെന്ന് ഐ​എ എൻ എസ് റിപ്പോർട്ട് ചെയ്യുന്നു.

കോൺഗ്രസ് നേതാവ് മണി ശങ്കർ അയ്യരുടെ വസതിയിൽ നടന്ന സൽക്കാരത്തിൽ പങ്കെടുത്ത മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, മുൻ വൈസ് പ്രസിഡന്റ് ഹമീദ് അൻസാരി, പാക് ഹൈ കമ്മീഷണർ , മുൻ കര സേന മേധാവി ദീപക് കപൂർ ,എന്നിവരടക്കമുള്ള എല്ലാവരെയും അറസ്റ്റ് ചെയ്യണം. ഇവർക്കെതിരെ വഞ്ചന കുറ്റത്തിന് കേസ് എടുക്കണം . ഗുജറാത്തിൽ നരേന്ദ്ര മോദി ക്കെതിരെ പ്രവർത്തിച്ചു ,കോൺഗ്രസിനെ അധികാരത്തിൽ എത്തിക്കാനുള്ള ഗൂഡാലോചനക്കു തെളിവുണ്ടെങ്കിൽ അതാണ് ചെയ്യേണ്ടത്.-സേന പറഞ്ഞു.

പാകിസ്ഥാൻെറ മുൻ വിദേശകാര്യമന്ത്രി ഖുർഷിദ് കസൂരിയുടെ ബഹുമാനാർത്ഥം അത്താഴവിരുന്ന് നൽകിയിരുന്നു. അദ്ദേഹം ഡൽഹിയിൽ ഒരു വിവാഹച്ചടങ്ങിന് എത്തിയതായിരുന്നു

നാളിതുവരെ പാക്കിസ്ഥാൻ ജമ്മു കശ്മീരിലെ ആഭ്യന്തര കാര്യങ്ങളിലും ചൈന അരുണാചൽ പ്രദേശിലും,ലഡാക്കിലും ഇടപെട്ടുകൊണ്ടിരിക്കുകയാണെന്ന റിപ്പോർട്ട് ആണ് ലഭിച്ചിരുന്നത്. ഗുജറാത്ത് തിരഞ്ഞെടുപ്പിൽ പാക്കിസ്ഥാൻ കൈകടത്തുന്നു എന്ന വാർത്ത ആശങ്ക ജനകമാണ്–പത്രം ചൂണ്ടിക്കാട്ടി.

ഇത്തരം ഗൗരവതരമായ കാര്യങ്ങൾ പ്രധാന മന്ത്രി തിരഞ്ഞടുപ്പ് റാലിയിലോ മാധ്യമങ്ങളോടോ സംസാരിക്കുന്നതിനു പകരം പാകിസ്താനെ ആക്രമിക്കാനുള്ള ഉത്തരവ് സേനക്ക് നൽകുകയാണ് വേണ്ടത്

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ അയൽരാജ്യമായ പാകിസ്ഥാന്റെ കൈ കടത്തൽ വാർത്ത മാധ്യമങ്ങളിൽ നിന്നും അറിഞ്ഞു എന്ന് പ്രധാനമന്ത്രി പറയുന്നത് ഖേദകരമാണ്.ഇത്തരം കാര്യങ്ങൾ അറിയാനാണ് ശക്തമായ രഹസ്യാന്വേഷണ വിഭാഗം എന്നും ശിവ സേന മുഖ പ്രസംഗത്തിൽ പറഞ്ഞു.

തിരഞ്ഞെടുപ്പ് പ്രചാരണ വേളകളിൽ പ്രധാന മന്ത്രി നടത്തിയ പ്രസംഗങ്ങൾ ബി ജെ പി യുടെ ബുദ്ധിപരമായ പാപ്പരത്വമാണ് വെളിവാക്കുന്നത്.. കാരണം ഓരോ തിരഞ്ഞെടുപ്പ് പ്രസംഗങ്ങളിലും ഒന്നുകിൽ ബി ജെ പി പാകിസ്താനെയോ, അല്ലെങ്കിൽ അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിനെയോ വലിച്ചിഴക്കും .”എത്ര നാൾ നിങ്ങൾ പാകിസ്താനെ കുറ്റപ്പെടുത്തി കാലം കഴിക്കും? രാജ്യം നിങ്ങളോടു പ്രവർത്തിക്കാൻ ആവശ്യപ്പെടുന്ന സമയമാണിത്, അതുകൊണ്ടു പ്രവർത്തിക്കുക അല്ലെങ്കിൽ ഒരു യശ്വന്ത് സിൻഹ ക്കോ ,നാന പട്ടോലേക്കോ വെറുതെ വിമർശിക്കാനുള്ള ഉപകരണമായി നിങ്ങൾ മാറും”. സേന പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ