/indian-express-malayalam/media/media_files/uploads/2023/09/how-karnataka-right-wing-activist-cheated-businessman-of-rs-4-crore-by-promising-bjp-ticket-903035.jpeg)
മറ്റ് സമുദായങ്ങൾക്കെതിരെ അപകീർത്തികരവും പ്രകോപനപരവുമായ പ്രസംഗങ്ങൾ നടത്തിയതിന് ചൈത്രയ്ക്കെതിരെ ഒന്നിലധികം കേസുകളും നിലവിലുണ്ട്.
ഈ വർഷം ആദ്യം നടന്ന കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ഉഡുപ്പി ജില്ലയിലെ ബൈന്ദൂരിൽ നിന്ന് മത്സരിക്കാൻ ബിജെപി ടിക്കറ്റ് വാഗ്ദാനം ചെയ്ത് കോടിക്കണക്കിന് രൂപ കൈപ്പറ്റി വ്യവസായിയെ കബളിപ്പിച്ചതിന് വലതുപക്ഷ പ്രവർത്തകയെയും രണ്ട് കൂട്ടാളികളെയും കർണാടക പോലീസ് അറസ്റ്റ് ചെയ്തു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി) ഉദ്യോഗസ്ഥർ ചൈത്ര കുന്ദാപൂർ, ഗഗൻ കടൂർ, ശ്രീകാന്ത് നായിക് എന്നിവരെ ഉഡുപ്പിയിൽ നിന്ന് ചൊവ്വാഴ്ച അറസ്റ്റ് ചെയ്യുകയും മറ്റ് പ്രതികൾക്കായി തിരച്ചിൽ നടത്തുകയും ചെയ്തു. അറസ്റ്റ് ചെയ്യുന്നതിനിടെ ചൈത്ര മോതിരം വിഴുങ്ങാൻ ശ്രമിച്ചെങ്കിലും പോലീസ് ആ ശ്രമം പരാജയപ്പെടുത്തി അവരെ ബംഗളൂരുവിൽ എത്തിച്ചതായി പറഞ്ഞു.
അറസ്റ്റിലാകുന്നതിന് മുമ്പ് യൂത്ത് കോൺഗ്രസ് നേതാവ് സുരയ്യ അഞ്ജുമിന്റെ വീട്ടിൽ ചൈത്ര കുന്ദാപൂർ അഭയം പ്രാപിച്ചിരുന്നതായി ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഇക്കാര്യത്തിൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ അഞ്ജുമിന് നോട്ടീസ് നൽകിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
മറ്റ് സമുദായങ്ങൾക്കെതിരെ അപകീർത്തികരവും പ്രകോപനപരവുമായ പ്രസംഗങ്ങൾ നടത്തിയതിന് ചൈത്രയ്ക്കെതിരെ ഒന്നിലധികം കേസുകളും നിലവിലുണ്ട്.
ചൈത്രയ്ക്കും കൂട്ടാളികൾക്കുമെതിരെ നടത്തിയ അന്വേഷണത്തിൽ, ആർഎസ്എസ് നേതാവായി ആൾമാറാട്ടം നടത്തി വ്യവസായിയായ ഗോവിന്ദ് ബാബു പൂജാരിയെ (44) കബളിപ്പിച്ചു എന്നും തെരുവിൽ കബാബ് വിൽക്കുന്ന ആളെ ബിജെപിയുടെ ഉന്നത നേതാവായി വേഷം കെട്ടിച്ചു എന്നും പൊലീസ് കണ്ടെത്തി. സെപ്തംബർ എട്ടിന് ബെംഗളൂരു സ്വദേശിയായ ഗോവിന്ദ് ബാബു നൽകിയ പരാതിയെ തുടർന്നാണ് അന്വേഷണം.
ഗോവിന്ദ് ബാബു പൂജാരിയുടെ പരാതി പ്രകാരം, 2022 ജൂണിൽ അദ്ദേഹം ചൈത്ര കുന്ദാപൂരിനെ കണ്ടു, അവർ തന്നെ ചിക്കമംഗളൂരു സർക്കാർ ഗസ്റ്റ് ഹൗസിലേക്ക് വരാൻ ആവശ്യപ്പെട്ടു, അവിടെ വച്ച് ചിക്കമംഗളൂർ ഭാരതീയ ജനതാ യുവമോർച്ച (ബിജെവൈഎം) സെക്രട്ടറി ഗഗൻ കടൂരിനെ പരിചയപ്പെടുത്തി.
പ്രധാനമന്ത്രിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രിയുടെയും ഓഫീസിലെ ആളുകളെ തനിക്ക് അറിയാമെന്നും തെരെഞ്ഞെടുപ്പിൽ മത്സരിക്കാൻ ബിജെപി ടിക്കറ്റ് തരാം എന്ന് ഉറപ്പു നൽകിയെന്നും ചൈത്ര അവകാശപ്പെട്ടതായി ഗോവിന്ദ് ബാബു പരാതിയിൽ പറയുന്നു. ഉത്തരേന്ത്യയിൽ താമസിക്കുന്ന ചിക്കമംഗളൂരുകാരനായ ആർഎസ്എസ് നേതാവ് വിശ്വനാഥ് മുഖേനയാണ് ഗോവിന്ദ് ബാബു പൂജാരിക്ക് ടിക്കറ്റ് നൽകാൻ പോകുന്നത് എന്നും അവർ പറഞ്ഞതായി പരാതിക്കാരൻ പറയുന്നു.
ആർഎസ്എസിനും ബി ജെ പിക്കും ഇടയിലുള്ള പാലമാണ് താൻ എന്ന് അവകാശപ്പെട്ട വിശ്വനാഥിനെ, ഗോവിന്ദ് ബാബു 2022 ജൂലൈ 4 ന് കാണുകയും ചെയ്തു. ആർക്ക് ടിക്കറ്റ് നൽകണമെന്ന് താൻ തീരുമാനിക്കുമെന്ന് അയാൾ പറഞ്ഞു. ചൈത്രയ്ക്ക് 50 ലക്ഷം രൂപ നൽകണമെന്ന് വിശ്വനാഥ് ഗോവിന്ദ് ബാബു പൂജാരിയോട് ആവശ്യപ്പെട്ടു, സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കാനുള്ള നടപടികൾ ആരംഭിച്ചാൽ പിന്നെ മൂന്ന് കോടി രൂപ കൂടി നൽകണം. ടിക്കറ്റ് കിട്ടിയില്ലെങ്കിൽ പണം തിരികെ നൽകുമെന്ന് വിശ്വനാഥ് ഉറപ്പു നൽകി.
ജൂലായ് ഏഴിന് ശിവമോഗ ആർഎസ്എസ് കാര്യാലയത്തിന് മുന്നിൽ വെച്ച് ചൈത്രയ്ക്ക് 50 ലക്ഷം രൂപ നൽകിയതായി ഗോവിന്ദ് ബാബു പരാതിയിൽ പറയുന്നു. ബിജെപിയുടെ കേന്ദ്ര നേതാക്കൾ ഗോവിന്ദ് ബാബു പൂജാരിക്ക് ടിക്കറ്റ് ലഭിക്കുമെന്ന് ഉറപ്പിച്ചതായി പിന്നീട് ഒരു കോൺഫറൻസ് കോൾ നടത്തുന്നതിനിടയിൽ വിശ്വനാഥ് പറഞ്ഞു.
2022 സെപ്തംബറിൽ, മറ്റൊരു കോൺഫറൻസ് കോളിലൂടെ, ഹിരേഹദഗലി അഭിനവ ഹലാശ്രീ മഠാധിപതിയെ കാണാൻ വിശ്വനാഥ് ഗോവിന്ദ് ബാബുവിനോടു നിർദ്ദേശിച്ചു. അദ്ദേഹത്തിന്റെ ശുപാർശ, ടിക്കറ്റിന്റെ തീരുമാനത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുമെന്ന് വിശ്വനാഥ് പറഞ്ഞു.
ഒന്നരക്കോടി രൂപ ആവശ്യപ്പെട്ട മഠാധിപതിയെ താൻ കാണുകയും അദ്ദേഹം താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബന്ധപ്പെട്ടിരുന്നു എന്ന് പറഞ്ഞതായും ഗോവിന്ദ് ബാബു പരാതിയിൽ പറയുന്നു. ഈ വർഷം ജനുവരി 16ന് താൻ ബംഗളൂരുവിൽ വെച്ച് കണ്ടപ്പോഴാണ് മഠാധിപതിയ്ക്ക് താൻ പണം നൽകിയതെന്നും ഗോവിന്ദ് ബാബു പറഞ്ഞു.
കഴിഞ്ഞ വർഷം ഒക്ടോബർ 23 ന്, ബിജെപിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ഭാഗമാണെന്ന് പറയുന്ന ഒരു നേതാവിന് മൂന്ന് കോടി രൂപ നൽകാനും ഗോവിന്ദ് ബാബു പൂജാരിയോട് ആവശ്യപ്പെട്ടിരുന്നു. ഒക്‌ടോബർ 29ന് ഗോവിന്ദ് ബാബു ചൈത്ര കുന്ദാപുരിനും ടീമംഗങ്ങൾക്കും പണം നൽകി.
ഈ വർഷം മാർച്ച് എട്ടിന്, ശ്വാസതടസ്സം മൂലം വിശ്വനാഥ് മരിച്ചു എന്ന് ഗോവിന്ദ് ബാബു പൂജാരിക്ക് ഒരു ഫോൺ സന്ദേശം ലഭിച്ചു. എന്തോ കുഴപ്പമുണ്ടെന്ന് തോന്നിയ അദ്ദേഹം തന്റെ ഒരു സുഹൃത്ത്, ഒരു റിട്ടയേർഡ് ഡിഫൻസ് ഓഫീസറുമായി വിഷയം സംസാരിച്ചു. വിശ്വനാഥ് എന്ന ഒരു ആർഎസ്എസ് നേതാവ് ഇല്ലെന്ന് അങ്ങനെ ആണ് അറിഞ്ഞത്.
ഏപ്രിൽ 24 ന് ഗോവിന്ദ് ബാബു ചൈത്ര കുന്ദാപുരിനെയും കടൂരിനെയും തന്റെ ഓഫീസിലേക്ക് വിളിച്ച് വരുത്തി, പണം തിരികെ നൽകാൻ ആവശ്യപ്പെട്ടു. 3.5 കോടി രൂപ വിശ്വനാഥിന്റെ പക്കലാണ് എന്ന് അവർ പറഞ്ഞതായും, പരാതി നൽകുമെന്ന് പറഞ്ഞപ്പോൾ താൻ ആത്മഹത്യ സ്റ്റേജ് ചെയ്യും എന്ന് ചൈത്ര ഭീഷണിപ്പെടുത്തിയതായും ഗോവിന്ദ് ബാബു പറയുന്നു. പണം തിരികെ നൽകാൻ അവർ സമയം ആവശ്യപ്പെടുകയും ചെയ്തു.
അടുത്ത ദിവസം, ഗോവിന്ദ് ബാബു മഠാധിപതിയെ കണ്ടു താൻ നൽകിയ പണം തിരികെ ചോദിച്ചു. പണം തിരികെ നൽകാമെന്ന് മഠാധിപതി ഉറപ്പു നൽകുകയും പ്രശ്‌നത്തിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു.
അതേ സമയം, ചിക്കമംഗളൂരിലെ വലതുപക്ഷ പ്രവർത്തകൻ കൂടിയായ സുഹൃത്ത് മഞ്ജുവിന്റെ സഹായത്തോടെ ആർഎസ്എസ് നേതാവ് വിശ്വനാഥനെന്ന് അവകാശപ്പെട്ടയാളെ തനിക്ക് കണ്ടെത്താനായെന്ന് ഗോവിന്ദ് ബാബു പരാതിയിൽ പറഞ്ഞു.
വിശ്വനാഥനായി വേഷമിട്ടത് രമേശാണെന്ന് ഗോവിന്ദ് ബാബു കണ്ടെത്തി. ആർഎസ്എസ് നേതാവായി ആൾമാറാട്ടം നടത്താനായി തനിക്ക് 1.2 ലക്ഷം രൂപ വാഗ്ദാനം ചെയ്തതായും വേണ്ട പരിശീലനം നൽകിയതായും രമേഷ് സമ്മതിച്ചതായി ഗോവിന്ദ് ബാബു പൂജാരിയുടെ പരാതിയിൽ പറയുന്നു. ബിജെപിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗമായി അവതരിപ്പിക്കപ്പെട്ട നായിക് ആകട്ടെ ബെംഗളൂരുവിൽ തെരുവോരത്ത് കബാബ് കച്ചവടം നടത്തുന്ന ആളാണ് എന്നും കണ്ടെത്തി.
ഈ വിവരങ്ങൾ അറിഞ്ഞതിനു ശേഷം ഗോവിന്ദ് ബാബു ചൈത്രയോടു സംസാരിച്ചപ്പോൾ, അധോലോകവുമായി തനിക്ക് ബന്ധമുണ്ട് എന്നും ഗോവിന്ദ് ബാബു പൂജാരിയെ ജയിലിലേക്ക് അയക്കുമെന്നും കൊല്ലുമെന്നും ചൈത്ര ഭീഷണിപ്പെടുത്തി.
സെക്ഷൻ 406 (ക്രിമിനൽ വിശ്വാസ വഞ്ചന), 419 (വ്യക്തിപരമായ വഞ്ചന), 420 (വഞ്ചന), 170 (ഏതെങ്കിലും പ്രത്യേക ഓഫീസ് അല്ലെങ്കിൽ പൊതുപ്രവർത്തകനാണെന്ന് ആൾമാറാട്ടം), 506 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ), 120 (ബി) ) (ക്രിമിനൽ ഗൂഢാലോചന) എന്നിവ പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.